കേന്ദ്രം നഷ്ടം നികത്തുമെങ്കിൽ പെട്രോളിനു ജിഎസ്ടിയാകാം: തോമസ് ഐസക്

തിരുവനന്തപുരം ∙ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം കേന്ദ്രസർക്കാർ പരിഹരിക്കുമെങ്കിൽ പെട്രോളിനും ഡീസലിനും ജിഎസ്ടി ചുമത്തുന്നതിൽ വിരോധമില്ലെന്നു മന്ത്രി തോമസ് ഐസക്. ഇപ്പോഴുള്ള കേന്ദ്ര, സംസ്ഥാന നികുതികൾക്കു പകരം ജിഎസ്ടി ചുമത്തുന്നതോടെ 1000 കോടിയിലേറെ രൂപ സംസ്ഥാനത്തിനു നഷ്ടമാകും. 

സംസ്ഥാനങ്ങളുടെ അഭിപ്രായ ഐക്യം മാത്രമാണ് ഇക്കാര്യത്തിൽ വേണ്ടത്. ആത്മാർഥതയുണ്ടെങ്കിൽ പെട്രോളിയം ഉൽപന്നങ്ങളുടെ വർധിപ്പിച്ച നികുതി കുറയ്ക്കാൻ കേന്ദ്രസർക്കാർ തയാറാകണം. എങ്കിൽ പെട്രോളിന്റെ കേരളത്തിലെ നികുതി ലീറ്ററിന് ആറു രൂപ കുറയും. കേന്ദ്രം നികുതി കുറയ്ക്കാതെ വിലവർധനയുടെ പാപഭാരം മറ്റുള്ളവരുടെ മേൽ കെട്ടിവയ്ക്കുന്നതു ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടിയിലെ ഏറ്റവും ഉയർന്ന നിരക്കായ 28 ശതമാനം ചുമത്തിയാൽ പോലും പെട്രോൾ ലീറ്ററിന് 45 രൂപയ്ക്കു ലഭിക്കും.

ഇന്ധന നികുതി: നിലപാടിലുറച്ച് കേരളം

തിരുവനന്തപുരം∙ ഓരോ സംസ്ഥാനങ്ങളായി നികുതി കുറയ്ക്കുമ്പോഴും ഇന്ധന നികുതി കുറയ്ക്കില്ലെന്ന ഉറച്ച നിലപാടിൽത്തന്നെ കേരളം. കേന്ദ്രം പലപ്പോഴായി കൂട്ടിയ നികുതി മുഴുവൻ പിൻവലിച്ചാലേ തങ്ങൾ നികുതി കുറയ്ക്കാൻ തയാറാകൂവെന്ന നിലപാടിൽ മാറ്റമില്ല.

ഇപ്പോൾ ആന്ധ്രപ്രദേശിൽ മാത്രമാണു കേരളത്തെക്കാൾ ഇന്ധന വിലയുള്ളത്. ആന്ധ്രയും വൈകാതെ നികുതി കുറയ്ക്കാനാണു സാധ്യത.  കടുംപിടിത്തം തുടർന്നാൽ തമിഴനാട്, കർണാടക അതിർത്തി പ്രദേശങ്ങളിൽനിന്നുള്ള ഇന്ധന നികുതി വരുമാനം സംസ്ഥാന സർക്കാരിനു നഷ്ടമാകും. ചരക്കു വാഹനങ്ങളടക്കം അയൽ സംസ്ഥാനങ്ങളിൽനിന്ന് ഇന്ധനം നിറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്.