Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അക്ഷയ തൃതീയ ഇന്ന്: ഓണ്‍ലൈന്‍ വിപണിയിലും സ്വര്‍ണം വാങ്ങാന്‍ തിരക്ക്

kottayam-gold ഇങ്ങനെ തിളങ്ങട്ടെ: അക്ഷയതൃതീയയ്ക്കു സ്വർണം സ്വന്തമാക്കാൻ ഇന്നലെത്തന്നെ സ്വർണക്കടകളിൽ തിരക്കു തുടങ്ങി. ഇന്നു വാങ്ങാനായി ആഭരണങ്ങൾ ബുക്ക് ചെയ്‌ത് ഉറപ്പാക്കിയവരുമുണ്ട്. ഇതിനായി പ്രത്യേക കൗണ്ടറുകൾ ജ്വല്ലറികളിൽ തുറന്നിട്ടുണ്ട്. ഇന്നു പതിവിലുംനേരത്തേ മിക്ക സ്വർണക്കടകളും തുറക്കും. ചിത്രം: റിജോ ജോസഫ്∙ മനോരമ

കൊച്ചി ∙ അക്ഷയ തൃതീയ പ്രമാണിച്ച് ഫോണിലൂടെ സ്വർണം വാങ്ങുന്നവരുടെ എണ്ണം കൂടിയതോടെ ഓൺലൈൻ സ്വർണവിപണിയിൽ മൽസരം കടുത്തു.

ഏഴു മുതൽ 70 ശതമാനം വരെ വിലക്കിഴിവു പ്രഖ്യാപിച്ചാണു പ്രമുഖ ഓൺലൈൻ സൈറ്റുകൾ സ്വർണവും വെള്ളിയും പ്ലാറ്റിനവും വജ്രവും വിൽക്കുന്നത്. ആമസോൺ, ഫ്ലിപ്കാർട് തുടങ്ങിയ പ്രമുഖ ഇ– കൊമേഴ്സ് സ്ഥാപനങ്ങൾക്കൊപ്പം പേയ്ടിഎം, ഫോൺപേ തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ് കമ്പനികളും സ്വർണവിൽപനയുമായി രംഗത്തുണ്ട്. കേരളത്തിലെ പ്രമുഖ ജ്വല്ലറികളുടെ സ്വർണ, വജ്രാഭരണങ്ങളും ഓൺലൈൻ സൈറ്റുകളിൽ ലഭ്യമാണ്.

70 പ്രമുഖ ജ്വല്ലറി ബ്രാൻഡുകളുടെ  ആഭരണങ്ങളുടെ നിരയാണ് ആമസോൺ ഫാഷനിലുള്ളത്. 14 ന് ആരംഭിച്ച പ്രത്യേക ഓഫറുകൾ ഇന്നും കൂടിയുണ്ട്. 

ജോയ്ആലുക്കാസ്, മലബാർ ഗോൾഡ്, കല്യാൺ,  തനിഷ്‌ക് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ആഭരണങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണ നാണയങ്ങൾക്ക് 15 ശതമാനം ഇളവുണ്ട്. 

30 ശതമാനം വരെയാണ് ഫ്ലിപ്കാർട് സ്വർണത്തിനു നൽകുന്ന ഓഫർ. പ്ലാറ്റിനം ആഭരണങ്ങൾക്ക് 50 ശതമാനം ഇളവുണ്ട്. ഡയമണ്ട് ആഭരണങ്ങളും വിലക്കുറവിൽ ലഭിക്കും. സ്വർണത്തിൽ തീർത്ത പൂജാസാമഗ്രികൾ, സ്വർണ ബാർ, നാണയങ്ങൾ എന്നിവയ്ക്കും പ്രത്യേക ഓഫറുണ്ട്. 

ഡിജിറ്റൽ‌ പേയ്മെന്റ് കമ്പനിയായ ഫോൺപേ 24 കാരറ്റ് സ്വർണവുമായാണ് ഓൺലൈൻ വിപണിയിലുള്ളത്. തൽസമയം സ്വർണവില നോക്കി ഉപയോക്താക്കൾക്ക് സ്വർണം വാങ്ങാനുള്ള സംവിധാനം ആപ്പിലുണ്ട്. 15 മുതൽ ഇന്നുവരെയുള്ള അക്ഷയതൃതീയ വിൽപനയിൽ 5000 രൂപയുടെ കാഷ് ബാക്കാണ് ഓഫർ. 24 കാരറ്റ് സ്വർണം വാങ്ങുമ്പോൾ 5000 രൂപയുടെ സ്വർണമാണ് പേയ്ടിഎം ഉപയോക്താക്കൾക്കു നൽകുന്നത്. 

അക്ഷയ തൃതീയയോട് ഏറ്റവും അടുത്ത ദിവസം തന്നെ ആഭരണങ്ങൾ എത്തിക്കാനുള്ള സംവിധാനവും ഇ–കൊമേഴ്സ് കമ്പനികൾ ഏർപ്പെടുത്തി.  സ്വർണം ഡെലിവറിക്ക് കൂടുതൽ സുരക്ഷിതമായ ലോജിസ്റ്റിക്സ് സൗകര്യങ്ങളും  കമ്പനികൾ ഒരുക്കിയിട്ടുണ്ട്. ആദ്യമായാണ് അക്ഷയ തൃതീയയ്ക്ക് ഇ–കൊമേഴ്സ് കമ്പനികളുടെ മൽസരം ഇത്രയും ശക്തമാകുന്നത്.

അതേസമയം, ഓൺലൈനിലൂടെയുള്ള സ്വർണ വ്യാപാരം താരതമ്യേന വളരെക്കുറവാണെന്നും വ്യാപാരികൾക്ക് ആശങ്കയില്ലെന്നും ഓൾ കേരളാ ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. രണ്ടു ഗ്രാമിൽ താഴെ വരുന്ന ആഭരണങ്ങളാണ് ഓൺലൈൻ സൈറ്റുകളിലൂടെ കൂടുതലും വിൽക്കുന്നത്. ട്രാൻസിറ്റ്, ഇൻഷുറൻസ് ചെലവുകൾ കൂടിയാകുമ്പോൾ ഓൺലൈനിലെ ഓഫർ വിലയും സ്വർണക്കടകളിലെ വിലയും തമ്മിൽ വ്യത്യാസമില്ലാതാകും.

ഉയരുന്നു സ്വർണത്തിന്റെ നിക്ഷേപമൂല്യം

കൊച്ചി ∙ അക്ഷയ തൃതീയയ്ക്കു സ്വർണം വാങ്ങിയാൽ ഐശ്വര്യമുണ്ടാകുമെന്ന വിശ്വാസത്തെക്കാൾ, നിക്ഷേപം എന്ന നിലയിൽ സ്വർണത്തിനുള്ള സ്വീകാര്യത കൂടിയാണു സ്വർണവിപണിയെ ഉണർത്തുന്നത്. നിക്ഷേപത്തിനായി വാങ്ങുന്ന 24 കാരറ്റ് സ്വർണത്തിന് 2008 ലെ അക്ഷയതൃതീയയേക്കാൾ 166 ശതമാനം വിലവർധനയുണ്ട്. 

ആഭരണമായി വാങ്ങുന്ന സ്വർണത്തിനും ഇതേ അനുപാതത്തിൽ വർധനയുണ്ട്. 2008 ലെ അക്ഷയതൃതീതീയ ദിനത്തിൽ പവന് 9000 രൂപയായിരുന്ന സ്വർണവില 2018 ൽ 23,200 രൂപയിലെത്തി.