ചെന്നൈയിലും വൻ വായ്പത്തട്ടിപ്പ്; ബാങ്കുകൾക്ക് നഷ്ടം 1000 കോടി

ചെന്നൈ ∙ നീരവ് മോദിക്കും വിക്രം കോത്താരിക്കും പിന്നാലെ മറ്റൊരു വ്യവസായി കൂടി കോടികൾ ബാങ്ക് വായ്പയെടുത്ത ശേഷം രാജ്യംവിട്ടു. ചെന്നൈ ആസ്ഥാനമായ കനിഷ്ക് ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡ് 824.15 കോടി വായ്പ തിരിച്ചടച്ചില്ലെന്നു ചൂണ്ടിക്കാട്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിബിഐയിൽ പരാതി നൽകി. എസ്ബിഐയുടെ നേതൃത്വത്തിൽ 14 ബാങ്കുകളുടെ കൺസോർഷ്യമാണു വായ്പ നൽകിയത്. പലിശയുൾപ്പെടെ കണക്കാക്കിയാൽ തട്ടിപ്പ് ആയിരം കോടിയിലേറെ രൂപയുടേതാണെന്നു പരാതിയിൽ പറയുന്നു.

വായ്പയ്ക്കായി വ്യാജരേഖകൾ നൽകി, ഷോറൂമും ഓഫിസുകളും പൂട്ടി സ്ഥലംവിട്ടു തുടങ്ങിയവയാണ് ആരോപണങ്ങൾ. ഉടമ ഭൂപേഷ് കുമാർ ജെയിൻ, ഭാര്യ നീത ജെയിൻ എന്നിവർ നിലവിൽ മൊറീഷ്യസിലാണെന്നാണു സൂചന.

കനിഷ്ക് ജ്വല്ലറി 2007ൽ ആണു വായ്പയെടുത്തത്. ആദ്യഘട്ടത്തിൽ പ്രവർത്തന മൂലധനമായി 50 കോടിയും ഇതിനു പുറമേ 10 കോടിയുമാണ് അനുവദിച്ചത്. പലതവണകളായി ബാങ്കുകൾ അനുവദിച്ച വായ്പ ഇങ്ങനെ:  എസ്ബിഐ-215 കോടി, പഞ്ചാബ് നാഷനൽ ബാങ്ക്-115 കോടി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ-50 കോടി, സിൻഡിക്കറ്റ് ബാങ്ക്-50 കോടി, ബാങ്ക് ഓഫ് ഇന്ത്യ-45 കോടി, ഐഡിബിഐ ബാങ്ക്–45 കോടി, യൂക്കോ ബാങ്ക്-40 കോടി, തമിഴ്നാട് മെർക്കന്റൈൽ ബാങ്ക്-37 കോടി, ആന്ധ്ര ബാങ്ക്-30 കോടി, ബാങ്ക് ഓഫ് ബറോഡ-30 കോടി, എച്ച്ഡിഎഫ്സി ബാങ്ക്-25 കോടി, ഐസിഐസിഐ ബാങ്ക്-25 കോടി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ-20 കോടി, കോർപറേഷൻ ബാങ്ക്-20 കോടി.

കഴിഞ്ഞ വർഷം ഏപ്രിൽ മുതലാണു തിരിച്ചടവു മുടങ്ങിയത്. നവംബറിൽ എസ്ബിഐ റിസർവ് ബാങ്കിനു വിവരം നൽകി.  തട്ടിപ്പ് പുറത്തായതിനെത്തുടർന്ന് ഇന്നലെ ഓഹരി വിപണിയിൽ എസ്ബിഐ ഓഹരിക്ക് ഒരു ശതമാനം വിലിയിടിവുണ്ടായി.