കേരള സ്റ്റാർട്ടപ്പുകൾക്ക് മൽസരത്തിൽ നേട്ടം

കൊച്ചി ∙ മേക്കർ വില്ലേജ് – ബോഷ് ഡിഎൻഎ ഇലക്ട്രോണിക്സ് ചലഞ്ചിന്റെ പ്രീ–ഇൻകുബേഷൻ ഘട്ടത്തിലേക്ക് അഖിലേന്ത്യാ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒൻപതു സ്റ്റാർട്ടപ്പുകളിൽ നാലെണ്ണവും കേരളത്തിൽ നിന്ന്.

അഞ്ഞൂറിലേറെ പ്പേരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഒൻപതു ടീമുകൾക്കും ബോഷ് ഇലക്ട്രോണിക്സ് 50,000 രൂപ സീഡ് ഫണ്ടായി നൽകും. കേരള സർക്കാരിന്റെ കീഴിലുള്ള മേക്കർ വില്ലേജ് സ്റ്റാർട്ടപ് ഇൻകുബേറ്ററിൽ പ്രീ ഇൻകുബേഷന് അവസരവും ലഭിക്കും.

വിദ്യാർഥികൾക്കും യുവ ബിരുദധാരികൾക്കും ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള ആശയങ്ങൾ കണ്ടെത്താനും അവ പ്രാവർത്തികമാക്കാനുമുള്ള അവസരമാണു ബോഷ് ഡിഎൻഎ ചലഞ്ച്.

സ്മാർട് മാലിന്യ നിർമാർജനം, നഗരത്തിലെ ഇരുചക്രവാഹനങ്ങളുടെ പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്താനുള്ള സംവിധാനം, വാഹന യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള സെൻസർ ഫ്യൂഷൻ പ്ലാറ്റ്ഫോം തുടങ്ങി സ്മാർട് സിറ്റികളുമായി ബന്ധപ്പെട്ട ആശയങ്ങളാണ് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്.

മൂന്നു മാസത്തിനു ശേഷം ടീമുകളുടെ പ്രവർത്തനം വിലയിരുത്തി വിജയികളെ നിശ്ചയിക്കും.
മേക്കർ വില്ലേജിന്റെയും കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിലെ റോബർട്ട് ബോഷ് എൻജിനീയറിങ് സെന്ററുകളുടെയും സൗകര്യങ്ങൾ ടീമുകൾക്ക് ഉപയോഗിക്കാൻ സാധിക്കുമെന്നു ജനറൽ മാനേജർ സനോജ് സോമസുന്ദരം, മേക്കർ വില്ലേജ് ഓപ്പറേഷൻസ് ഡയറക്ടർ രോഹൻ കലാനി എന്നിവർ പറഞ്ഞു.