Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർണവും ഡോളറും തമ്മിലെന്ത്

GOLD-DOLLAR-

സ്വർണവും യുഎസ് ഡോളറുമായുള്ള ബന്ധത്തിനു ഒരു നീണ്ട ചരിത്രമുണ്ട്. നിലവിലുള്ള പണസമ്പ്രദായത്തിനു മുൻപ്, ഡോളറിന്റെ മൂല്യം ഗോൾഡ്‌ സ്റ്റാൻഡേഡിനനുസൃതമായ നിശ്ചിത അളവ് സ്വർണവുമായി ബന്ധിതമായിരുന്നു. ഗോൾഡ്‌ സ്റ്റാൻഡേഡ് 1900 മുതൽ 1971 വരെ ഉപയോഗത്തിലിരുന്നു. യുഎസ് പ്രസിഡന്റ് നിക്സൺ 1971ൽ ഡോളറിനെ സ്വർണവുമായി മൂല്യമാറ്റം ചെയ്യാൻ കേന്ദ്ര ബാങ്കിന് അനുമതി നിഷേധിച്ചതോടെ ഈ രീതി അവസാനിച്ചു. ക്രമേണ, യുഎസ് സർക്കാർ 1976ൽ സ്വർണത്തിൽ നിന്നു ഡോളറിന്റെ മൂല്യത്തെ വിച്ഛേദിച്ചു. 

ചില കാലഘട്ടങ്ങളിലൊഴിച്ചാൽ, അന്നു മുതൽ സ്വർണവും ഡോളറും വിപരീത ദിശകളിലാണു നീങ്ങുന്നത്. ലോകത്തിലെ മറ്റ് നാണ്യങ്ങളെ അപേക്ഷിച്ച് ഡോളറിന്റെ മൂല്യം വർധിക്കുമ്പോൾ, സ്വർണത്തിന്റെ വില ഡോളറിന്റെ അടിസ്ഥാനത്തിൽ താഴുകയാണു പതിവ്. സ്വർണം മറ്റു നാണ്യങ്ങളിൽ വിലയേറുന്നതാണ് ഇതിനു കാരണം. 

2002 മുതൽ സ്വർണവിലയിലുണ്ടായ വ്യതിയാനങ്ങളിൽ ഏതാണ്ട്‌ പകുതിയും ഡോളർ മൂലമായിരുന്നുവെന്നു  2008ൽ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) വിലയിരുത്തി. യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടാവുന്ന ഒരു ശതമാനം മാറ്റം സ്വർണ വിലയിൽ ഒരു ശതമാനത്തിലേറെ വ്യതിയാനത്തിനു വഴിതെളിച്ചു. 

യുഎസ് ഡോളറിന്റെയും സ്വർണത്തിന്റെയും മൂല്യം തമ്മിലുള്ള ബന്ധത്തെ പലിശ നിരക്കും ബാധിക്കും. സ്വർണം പലിശ നൽകാത്ത ആസ്തിയായതുകൊണ്ട്‌, പലിശ നൽകുന്ന മറ്റ് നിക്ഷേപ മാർഗങ്ങളുമായി മത്സരിക്കേണ്ടതുണ്ട്. പലിശ നിരക്ക് വർധിക്കുമ്പോൾ സ്വർണവില കുറയാറുണ്ട്. യുഎസിലെ ഉയർന്ന പലിശ നിരക്ക് ഡോളറിന്റെ വില വർധിക്കാൻ സഹായകമാവുന്നതുകൊണ്ട് സ്വർണവില കുറയ്ക്കുന്നു. 

2008–ലെ പ്രതിസന്ധിക്കു ശേഷം യുഎസ് കേന്ദ്ര ബാങ്ക് പലിശ കുറയ്ക്കലിന്റെ ഒരു പരമ്പര നടപ്പാക്കിയപ്പോൾ സ്വർണവില വളരെ നല്ല പ്രകടനം കാഴ്ചവച്ചു. ഔൺസിനു(31.1ഗാം) 1900 ഡോളർ എന്ന ആയുഷ്കാല ഉയർച്ച നേടി.

ഇപ്പോൾ, യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് കൂടുതൽ വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമ്പോൾ, സ്വർണവിലയിലുള്ള സമ്മർദം സുവ്യക്തമാണ്. 

തീർച്ചയായും ഈ പരസ്പര ബന്ധത്തിന് അപവാദങ്ങളുമുണ്ട്. രണ്ടും സുരക്ഷിത നിക്ഷേപങ്ങളായി കരുതപ്പെടുന്നതുകൊണ്ടു സ്വർണവും ഡോളറും ഒരുമിച്ചു സഞ്ചരിക്കുന്ന കാലഘട്ടങ്ങളുമുണ്ട്. അതുകൊണ്ട് ആഗോള പ്രതിസന്ധിയുടെയും സംഭ്രാന്തിയുടെയും സമയത്ത്, സ്വർണത്തിന്റെയും ഡോളറിന്റെയും വില ഒരുമിച്ചു കൂടുന്ന സമയവും ഉണ്ടാകാം. മാത്രമല്ല, സ്വർണവിലയുടെ ഏക ഉത്തേജക ഘടകമല്ല ഡോളർ‌. സമ്പദ്‌വ്യവസ്ഥയുടെ ശക്തിയുടെയും ദൗർബല്യത്തിന്റെയും സൂചകവും അമൂല്യ ലോഹങ്ങളുടെ ആഗോള ഡിമാൻഡിന്റെ സൂചകവുമാണു സ്വർണവില. 

∙ വിവരങ്ങൾ: നവനീത് ദാമാനി: എവിപി–ഹെഡ് റിസർച് കമ്മോഡിറ്റി & കറൻസി, എംഒസിബിപിഎൽ