ഐടി രംഗത്ത് വൻ വിദേശ നിക്ഷേപം; ടെക്നോപാർക്ക് ഡൗൺടൗൺ പദ്ധതിക്ക് ധാരണാപത്രമായി

തിരുവനന്തപുരം∙ കൊച്ചിയിലെ സ്‌മാർട് സിറ്റി പദ്ധതിക്കുശേഷം സംസ്ഥാനത്തു വരുന്ന ഏറ്റവും വലിയ ഐടി വിദേശ നിക്ഷേപമായ ടെക്നോപാർക്ക് ഡൗൺടൗൺ പദ്ധതിക്കു സർ‌ക്കാരിന്റെ പച്ചക്കൊടി. 

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ടെക്നോപാർക്കുമായി പാട്ടക്കരാർ ഒപ്പുവച്ചു. രാജ്യാന്തര നിലവാരമുള്ള ഐടി പാർക്കിനൊപ്പം ഷോപ്പിങ് മാൾ, പഞ്ചനക്ഷത്ര ഹോട്ടൽ എന്നിവ ഉൾപ്പെടുത്തി 1300 കോടി രൂപയുടെ ടോറസ് എംബസി വേൾഡ് ടെക്നോളജി സെന്റർ ആണ് ടെക്നോപാർക്കിൽ എത്തുന്നത്. ആദ്യഘട്ടം 2020 അവസാനത്തോടെ പൂർത്തിയാകുമെന്നാണു പ്രതീക്ഷ.

യുഎസിലെ ബോസ്റ്റൻ ആസ്ഥാനമായ ടോറസ് ഇൻവസ്റ്റ്മെന്റ് ഹോൾഡിങ്സും ഇന്ത്യയിലെ പ്രമുഖ നിർമാണ കമ്പനിയായ എംബസി ഗ്രൂപ്പിന്റെ എംബസി പ്രൊപ്പർട്ടി ഡവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും ചേർന്നുള്ള ജോയിന്റ് വെഞ്ച്വർ കമ്പനിയാണു പദ്ധതി നടപ്പാക്കുന്നത്. ടെക്നോപാർക്കിലെ 19.76 ഏക്കറിലാണു പദ്ധതി വരുന്നത്. 

90 വർഷത്തേക്കാണു പാട്ടക്കരാർ. 12.2 ഏക്കർ ഓഫിസ് സമുച്ചയങ്ങളിൽ 10 ഏക്കർ പ്രത്യേക സാമ്പത്തിക മേഖല(എസ്ഇസെഡ്)യിലായിക്കും. പ്രത്യേക സാമ്പത്തികമേഖലയിൽ 28 ലക്ഷം ചതുരശ്രയടിയിലുള്ള പ്രീമിയം എ ഗ്രേഡ് ഓഫിസ് സമുച്ചയവും ബാക്കി സ്ഥലത്ത് അഞ്ച് ലക്ഷം ചതുരശ്രയടി ഓഫിസ് സ്ഥലവും ഉണ്ടാകും. എസ്ഇസെഡ് വിഭാഗത്തിനും നോൺ എസ്ഇസെഡ് വിഭാഗത്തിനും പ്രത്യേക സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ചിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായ സിനർജി പ്രോപ്പർട്ടി ഡവലപ്മെന്റിനാണു നിർമാണ ചുമതല.

ഡ്രാഗൺസ്റ്റോൺ റിയൽറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ  7.64 ഏക്കറിൽ ഷോപ്പിങ് മാൾ, ബിസിനസ് ഹോട്ടൽ, കൺവൻഷൻ സെന്റർ ഉൾപ്പടെ പദ്ധതിയുടെ ഭാഗമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ടോറസ് ഗ്രൂപ്പ് ഗ്ലോബൽ പ്രസിഡന്റ് എറിക് റീൻബൂട്ട്,  എംബസി ഗ്രൂപ്പ് ചെയർമാൻ ജിത്തു വിർവാണി എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. കേരളത്തിലെ ഐടി രംഗത്തിനു മുൻപില്ലാത്താവിധം കുതിച്ചുചാട്ടമുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി പറഞ്ഞു. ഐടി സെക്രട്ടറി എം.ശിവശങ്കർ, ടെക്നോപാർക്ക് സിഇഒ:  ഋഷികേശ് നായർ, ടോറസ് ഇന്ത്യ എംഡി അജയ് പ്രസാദ് എന്നിവർ പങ്കെടുത്തു.