Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള വാഹന വിപണിക്ക് എന്തൊരു സ്പീഡ്!

cars-vehicles-automotive-automobile-auto

കൊച്ചി ∙ കേരളത്തിലെ ഓട്ടമൊബീൽ വിപണിക്കു പുതിയ വാഹനങ്ങളുടെ ബുക്കിങ്ങിലും റീട്ടെയിൽ വിൽപനയിലും സ്പീഡ്! നടപ്പു സാമ്പത്തിക വർഷം (2017–18) ആദ്യമാസമായ ഏപ്രിലിൽ 28% വളർച്ച രേഖപ്പെടുത്തി. അഖിലേന്ത്യാ വളർച്ചാനിരക്ക് 17% ആയിരിക്കെയാണു കേരളത്തിൽ 28% നേടിയത്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള പുതുവർഷ കാലയളവിൽ വാഹനങ്ങളുടെ വിൽപനയിൽ 21% വളർച്ചയുമുണ്ട്. ഇക്കൊല്ലം പൊതുവെ 20% വളർച്ച നേടുമെന്നാണു വ്യവസായരംഗത്തെ അനുമാനം. കഴിഞ്ഞ സാമ്പത്തികവർഷം മുൻ വർഷത്തെ അപേക്ഷിച്ച് 14% മാത്രമായിരുന്നു വളർച്ച.

എല്ലാതരം മോഡൽ വാഹനങ്ങളുടെ വിൽപനയിലും ബുക്കിങ്ങിലും കുത്തനെയുള്ള കയറ്റമാണു രേഖപ്പെടുത്തുന്നത്. കേരളത്തിൽ ആകെ വാഹന വിപണിയുടെ 53% കൈപ്പിടിയിലുള്ള സുസുക്കിക്ക് ഏപ്രിലിൽ വാഹന വിൽപനയിൽ 47% വളർച്ചയാണുണ്ടായിരിക്കുന്നത്. സുസുക്കി ഉൾപ്പെടെ എല്ലാ വാഹന കമ്പനികളും പുതിയ മോഡലുകൾ ഇറക്കുകയും പഴയവ പരിഷ്കരിക്കുകയും പുതിയ ഡീലർഷിപ്പുകൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇനി ജിഎസ്ടിയുടെ വരവും കൃത്യമായ മഴ മൂലം ഗ്രാമങ്ങളിലെ കാർഷികാഭിവൃദ്ധിയും പരിഗണിക്കുമ്പോൾ വരുംമാസങ്ങളിൽ ഇതിലേറെ വളർച്ചയാണു പ്രതീക്ഷിക്കപ്പെടുന്നത്.

ഇക്കൊല്ലം ഏപ്രിൽ മാസത്തിൽ എല്ലാ കമ്പനികളും കൂടി വിറ്റത് 19,223 വാഹനങ്ങളാണ്. 2016 ഏപ്രിലിൽ 14,982 വാഹനങ്ങൾ വിറ്റ സ്ഥാനത്താണിത്. 28% അധികം. സുസുക്കി കഴിഞ്ഞ വർഷം കേരളത്തിൽ 1,18,195 വാഹനങ്ങൾ റോഡുകളിലെത്തിച്ചു. അതിൽ 27,155 എണ്ണം ഓൾട്ടോ കാറുകളായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായ്ക്ക് 2016 ജനുവരി മുതൽ ഡിസംബർ വരെ 29,905 വണ്ടികളുടെ വിൽപനയുണ്ടായി.

കേരളത്തിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന 10 മോഡലുകളിൽ ആദ്യ അഞ്ചെണ്ണം സുസുക്കിയുടേതാണ്. ഓൾട്ടോ, വാഗണ്‍ ആർ, സ്വിഫ്റ്റ്, സെലേറിയോ, ഡിസയർ. ആറാം സ്ഥാനത്ത് റെനോയുടെ ക്വിഡ്. ഏഴും എട്ടും സ്ഥാനങ്ങളിൽ ഹ്യുണ്ടായുടെ ഇയോണും ഐ ടെൻ ഗ്രാൻഡും. ഒൻപത്, പത്ത് സ്ഥാനങ്ങളിൽ വീണ്ടും സുസുക്കിയുടെ ബലെനോയും ബ്രെസയും.

