കെഎസ്‌ഐഡിസി യുവ സംരംഭക സംഗമം സെപ്റ്റംബർ 12ന്

തിരുവനന്തപുരം∙ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷന്റെ (കെഎസ്‌ഐഡിസി) നേതൃത്വത്തിൽ  യുവ സംരംഭക സംഗമം– യെസ് 3ഡി 2017 സെപ്റ്റംബർ 12നു കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സംഗമത്തിന്റെ ലോഗോയും വെബ്‌സൈറ്റും മന്ത്രി എ.സി. മൊയ്തീൻ പ്രകാശനം ചെയ്തു.  യുവാക്കളെ തൊഴിൽഅന്വേഷകരിൽ നിന്നു തൊഴിൽദാതാക്കളാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണു യുവ സംരംഭക സംഗമം സംഘടിപ്പിക്കുന്നതെന്നു മന്ത്രി പറഞ്ഞു.  

യുവ സംരംഭകർക്കും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി സംരംഭകർക്കുമാണു സംഗമത്തിൽ പങ്കെടുക്കാൻ അവസരം. ദേശീയതലത്തിലുള്ള ഇൻക്യുബറ്റേഴ്സ്, സ്റ്റാർട്ട് അപ്പുകൾ, ഏഞ്ചൽസ്, വിജയിച്ച സ്റ്റാർട്ടപ് സംരംഭകർ, വ്യവസായികൾ, വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ എന്നിവർക്ക് ആശയവിനിമയം നടത്താനും അവസരമുണ്ടാകും.

അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആന്റണി, കെഎസ്‌ഐഡിസി എംഡി. ഡോ. എം.ബീന, വ്യവസായസെക്രട്ടറി സഞ്ജയ് കൗൾ, കെഎസ്‌ഐഡിസി ഡിജിഎം. ജി.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.