വിദേശ ഇന്ത്യക്കാർ നാട്ടിലേക്ക് അയച്ചത് 4 ലക്ഷം കോടി രൂപ

ന്യൂയോർക്ക് ∙ വിദേശ ഇന്ത്യക്കാർ കഴിഞ്ഞ വർഷം ഇന്ത്യയിലേക്ക് അയച്ചത് 6270 കോടി ഡോളർ (ഉദ്ദേശം നാലു ലക്ഷം കോടി രൂപ). ചൈനയെ കടത്തിവെട്ടി ഇന്ത്യ ഒന്നാമതെത്തുകയും ചെയ്തു. 6100 കോടി ഡോളറുമായി ചൈന രണ്ടാം സ്ഥാനത്തും, 3000 കോടി ഡോളറുമായി ഫിലിപ്പീൻസ് മൂന്നാം സ്ഥാനത്തുമാണ്.

ആഗോളതലത്തിൽ 20 കോടി ആളുകൾ പുറം രാജ്യങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. ഇവരെ ആശ്രയിച്ചു കഴിയുന്നത് ഏകദേശം 80 കോടി കുടുംബങ്ങളും. ഇവർ സ്വന്തം രാജ്യങ്ങളിലേക്ക് കഴിഞ്ഞ വർഷം അയച്ചത് 44500 കോടി ഡോളറാണെന്ന് യുഎൻ ഇന്റർനാഷനൽ ഫണ്ട് ഫോർ അഗ്രികൾച്ചർ ഡവലപ്മെന്റ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. 2007 മുതൽ 2016 കാലയളവിലെ നിക്ഷേപത്തെക്കുറിച്ചുള്ളതാണ് റിപ്പോർട്ട്. നിക്ഷേപത്തിന്റെ 80% ലഭിച്ചത് ഇന്ത്യ ഉൾപ്പെടെ 23 രാജ്യങ്ങൾക്കാണ്.

2007 ൽ വിദേശ ഇന്ത്യക്കാർ ഇന്ത്യയിലേക്ക് അയച്ചത് 3720 കോടി ഡോളറായിരുന്നു. അന്ന് രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഏഷ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ മറ്റു  വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നത്; 7.7 കോടി. വർധന 33%. മൊത്തം നിക്ഷേപത്തിന്റെ 55% എത്തുന്നതും ഏഷ്യയിലാണ്.

വികസ്വര രാജ്യങ്ങളിലേക്ക്  അയയ്ക്കുന്ന തുകയിൽ 10 വർഷത്തിനുള്ളിൽ 51 ശതമാനം വളർച്ചയുമുണ്ടായി.