Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർണം തിളങ്ങുന്നത് ഇലക്ട്രോണിക്സിൽ

GOLD-DEMAND/WGC

സ്വർണത്തിനു വിപണിയിൽ ഡിമാൻഡ് കുറഞ്ഞപ്പോൾ തിളക്കം നിലനിർത്തിയത് സ്മാർട്ഫോൺ അടക്കമുള്ള ഇലക്ട്രോണിക്സ് വ്യവസായം. ജനുവരി– മാർച്ച് കാലയളവിൽ ഇന്ത്യയുൾപ്പെടെ മിക്ക രാജ്യങ്ങളിലും സ്വർണാഭരണവിൽപന മുൻ കൊല്ലം ഇതേ കാലത്തെക്കാൾ താഴ്ന്നു. സ്വർണ നാണയം– ബാർ വിൽപനയും താഴുകയായിരുന്നു. സ്വർണാധിഷ്ഠിത മ്യൂച്വൽഫണ്ട് നിക്ഷേപമായ ഗോൾഡ് ഇടിഎഫുകളിലെ ഇടിവ് 66 ശതമാനമാണ്. ഇലക്ട്രോണി‍ക്സ് വ്യവസായരംഗത്താകട്ടെ ഡിമാൻഡ് 5% ഉയർന്നു.

ലോകവിപണിയിലാകെ 7% ഇടിവാണു സ്വർണ ബിസിനസിൽ. ആഭരണ വിപണിയിൽ ഒരു ശതമാനം ഇടിവ്. ആഗോള ആഭരണ ഡിമാൻഡ് 2017 ആദ്യ മൂന്നു മാസം 491.6 ടൺ ആയിരുന്നത് ഇക്കൊല്ലം 487.7 ടൺ ആയി. ഇന്ത്യൻ ആഭരണ വിപണിയിൽ 12% വിൽപനക്കുറവുണ്ടായി. 99.2 ടൺ വിറ്റ സ്ഥാനത്ത് ഇക്കുറി 87.7ടൺ ആയി. വൻ തകർച്ചയിൽനിന്ന് ആഗോള ആഭരണവിപണിയെ പിടിച്ചുനിർത്തിയത് ചൈനയാണ്. മുൻകൊല്ലത്തെക്കാൾ 7% വളർച്ചയോടെ 188 ടൺ സ്വർണം അവിടെ വിറ്റഴിഞ്ഞു. കഴിഞ്ഞ ഏതാനും വർഷത്തെ ശരാശരി ത്രൈമാസ വിൽപന 592 ടൺ ആണെന്നിരിക്കെ ഇക്കൊല്ലത്തെ സ്ഥിതി എന്തായാലും ശോഭനമല്ല.

ഇന്ത്യയിലും ഗൾഫിലും ഇടിവ്

രൂപയുടെ വിലയിടിഞ്ഞത് സ്വർണത്തിന്റെ വില കൂടാനിടയാക്കിയിട്ടുണ്ട്. ഇതും ശുഭമുഹൂർത്തദിനങ്ങളുടെ എണ്ണം ഇക്കൊല്ലം ജനുവരി–മാർച്ച് കാലത്തു കുറവായിരുന്നതും ഇന്ത്യൻ വിപണിയെ ബാധിച്ചു. വമ്പൻ വ്യാപാരശാലകളിലെ കച്ചവടം ചെറുകിടക്കാരെക്കാൾ വളരുന്നു എന്നും ലോക ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പറയുന്നു.

സ്വർണാഭരണങ്ങൾക്ക് 5% നികുതി (വാറ്റ്) ഏർപ്പെടുത്തിയത് യുഎഇയിൽ സ്വർണവ്യാപാരത്തെ സാരമായി ബാധിച്ചു. 23% ഇടിവാണ് മുൻകൊല്ലം ഇതേ കാലയളവിലെ വിൽപനയെക്കാൾ.10.5 ടൺ ആണ് ഇക്കൊല്ലം ജനുവരി–മാർച്ച് ഡിമാൻഡ്. സ്വർണം വാങ്ങാനെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞതും യുഎഇ വിപണിയെ ബാധിച്ചു.

