അടുത്ത സ്പെക്ട്രം ലേലം; 5 ജി ഇന്റർനെറ്റിന് വഴിയൊരുങ്ങുന്നു

ന്യൂഡൽഹി ∙ രാജ്യത്ത് അതിവേഗ ഇന്റർനെറ്റ് സേവനമായ 5 ജി ലഭ്യമാക്കാനൊരുങ്ങി ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്). ഒൻപതു ബാൻഡുകളുടെ ലേലത്തിനായുള്ള നിർദേശങ്ങൾ ട്രായ് തേടി. ഇതിൽ കഴിഞ്ഞ ലേലത്തിൽ വിൽക്കാത്ത റേഡിയോ തരംഗങ്ങളുടെ 60 ശതമാനവും രണ്ടു പുതിയ ബാൻഡുകളിലെ 250 മെഗാഹെട്സ് സ്പെക്ട്രവും ഉൾപ്പെടും.

ഈ വർഷംതന്നെ നടത്തുന്ന അടുത്ത ലേലത്തിൽ 700, 800, 900, 1800, 2100, 2300, 2500, 3300–3400, 3400–3600 മെഗാഹെട്സ് ബാൻഡുകളിലെ സ്പെക്ട്രങ്ങളുടെ ലേലം നടത്താനാണു പദ്ധതിയെന്നു ട്രായ് അറിയിച്ചു. ബാൻഡുകളുടെ വിലയടക്കമുള്ള കാര്യങ്ങൾ നിശ്ചയിക്കണമെന്നു ടെലികോം മന്ത്രാലയം ട്രായിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 3300–3400, 3400–3600 മെഗാഹെട്സ് സ്പെക്ട്രങ്ങൾ ആദ്യമായാണു മൊബൈൽ സേവനങ്ങൾക്കായി നൽകുന്നത്. ഇവ 5 ജി ടെലികോം സേവനങ്ങൾക്ക് അനുയോജ്യമാണ്. 5.66 ലക്ഷം കോടി രൂപ ലക്ഷ്യമിട്ടു നടത്തിയ കഴിഞ്ഞ തവണത്തെ ലേലത്തിൽ 65,789 കോടി രൂപയുടെ സ്പെക്ട്രമേ വിറ്റുപോയുള്ളൂ.