Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടുകാരുടെ മനസ്സിലുള്ളതു തോമസ് ചാണ്ടിക്കറിയാം, തോമസ് ചാണ്ടിയുടെ മനസ്സ് നാട്ടുകാർക്കും

thomas-chandy-kanam മന്ത്രിപദത്തിലേയ്ക്ക്: തോമസ് ചാണ്ടിയെ മന്ത്രിയാക്കാനുള്ള എൻസിപി നിർദേശം അംഗീകരിച്ച ഇടതുമുന്നണി യോഗത്തിനു ശേഷം തിരുവനന്തപുരത്ത് എകെജി സെന്ററിൽ നിന്ന് അദ്ദേഹം (മധ്യത്തിൽ) പുറത്തേയ്ക്കു വരുന്നു. കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, ഉഴവൂർ വിജയൻ എന്നിവർ സമീപം. ചിത്രം: മനോരമ

കുട്ടനാട് കുടിവെള്ള പദ്ധതി വെള്ളത്തിലാകുമോയെന്ന് ആശങ്ക ഉയർന്ന സമയം. ജലസംസ്കരണ പ്ലാന്റ് നിർമിക്കുന്നതിന് ആനപ്രാമ്പാലിൽ കണ്ടെത്തിയ സ്വകാര്യഭൂമി ഏറ്റെടുക്കൽ ചുവപ്പുനാടയിൽ കുടുങ്ങി. കന്നി എംഎൽഎയായ തോമസ് ചാണ്ടി സർക്കാർ തലത്തിൽ സ്ഥലമെടുപ്പിന്റെ കുരുക്കഴിക്കാൻ നോക്കി. ഒടുവിൽ സഹികെട്ട തോമസ് ചാണ്ടി സ്ഥലം പണം കൊടുത്തു വാങ്ങി സ്വന്തം പേരിൽ റജിസ്റ്റർ ചെയ്തു. തൊട്ടടുത്ത ദിവസം ജല അതോറിറ്റിയുടെ പേരിൽ തീറാധാരവും നടത്തി. കുരുക്കഴിഞ്ഞതോടെ കുട്ടനാട്ടിലെ തുരുത്തുകളിൽ പൈപ്പുകളിലൂടെ ശുദ്ധജലം ഒഴുകിയെത്തി.

ഇതാണു കുട്ടനാട്ടുകാരുടെ തോമസ് ചാണ്ടി. ഒരു കാര്യം തീരുമാനിച്ചാൽ നിമിഷങ്ങൾക്കുള്ളിൽ അക്കാര്യം നടന്നിരിക്കണം. നാട്ടുകാരുടെ മനസ്സിലുള്ളതു തോമസ് ചാണ്ടിക്കറിയാം. തോമസ് ചാണ്ടിയുടെ മനസ്സ് നാട്ടുകാർക്കും. അതുകൊണ്ടുതന്നെ കുട്ടനാട്ടിൽ ഏതു കരയിൽ നിന്നാലും വിജയം തോമസ് ചാണ്ടിക്കൊപ്പമെത്തും.

ഡിഐസി സ്ഥാനാർഥിയായി ഇടതുമുന്നണിയിലെ ഡോ. കെ.സി. ജോസഫിനെ പരാജയപ്പെടുത്തിയാണ് ആദ്യവിജയം. അടുത്ത തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനൊപ്പം ഡോ. കെ.സി. ജോസഫ് യുഡിഎഫിൽ എത്തിയപ്പോൾ എൻസിപി സ്ഥാനാർഥിയായി തോമസ് ചാണ്ടി സീറ്റു നിലനിർത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻഡിഎ കൂടി കളത്തിലിറങ്ങിയതോടെ ശക്തമായ ത്രികോണ മത്സരത്തിലും കുട്ടനാടിന്റെ അമരത്ത് തോമസ് ചാണ്ടി തന്നെ എത്തി.