നിലവിൽ വാഹനങ്ങളുടെ വാറ്റ് നികുതി 12.5 ശതമാനമാണ്. കാറുകളുടെ ശരാശരി വില ആറു ലക്ഷം കണക്കാക്കിയാൽ സർക്കാരിന് ഒരു കാർ വിൽക്കപ്പെടുമ്പോൾ ശരാശരി 75,000 രൂപ ലഭിക്കുന്നു. പുതിയ വാഹനങ്ങൾക്ക് ഈടാക്കുന്ന 15 വർഷത്തെ വാഹന നികുതി ഇതിനു പുറമേയാണ്. ബസ് പോലുള്ള വലിയ വാഹനങ്ങൾക്കു മൂന്നു മാസം കൂടുമ്പോൾ നികുതി അടയ്ക്കണം. നികുതിക്കു പുറമേ സെസും പലവിധ ഫീസുകളും വരുമാനമായി ലഭിക്കുന്നു. കഴിഞ്ഞവർഷം വാഹന നികുതി ഇനത്തിൽ 3026.4 കോടി രൂപ ലഭിച്ചു. ഇക്കൊല്ലം മോട്ടോർ വാഹന വകുപ്പിന്റെ ലക്ഷ്യം 3890 കോടി രൂപ വരുമാനമാണ്.

വാഹന നികുതി വരുമാനം ഇരട്ടിയായി

കൊച്ചി ∙ അഞ്ചു വർഷം കൊണ്ട് വാഹന നികുതിയിൽ നിന്നുള്ള വരുമാനം ഇരട്ടിയായി വർധിച്ചു. കേരളത്തിൽ റജിസ്റ്റർ ചെയ്ത ആകെ വാഹനങ്ങളുടെ എണ്ണം ഒരു കോടി 10 ലക്ഷം കവിയുകയും ചെയ്തു. ടു വീലർ ഉൾപ്പെടെ ഓരോ വർഷവും എട്ടു ലക്ഷത്തിലേറെ വാഹനങ്ങൾ വിപണിയിലെത്തുന്നു. കേരളത്തിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കു പുറമേ അതിന്റെ 25% വാഹനങ്ങൾ പുറത്തുനിന്നു വരുന്നുമുണ്ട്.

വാഹന നികുതിയിൽ നിന്നു സംസ്ഥാന ഗവൺമെന്റിന്റെ വരുമാനം 2012–13ൽ 1831 കോടിയായിരുന്നെങ്കിൽ 2016–17 സാമ്പത്തികവർഷം അത് 3026 കോടിയായി വർധിച്ചു. നടപ്പു സാമ്പത്തിക വർഷം (2017–18) ലക്ഷ്യം 3890 കോടിയാണ്. 2012ലെ വരുമാനത്തിന്റെ ഇരട്ടിയിലേറെ. മോട്ടോർ വാഹന വകുപ്പിൽ ജീവനക്കാർ 2000 മാത്രമാണ്. ആളോഹരി സൃഷ്ടിക്കുന്ന വരുമാനം കണക്കാക്കിയാൽ ഓരോ ജീവനക്കാരനും സർക്കാരിനു രണ്ടുകോടിയോളം വരുമാനം ഉണ്ടാക്കുന്നുണ്ട്.

ഇന്ത്യയിലാകെ വിപണിയിൽ ഉണർവ്

ദേശീയതലത്തിലും വാഹന വിപണിയിൽ ഏപ്രിൽ ആവേശം പകർന്നു. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഏപ്രിലിൽ വിറ്റത് 1.51 ലക്ഷം വാഹനങ്ങളാണ്. 2016 ഏപ്രിലിലെ വിൽപനയെക്കാൾ 1.26 ലക്ഷം. വർധന 19.5%.

വലിയ കാറുകളിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ടൊയോട്ടയ്ക്കും നേട്ടമുണ്ട്. പുതിയ ഇന്നോവയും ഫോർച്യൂണറും ഇറങ്ങിയതു വിൽപനയ്ക്കു കുതിപ്പേകി. ടൊയോട്ട ഏപ്രിലിൽ വിറ്റത് 12,948 വാഹനങ്ങൾ. മുൻ വർഷം 8529 വിറ്റ സ്ഥാനത്താണിത്. വർധന 52%.

എല്ലാ വാഹന കമ്പനികളും ഏറെ പ്രതീക്ഷയോടെയാണു വിപണിയെ നോക്കുന്നത്. മഴ നന്നായി ലഭിച്ചാൽ സംസ്ഥാനങ്ങളിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ഉയരുമെന്നും വർധിച്ച വാഹന വിൽപനയിലേക്കു നയിക്കുമെന്നും എല്ലാവരും പ്രതീക്ഷിക്കുന്നു. പുതിയ മോഡലുകളും പഴയവയുടെ പരിഷ്കരിച്ച പതിപ്പുകളും ഇറക്കുന്നത് ഈ ആവേശം മുന്നിൽ കണ്ടാണ്.