നിക്ഷേപമെന്ന നിലയിൽ സ്വർണനാണയവും ബാറും വാങ്ങി സൂക്ഷിക്കുന്നതിൽ കാര്യമായ ഇടിവാണു ലോകമെങ്ങും.ഏറ്റവും വലിയ മാർക്കറ്റായ ചൈനയിൽ 26% ഇടിവുണ്ടായി. 78 ടൺ ആണ് ഇക്കുറി വ്യാപാരം.

ഇന്ത്യയിൽ കള്ളപ്പണം പിടിക്കപ്പെടാനുള്ള സാധ്യതകൾ ശക്തമായതോടെ നാണയം–ബാർ വിപണി പ്രതിസന്ധിയിലാണെന്നു ഗോൾഡ് കൗൺസിൽ റിപ്പോർട്ട് പറയുന്നു. 13% ഇടിവോടെ 27.9 ടൺ ആണ് ഇക്കുറി രാജ്യത്തെ നാണയം– ബാർ കച്ചവടം. റിയൽ എസ്റ്റേറ്റ് രംഗത്തെ ഇടിവും സ്വർണവിപണിയെ ബാധിച്ചു.

ഡിജിറ്റൽ വിൽപന വളരുന്നു

ഡിജിറ്റൽ പണമിടപാടു മാർഗങ്ങളിലൂടെ സ്വർണക്കച്ചവടം ഇക്കുറി ഉഷാറായി. മൊബൈൽ വോലറ്റ് ആയ പേയ്ടിഎം വഴി ഇക്കുറി അക്ഷയതൃതീയയ്ക്കു 20 കിലോഗ്രാം സ്വർണം വിറ്റഴിഞ്ഞപ്പോൾ ഡിജിറ്റൽ പേയ്മെന്റ് കമ്പനി ഫോൺപേ വിറ്റത് 45 കിലോഗ്രാമിലേറെ സ്വർണം. 

ചിപ്, കാർഡ്, സെൻസർ... സ്വർണം വേണം

ആഭരണ– നിക്ഷേപ രംഗങ്ങളിൽ ലോകമെങ്ങും ആശങ്കയോ തളർച്ചയോ ഉണ്ടെങ്കിലും ഇലക്ട്രോണി‍ക്സ് വ്യവസായരംഗത്ത് ഡിമാൻഡ് ഉയരുകയാണ്. കഴിഞ്ഞ ഒന്നര വർഷമായി ഇതാണു സ്ഥിതി. മെമ്മറി ചിപ്, സർക്കീട്ട് ബോർഡ്, ഗ്രാഫിക് കാർഡ്, സ്മാർട്ഫോണിലെ 3ഡി സെൻസർ, ചലനങ്ങൾ തിരിച്ചറിയുന്ന സംവിധാനം എന്നിവയുടെ നിർമാണത്തിലൊക്കെ സ്വർണം അവശ്യഘടകമായി. 5ജി നെറ്റ്‌വർക്ക് വ്യാപകമാകുന്നതോടെ ഇനിയും ഡിമാൻഡ് ഉയരും. ക്ലൗഡ് സ്റ്റോറേജിന്റെ വ്യാപനവും സ്വർണ ഉപയോഗം കൂട്ടും. 

അതേസമയം, സ്വർണം ഉപയോഗിച്ചുവന്നിരുന്ന എൽഇഡി വ്യവസായം സ്വർണം വേണ്ടാത്തതോ കുറവുള്ളതോ ആയ നിർമാണരീതിയിലേക്കു മാറുകയാണെന്നും ഗോൾഡ് കൗൺസിൽ നിരീക്ഷിക്കുന്നു. മൊത്തത്തിൽ സാങ്കേതിക വ്യവസായ രംഗം ജനുവരി–മാർച്ച് കാലത്ത് 82 ടൺ സ്വർണം ഉപയോഗിച്ചു (വർധന 4%). ഇതിൽ 65.3 ടൺ ഇലക്ട്രോണിക്സിലാണ്. ഇലക്ട്രോണിക്സ് രംഗത്തെ സ്വർണഉപയോഗത്തിൽ 5% വർധനയുണ്ട്.