മലവെള്ളത്തെ കട്ട കുത്തി ബണ്ടു നിർമിച്ചു പിടിച്ചുനിർത്തി വിത്തെറിയുന്ന കുട്ടനാട്ടുകാരനാണു തോമസ് ചാണ്ടി. ഏതു പ്രതിസന്ധിയും നേരിടാനുള്ള ഈ ചങ്കുറപ്പ് മുഖമുദ്രയാണ്. ചേന്നംകരിയിലെ കർഷക കുടുംബത്തിലാണു ജനനം. ചെറുപ്പത്തിൽ തന്നെ കോൺഗ്രസിലൂടെ പൊതുപ്രവർത്തനത്തിൽ എത്തി. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ ബ്ലോക്ക് സെക്രട്ടറിയായി. പൊതുപ്രവർത്തനം മാത്രം കൊണ്ടു ജീവിതം മുന്നോട്ടു പോകില്ലെന്നു തോമസ് ചാണ്ടി പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു.

തോമസ് ചാണ്ടിയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു പെട്ടിയുമായി കടൽ കടന്നു ഗൾഫിലെത്തി. കുവൈത്തിൽ യുദ്ധം തുടങ്ങിയതോടെ കൂട്ടുകാരെല്ലാം മടങ്ങി. അവസാനം വരെ അവിടെ പിടിച്ചുനിന്ന തോമസ് ചാണ്ടി യുദ്ധം കഴിഞ്ഞ ഉടനെ കുവൈത്തിൽ തിരിച്ചെത്തി. തോക്കിനു മുന്നിലും തങ്ങൾക്കൊപ്പം നിന്ന തോമസ് ചാണ്ടി കുവൈത്തുകാരുടെ വിശ്വസ്തനായി.

കുവൈത്തിന്റെ പുനരുജ്ജീവനത്തിൽ തുഴയെറിഞ്ഞതോടെ കുവൈത്ത് ചാണ്ടി എന്ന വ്യവസായിയിലേക്കുള്ള യാത്രയായി അതു മാറി. വ്യവസായ രംഗത്തു നിലയുറപ്പിച്ച തോമസ് ചാണ്ടി നാട്ടിൽ തിരിച്ചെത്തി ഇഷ്ടമേഖലയായ പൊതുപ്രവർത്തനത്തിൽ വീണ്ടും സജീവമായി. കെ. കരുണാകരന്റെ വിശ്വസ്തനായി.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കുട്ടനാട്ടിൽ വന്നപ്പോൾ സഞ്ചരിച്ച പൊലീസ് ബോട്ട് ലേലത്തിനെടുത്തു രാജീവ്ജി എന്ന പേരിൽ തോമസ് ചാണ്ടി സൂക്ഷിക്കുന്നുണ്ട്. ലീഡർക്കൊപ്പം ഡ‍ിഐസിയിൽ എത്തിയപ്പോഴാണ് ആദ്യ മത്സരം. ലീഡർ വഴി ശരദ് പവാറിനെ പരിചയപ്പെട്ടതു പിന്നീട് എൻസിപിയിലേക്കുള്ള യാത്രയ്ക്കു വഴിയായി.

വ്യവസായവും പൊതുപ്രവർത്തനവും നടത്തുമ്പോഴും ജീവകാരുണ്യ പ്രവർത്തനത്തിനു ലോപമില്ലാതെ പണം ചെലവഴിക്കുന്നതു തോമസ് ചാണ്ടിയുടെ സ്വഭാവമാണ്. വ്യവസായത്തിൽ നിന്നുള്ള ഒരു വിഹിതം ദാവീദുപുത്ര എന്ന ചാരിറ്റബിൾ സൊസൈറ്റിയിലൂടെ ചെലവഴിക്കുന്നു. വള്ളംകളികൾക്കും മറ്റു കായിക– സാംസ്കാരിക ക്ലബ്ബുകൾക്കും സഹായം നൽകാൻ തോമസ് ചാണ്ടിക്കു മടിയില്ല. രണ്ടു വട്ടം വള്ളത്തിന്റെ ക്യാപ്റ്റനായിരുന്നു. 

