മൊബൈൽ ഫോൺ ചാർജറുകൾക്ക് 14.5% നികുതി: പിൻവലിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം∙ മൊബൈൽ ഫോൺ ചാർജറുകൾക്ക് 14.5% നികുതി ഏർപ്പെടുത്തിയ തീരുമാനം പിൻവലിക്കുമെന്ന് മന്ത്രി തോമസ് ഐസക്. വിഷയം നിയമസഭാ സബ്ജക്ട് കമ്മിറ്റി പരിഗണിക്കുമ്പോൾ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും.

യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ചാർജറിന് അഞ്ചു ശതമാനത്തിൽ നിന്നു 14.5 ശതമാനമായി നികുതി വർധിപ്പിച്ചത്. ഫോണിനൊപ്പം ലഭിക്കുന്ന ഉപകരണമായതിനാൽ പ്രത്യേക നികുതി വേണ്ടെന്നു പിന്നീടു തീരുമാനിച്ച സർക്കാർ, നികുതി പിരിക്കേണ്ടെന്ന് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

നികുതി കുറച്ചതു വിമർശനത്തിനിടയാക്കിയതോടെ വീണ്ടും വർധിപ്പിക്കാൻ തീരുമാനിച്ചു. വ്യാപാരികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണു നികുതി വർധന പിൻവലിക്കുന്നതെന്ന് ഐസക് വ്യക്തമാക്കി.