Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷാ കമ്മിഷനെ ആർക്കാണു ഭയം?

hormis-tharakan

കേരള ഡിജിപിയായി ടി. പി. സെ‍ൻകുമാറിനെ വീണ്ടും നിയമിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി 2006ലെ പ്രകാശ് സിങ് കേസിലെ വിധിയുടെ തുടർച്ചയാണ്. 1980‍ൽ ധരം വീറിനു കീഴില്‍ രൂപീകരിച്ച നാഷനൽ പൊലീസ് കമ്മിഷന്റെ (എൻപിസി) അന്തിമ റിപ്പോർട്ട് ഇങ്ങനെയായിരുന്നു: അതിരുവിട്ട രാഷ്ട്രീയ ഇടപെടലാണ് ഇന്ത്യൻ പൊലീസ് സേനയുടെ ശാപം.

സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന സംസ്ഥാന സുരക്ഷാ കമ്മിഷൻ രൂപീകരിക്കണമെന്നും, സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കുന്നതിനും പൊലീസിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനും ഈ കമ്മിഷന് അധികാരം നൽകണമെന്നും എൻപിസി ശുപാർശ ചെയ്തിരുന്നു.

ഉദ്യോഗസ്ഥർക്കു പുറമേ, മുഖ്യമന്ത്രി അല്ലെങ്കിൽ ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി പ്രതിനിധി എന്നിവരായിരിക്കണം കമ്മിഷൻ അംഗങ്ങളെന്നും നിർദേശിച്ചു. പൊലീസിനെ ഭരണകക്ഷി നിയന്ത്രിക്കരുതെന്ന ഉദ്ദേശ്യമായിരുന്നു ഈ ശുപാർശയ്ക്കു പിന്നിൽ. എന്നാൽ, കേന്ദ്ര സർക്കാർ ഒരു ദശാബ്ദത്തിലേറെ ഈ റിപ്പോർട്ടിന്മേൽ നടപടി സ്വീകരിച്ചില്ല. 1996ൽ ഉത്തർപ്രദേശിലെ മുൻ ഡിജിപിയായ പ്രകാശ് സിങ് സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് 2006ൽ ചരിത്രപ്രധാനമായ വിധിയുണ്ടായി.

പൊലീസ് സേനയുടെ നവീകരണത്തിനു വേണ്ട നിർദേശങ്ങൾ അടങ്ങിയ ഈ വിധി അടിസ്ഥാനമാക്കിയത് എൻപിസിയുടെ ശുപാർശകളെയായിരുന്നു. എന്നിട്ടും മിക്കവാറും സംസ്ഥാന സർക്കാരുകൾ പുതിയ പൊലീസ് നയം രൂപപ്പെടുത്തിയപ്പോഴെല്ലാം സുപ്രീം കോടതി വിധി അവഗണിച്ചു.

കേരളത്തിൽ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി 2001ൽ പൊലീസിന്റെ ജോലിയിൽ ഭരണകക്ഷി എംഎൽഎമാർ ഇടപെടരുതെന്ന് ഉത്തരവിട്ടു. എന്നാൽ, സംസ്ഥാന സുരക്ഷാ കമ്മിഷനോ പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റിയോ രൂപീകരിച്ചു പുതിയ സംവിധാനം സ്ഥാപനവൽക്കരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

ഇതേസമയം, ആന്റണി രൂപീകരിച്ച ജസ്റ്റിസ് കെ.ടി. തോമസ് കമ്മിഷൻ എൻപിസി ശുപാർശകളെ അടിസ്ഥാനപ്പെടുത്തി മുന്നോട്ടുവച്ച നിർദേശങ്ങളിൽനിന്നാണു 2011ൽ പുതിയ കേരള പൊലീസ് ആക്ട് നിലവിൽ വന്നത്. ഇതിനുശേഷവും ഒരു സർക്കാരും സംസ്ഥാന സുരക്ഷാ കമ്മിഷനെ ശക്തിപ്പെടുത്താൻ ശ്രമിച്ചില്ല.

2011 നവംബർ 28 മുതൽ അഞ്ചു വർഷം കമ്മിഷന്റെ അനൗദ്യോഗിക അംഗമായിരുന്നു ഞാൻ. ഈ കാലത്ത് കമ്മിഷൻ യോഗം ചേർന്നതു രണ്ടുവട്ടം മാത്രമാണ്. ചുമതലപ്പെടുത്തിയിരുന്ന കാര്യങ്ങളൊന്നും കമ്മിഷനു നടപ്പാക്കാനായില്ല. പ്രവർത്തന റിപ്പോർട്ട് നിയമസഭയ്ക്കു മുൻപാകെ വച്ചതുമില്ല.

ഇപ്പോൾ സംസ്ഥാന സുരക്ഷാ കമ്മിഷൻ നിലവിൽ വന്നു. അതിലെ അനൗദ്യോഗിക അംഗങ്ങളിൽ ഒരാളായ ജേക്കബ് പുന്നൂസ് 2011ൽ കേരള പൊലീസ് ആക്ട് രൂപപ്പെടുത്തിയവരിൽ മുഖ്യ പങ്കുവഹിച്ചയാളാണ്. സേനയുടെ നവീകരണത്തിനു ചുക്കാൻ പിടിക്കാൻ സംസ്ഥാന സുരക്ഷാ കമ്മിഷനു കഴിയുന്നുവെന്ന് ഉറപ്പുവരുത്താൻ ഈ സുപ്രീം കോടതിവിധി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പ്രേരണയാകുമെന്നു പ്രതീക്ഷിക്കാം.