മലയാളിക്ക് ഇഷ്ടം മറുനാട്ടിലെ ജോലി

കൊച്ചി ∙ മറുനാട്ടിൽ ജോലി തേടാനാണു മലയാളിക്ക് ഇഷ്ടമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌മോൾ എന്റർപ്രൈസസ് ആൻഡ് ഡവലപ്മെന്റ് (ഐഎസ്ഇഡി) തയാറാക്കിയ പ്രാദേശിക സംരംഭ വികസന ഓഡിറ്റ് റിപ്പോർട്ട്. സ്വയംതൊഴിൽ സംരംഭങ്ങളുടെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളം ഏറെ പിന്നിലാണ്. എന്നാൽ, ഇതര സംസ്ഥാനങ്ങളിലും വിദേശത്തും ജോലി തേടിപ്പോകുന്നവരുടെ എണ്ണം കൂടിവരുന്നു. ഇതു കേരളത്തെ 'വാടക സമ്പദ്ഘടന' എന്ന നിലയിലേക്കു താഴ്ത്തുമെന്നും ഐഎസ്ഇഡി സർക്കാരിനു നൽകിയ റിപ്പോർട്ട് ആശങ്ക പ്രകടിപ്പിക്കുന്നു.

ദേശീയതലത്തിൽ ചതുരശ്ര കിലോമീറ്ററിന് 51 സ്വയംതൊഴിൽ സംരംഭങ്ങളുള്ളപ്പോൾ കേരളത്തിൽ ഇതു ചതുരശ്ര കിലോമീറ്ററിന് 29  മാത്രമാണ്. കേരളത്തെപ്പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനത്തു സ്വയംതൊഴിൽ സംരംഭകരുടെ പങ്ക് കുറയുന്നതു നല്ല സൂചനയല്ല. ജീവിത ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലുള്ള കേരളത്തിൽ സാമൂഹിക സംരംഭങ്ങളിൽ ഊന്നിയുള്ള വികസന തന്ത്രത്തിന് ഏറെ പ്രാധാന്യമുണ്ട്. അധികാര വികേന്ദ്രീകരണത്തിലും മുന്നിട്ടുനിൽക്കുന്ന കേരളത്തിനു ജനപങ്കാളിത്തത്തോടെ ഇത്തരം സംരംഭങ്ങൾ വികസിപ്പിക്കാൻ വൻ സാധ്യതയുണ്ട്. വ്യക്തമായ നയരൂപീകരണം ഉണ്ടാകേണ്ടതുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

സംസ്ഥാന വ്യവസായ - വാണിജ്യ വകുപ്പുകൾ, കെഎസ്ഐഡിസി എന്നിവയ്ക്കു വേണ്ടി തയാറാക്കിയ ഓഡിറ്റ് റിപ്പോർട്ട് കെഎസ്ഐഡിസി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് പ്രകാശനം ചെയ്തു. ഐഎസ്ഇഡി ചെറുകിട സംരംഭ നിരീക്ഷണ കേന്ദ്രത്തിന്റെ വാർഷികവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഐഎസ്ഇഡി ഭരണസമിതി അംഗം ഡോ. എം.കെ. സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഡോ. പി.എം. മാത്യു, ഡോ. എം.പി. സുകുമാരൻ നായർ, ഡോ. പി.വി. വേലായുധൻ, ഡോ. ജെ.എം.ഐ. സേട്ട് എന്നിവർ പ്രസംഗിച്ചു.