Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിൽ കാർ– ബൈക്ക് പൂരം

auto-expo

കൊച്ചി ∙ നാലഞ്ചു ചെറുകാറുകളുടെ (ആഢംബരപ്പട്ടികയിൽ പെടാത്തത്) വില കൊടുക്കണം ഹോണ്ട ഗോൾഡ് വിങ് ബൈക്കിന്! കാണാൻ തോന്നുന്നുണ്ടെങ്കിൽ ഇന്നു മുതൽ അതിന് അവസരമുണ്ട്, മലയാള മനോരമ ഒരുക്കുന്ന പ്രഥമ ഒാട്ടോ എക്സ്പോയിൽ. അവിടെ ഗോൾഡ് വിങ് മാത്രമല്ല, ഹാർലി ഡേവിഡ്സൺ, ഡ്യുകാറ്റി, ഇന്ത്യൻ, മോട്ടോറാഡ്, ആർഇ തുടങ്ങി സൂപ്പർ ബൈക്ക് ബ്രാൻഡുകളുടെ പല മോഡലുകൾ പരിചയപ്പെടാം. മെഴ്സിഡീസും പോർഷെയും ബിഎംഡബ്ല്യുവും മിനി കൂപ്പറും ഉൾപ്പെടെ വമ്പൻ ആഡംബര കാറുകളുടെ നിരയുമുണ്ടാകും, തലയെടുപ്പോടെ. മാരുതി സുസൂക്കി, ഹ്യൂണ്ടായ്, ഇസുസു, സ്കോഡ, ടാറ്റ, മഹീന്ദ്ര, റെനോ, നിസാൻ തുടങ്ങിയ വമ്പൻ നിർമാതാക്കളും വിവിധ മോഡലുകൾ അവതരിപ്പിക്കും. 

എഫ് വൺ റേസ് ട്രാക്കിലെ ആദ്യ ഇന്ത്യൻ ഡ്രൈവർ സാക്ഷാൽ നരെയ്ൻ കാർത്തികേയൻ ഇന്നു രാവിലെ 10 നു ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം നിർവഹിക്കും. രാവിലെ 11 മുതൽ രാത്രി എട്ടുവരെയാണു പ്രദർശനം. പ്രവേശന പാസുകൾ വേദിയിലെ കൗണ്ടറുകളിൽ നിന്നോ www.bookmyshow.com ൽ നിന്നോ വാങ്ങാം. മൂന്നു ദിനം നീളുന്ന എക്സ്പോയ്ക്കു ഞായറാഴ്ച (നാല്) തിരശീല വീഴും. ഇന്ത്യൻ ഒായിൽ കോർപറേഷനാണു ഷോയുടെ മുഖ്യ പ്രായോജകർ. ജെകെ ടയർ, എസ്ബിഐ, വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ, ശോഭ ഡവലപ്പേഴ്സ് എന്നിവയാണു മറ്റു സ്പോൺസർമാർ. 

ആഡംബര കാറുകൾ, ബൈക്കുകൾ എന്നിവയ്ക്കു പുറമേ, വിന്റേജ് കാറുകളുടെ പഴമയും ഭംഗിയും എക്സ്പോയിൽ കാഴ്ചയാകും. എക്സ്പോയിൽ അണിനിരക്കുന്ന വാഹനങ്ങളിൽ ചിലത്: മകാൻ, 718 കേയ്മാൻ (പോർഷെ), പസാറ്റ്, ടിഗ്വാൻ (ഫോക്സ്‌വാഗൻ), ഫാറ്റ്ബോയ്, ഫാറ്റ് ബോബ് (ഹാർലി), എസ് 1000 ആർആർ (ബിഎംഡബ്ല്യു മോട്ടോറാഡ്), ഫീനിക്സ് 200 ( പൊളാരിസ്), സ്ക്രാംബ്ലർ (ഡ്യുകാറ്റി), മെട്രോലിങ്ക് എച്ച്ഡി (സ്കാനിയ).

ബൈക്ക് സ്റ്റണ്ട് ഷോ, ഗോ കാർട്ടിങ് എന്നിവയും ആവേശമുണർത്തും. ഗതാഗത നിയമ ബോധവൽക്കരണ പരിപാടികളുമുണ്ടാകും ഇന്നു വൈകിട്ടു നാലിനു റോഡ് സുരക്ഷയെക്കുറിച്ചു റിട്ട.ജോയിന്റ് ആർടിഒ: ആദർശ് കുമാർ.ജി.നായർ പ്രഭാഷണം നടത്തും.