24 കാരറ്റ് സ്വർണം ഹാൾമാർക്കിങ്: ബിഐഎസിന് ചുമതല

ന്യൂഡൽഹി ∙ 24 കാരറ്റ് സ്വർണത്തിന്റെ ഹാൾ മാർക്കിങ് നിലവാരം നിർണയിക്കുന്നതിനു സർക്കാർ, ഗുണനിലവാര നിർണയ ബ്യൂറോയെ (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് – ബിഐഎസ്) ചുമതലപ്പെടുത്തി. നിലവിൽ 14,18, 22 കാരറ്റ് സ്വർണത്തിനു ബിഐഎസ് ഹാൾ മാർക്കിങ് നിലവാരം നിർണയിച്ചിട്ടുണ്ട്.

മുൻപ് 24 കാരറ്റ് സ്വർണമുപയോഗിച്ച് ആഭരണം നിർമിക്കാനാവില്ലായിരുന്നുവെന്ന് ഉപഭോക്തൃകാര്യ മന്ത്രി റാം വിലാസ് പാസ്വാൻ പറഞ്ഞു. ഇപ്പോൾ ഇതിനുള്ള സാങ്കേതികവിദ്യ വിദേശ രാജ്യങ്ങളിലുണ്ട്. ഇതേസമയം, 24 കാരറ്റ് സ്വർണത്തിനു നിലവാര മാനദണ്ഡങ്ങൾ സാധ്യമാണോയെന്നു പഠിക്കാൻ ആദ്യം പഠനം വേണ്ടിവരുമെന്നു ബിഐഎസ് ഡയറക്ടർ ജനറൽ സുരിന രാജൻ പറഞ്ഞു.

രാജ്യത്തു നാലു ലക്ഷത്തോളം ജ്വല്ലർമാരുണ്ട്. നിലവിൽ 21,692 പേർക്കാണു ഹാൾ മാർക്കിങ് ലൈസൻസുള്ളത്. സ്വർണാഭരണങ്ങൾക്കു ഹാൾ മാർക്ക് നിർബന്ധിതമാക്കിയിട്ടില്ല. പരിശോധനാ ലാബുകളുടെ എണ്ണവും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിച്ചു ഹാൾ മാർക്കിങ് നിർബന്ധമാക്കാനാണു ശ്രമം.