ചേന്നംകരി കളത്തിപ്പറമ്പിൽ വി.സി. തോമസിന്റെ മകനാണ്. ഭാര്യ മേഴ്‌സി ചാണ്ടി ഗൾഫിലെ സ്കൂളുകളുടെ മേൽനോട്ടം വഹിക്കുന്നു. മക്കൾ: ബെറ്റി ലെനി (പെൻസിൽവാനിയ സർവകലാശാല), ഡോ. ടോബി ചാണ്ടി (ലേക്‌ഷോർ ആശുപത്രി), ടെസി ചാണ്ടി (കുവൈത്ത്), മരുമക്കൾ: ലെനി മാത്യു (സയന്റിസ്റ്റ്), ഡോ. അൻസു ടോബി (ജനറൽ ഹോസ്‌പിറ്റൽ, എറണാകുളം), ജോയൽ (എൻജിനീയർ, കുവൈത്ത്).

ആദ്യം കെ.എം. കോര

മന്ത്രിസഭയിൽ കുട്ടനാടിനു പ്രാതിനിധ്യം ലഭിക്കുന്നത് ഇതു നാലാം തവണയാണ്. കേരളപ്പിറവിക്കു മുൻപു തിരുവിതാംകൂറിലും തിരു–കൊച്ചിയിലും മന്ത്രിയായിരുന്ന കെ.എം.കോരയാണു കുട്ടനാട്ടിൽനിന്നുള്ള ആദ്യമന്ത്രി. കുട്ടനാട് മാമ്പുഴക്കരി സ്വദേശിയായിരുന്ന കോര തിരുവിതാംകൂറിൽ പട്ടം താണുപിള്ള മന്ത്രിസഭയിൽ കൃഷി – ഭക്ഷ്യ വകുപ്പും തിരു–കൊച്ചിയിൽ സി.കേശവൻ മന്ത്രിസഭയിൽ ധന – ഭക്ഷ്യ വകുപ്പും കൈകാര്യം ചെയ്തു.

മന്ത്രിസ്ഥാനം വഹിച്ച രണ്ടുതവണയും കുട്ടനാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെട്ട പഴയ ചങ്ങനാശേരി മണ്ഡലത്തിൽനിന്നാണു കോര നിയമസഭയിലെത്തിയത്. വിവിധ നിയമനിർമാണ സഭകളിലായി അഞ്ചുതവണ അംഗമായി. ശ്രീചിത്തിര സ്റ്റേറ്റ് കൗൺസിൽ (1937, ചങ്ങനാശേരി), തിരുവിതാംകൂർ നിയമസഭ (1948–49, ചങ്ങനാശേരി), തിരു–കൊച്ചി (1949–52, 1952–53, ചങ്ങനാശേരി), തിരു–കൊച്ചി (1954–56, മണിമല). 

1965 മുതൽ 2006 വരെ കുട്ടനാട് താലൂക്കിലെ നെടുമുടി, കൈനകരി, തകഴി പഞ്ചായത്തുകൾ അമ്പലപ്പുഴ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. 1996ൽ സുശീല ഗോപാലനും 2006ൽ ജി.സുധാകരനും അമ്പലപ്പുഴയുടെ പ്രതിനിധിയായി സംസ്ഥാനമന്ത്രിസഭയിൽ അംഗങ്ങളായിരുന്നു. 2011 മുതൽ കുട്ടനാട് താലൂക്ക് പൂർണമായും കുട്ടനാട് നിയമസഭാ മണ്ഡലത്തിന്റെ കീഴിലായി. 

1957, 1960 തിരഞ്ഞെടുപ്പുകളിൽ കുട്ടനാടിന്റെ ഭൂരിഭാഗം പ്രദേശങ്ങൾ തകഴി മണ്ഡലത്തിന്റെ കീഴിലായിരുന്നു. രണ്ടുതവണയും കോൺഗ്രസിലെ തോമസ് ജോൺ ആണു തകഴിയിൽനിന്നു ജയിച്ചത്. 

1964ലാണു കുട്ടനാട് മണ്ഡലം രൂപമെടുത്തത്. കെ.കെ.കുമാരപിള്ള, ഉമ്മൻ തലവടി, ഈപ്പൻ കണ്ടക്കുടി, ഉമ്മൻ മാത്യു, ഡോ. കെ.സി.ജോസഫ് എന്നിവരാണ് മുൻപു കുട്ടനാടിനെ പ്രതിനിധീകരിച്ചു കേരള നിയമസഭയിലെത്തിയവർ.

related stories
Your Rating: