സ്വർണമേ, ഇതെങ്ങോട്ട്?

gold
SHARE

കൊച്ചി∙ കേരളത്തിൽ പുതിയ ചരിത്രമെഴുതി സ്വർണവില. ഏറ്റവും ഉയർന്ന വിലയിലാണ് ഇപ്പോൾ സ്വർണവ്യാപാരം നടക്കുന്നത്. വിവാഹ സീസണോടനുബന്ധിച്ച് ഉപയോക്താക്കളിൽനിന്നും അതുവഴി കച്ചവടക്കാരിൽ നിന്നുമുള്ള ഡിമാൻഡ് ഉയർന്നതാണു വില റെക്കോർഡിലെത്താൻ കാരണം. രാജ്യാന്തര ഘടകങ്ങളും സ്വർണവിലയെ സ്വാധീനിച്ചു.ഗ്രാമിന് 3,050 രൂപയും പവന് 24,400 രൂപയുമാണു വില. 2012 നവംബർ 27ലെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

കഴിഞ്ഞദിവസം മാത്രം ഗ്രാമിന് 50 രൂപയാണ് ഉയർന്നത്. പവന് 400 രൂപ കൂടി. രാജ്യാന്തര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് (31.1 ഗ്രാം) 1304 രൂപയായി ഉയർന്നു. 1281 ഡോളറിൽ നിന്നാണ് ഒരു ദിവസംകൊണ്ട് വില ഉയർന്നത്. രാജ്യാന്തര വിപണിയിലുണ്ടായ 30 ഡോളർ കയറ്റവും ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചു.രൂപയുടെ വിനിമയ നിരക്കിലുണ്ടാകുന്ന വ്യത്യാസങ്ങളും സ്വർണവിലയെ ബാധിക്കുന്നുണ്ട്. സ്വർണത്തിനൊപ്പം വെള്ളിവിലയും ഉയരുകയാണ്.

∙ഒരു മാസം, 1000 രൂപ

gold-graph

പുതുവർഷത്തിൽ പടിപടിയായി വില ഉയർന്നതോടെയാണു സ്വർണവില പുതിയ ഉയരത്തിലെത്തിയത്. പവന് ഒരു മാസംകൊണ്ട് ഉയർന്നത് 960 രൂപ. 23,440 രൂപയായിരുന്നു, 2018 ഡിസംബർ 31 ന് ഒരു പവൻ സ്വർണത്തിന്റെ വില (ഗ്രാമിന് 29,30 രൂപ). എന്നാൽ 15 ദിവസത്തിനുള്ളിൽ വില പവന് 24,000 കടന്നു. 15 ദിവസംകൊണ്ടു കൂടിയത് 680 രൂപ. അതേസമയം ഡിസംബർ ആദ്യം 22,520 രൂപയായിരുന്നു സ്വർണവില. രണ്ടുമാസം കൊണ്ട് വർധന 1,880 രൂപ.

∙റെക്കോർഡ് വിലയിലും തിരക്കു കുറയാതെ

സ്വർണവില റെക്കോർഡിലെത്തിയിട്ടും സ്വർണം വാങ്ങാനെത്തുന്നവരുടെ തിരക്കിൽ കുറവില്ലെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ പറയുന്നു. വിവാഹ സീസണായതിനാൽ വൻതോതിൽ സ്വർണം വാങ്ങാനെത്തുന്നവരാണ് ഇപ്പോൾ ജ്വല്ലറികളിൽ കൂടുതലും. വില ഇനിയും ഉയരാനുള്ള സാധ്യത മുന്നിൽക്കണ്ട് സ്വർണം വാങ്ങുന്നവരുമുണ്ട്. അതേസമയം കേരളത്തിൽ ഡിമാൻഡ് വർധിച്ചതിനാൽ തങ്കലഭ്യത കുറഞ്ഞിട്ടുണ്ട്. ഉപയോക്താക്കളുടെ പക്കലുള്ള സ്വർണം വിറ്റഴിക്കുന്ന പ്രവണതയും വർധിച്ചിട്ടുണ്ടെന്നു കച്ചവടക്കാർ പറയുന്നു.

∙കാരണം അമേരിക്കയും

രാജ്യാന്തര വിപണിയിൽ ഒരു ദിവസംകൊണ്ടു സ്വർണവില 30 ഡോളർ (2,130 രൂപ) ഉയരാനുള്ള കാരണം അമേരിക്കയിലുണ്ടായ ഭരണ സ്തംഭനമാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭരണസ്തംഭനത്തിനു കഴിഞ്ഞ വെള്ളിയാഴ്ച താൽക്കാലിക വിരാമമായെങ്കിലും വിപണികളിൽ സ്ഥിരത വന്നിട്ടില്ല. കൂടാതെ അമേരിക്കൻ ഫെഡറൽ റിസർവിന്റെ നിർണായക യോഗം അടുത്തയാഴ്ച ചേരും. പലിശ നിരക്കുകൾ ഉയർത്താനാണു തീരുമാനമെങ്കിൽ സ്വർണവിവലയിൽ വീണ്ടും മാറ്റം വരാം.

∙ 2012 പഴങ്കഥ

രാജ്യാന്തര വിപണിയിൽ സ്വർണവില ഉയരുന്നതിനെക്കാൾ വേഗത്തിലാണ് ആഭ്യന്തര വിപണിയിലെ മുന്നേറ്റം. കേരളത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വിലയുണ്ടായിരുന്ന 2012 ന്റെ അവസാന മാസങ്ങളിൽ 1,885 ഡോളറായിരുന്നു രാജ്യാന്തര വിപണിയിലെ വില.അന്നു രൂപയുടെ മൂല്യം ഡോളറിന് എതിരെ 55 നിലവാരത്തിലുമായിരുന്നു. രാജ്യാന്തര വിപണിയിലെ വിലയെക്കാൾ, രൂപയുടെ മൂല്യവും ആഭ്യന്തര ഡിമാൻഡുമാണു രാജ്യത്തെ സ്വർണവിലയെ ഇപ്പോൾ സ്വാധീനിക്കുന്നത്.

ഓഹരി വിപണികളിലെ ചലനങ്ങളും അസംസ്കൃത എണ്ണവിലയും അടക്കമുള്ള രാജ്യാന്തര ഘടകങ്ങളും സ്വർണവിലയെ കാര്യമായി ബാധിക്കുന്നില്ല.ഡോളർ ശക്തമായി തുടരുമ്പോഴും രാജ്യത്തു വില ഉയരുന്നതിന്റെ കാരണമിതാണ്. അമേരിക്കൻ ഭരണപ്രതിസന്ധി സ്വർണവിലയെ ബാധിച്ചില്ലായിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ കേരളത്തിലെ വില റെക്കോർഡ് മറികടക്കുമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA