Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടുത്തുമാറ്റാനാകാത്ത ബീക്കൺലൈറ്റ് !

raman

എത്രതന്നെ വിമർശിക്കപ്പെട്ടാലും വീഴ്ചകൾ സംഭവിച്ചാലും ഈ നാട്ടിലെ സാധാരണക്കാരൻ മനസ്സമാധാനത്തോടെ ജീവിക്കുന്നതിനു കാരണം നമ്മുടെ തെരുവുകളിൽ രാവും പകലും ഇറങ്ങിനടക്കുന്ന പൊലീസുകാരന്റെ സാന്നിധ്യമാണ്. ആ പൊലീസുകാരനു മേലുദ്യോഗസ്ഥനിലുള്ള വിശ്വാസം, ഭയം – ഇതു രണ്ടുമാണു ജനങ്ങളുടെ സ്വൈരജീവിതത്തിന്റെ കാതലും കാവലും.

ടി.പി. സെൻകുമാറെന്ന പൊലീസ് ഉദ്യോഗസ്ഥനെ എനിക്കു നന്നായറിയാം. സർവീസ് ബാക്കിയുണ്ടായിട്ടും രാഷ്ട്രീയമായ കാരണങ്ങളാൽ അദ്ദേഹത്തെ ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവിയുടെ സ്ഥാനത്തു നിന്നു മാറ്റിയതു നീതികേടായെന്നു വിശ്വസിക്കുന്നവരാണു സംസ്ഥാന പൊലീസിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും.

കേരളാ ഹൈക്കോടതിയും കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലും സർക്കാർ തീരുമാനം ശരിവച്ചിട്ടും സെൻകുമാർ സുപ്രീം കോടതിയെ സമീപിച്ചതു നീതിന്യായ വ്യവസ്ഥയിലുള്ള ശക്തമായ വിശ്വാസമായിത്തന്നെ വിലയിരുത്തണം. നിർണായകസ്ഥാനം വഹിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനെ രാഷ്ട്രീയ കാരണങ്ങളാൽ മാറ്റുന്നതിനെതിരായ പുതിയ നിയമത്തിനാണ് ഈ പൊലീസ് ഉദ്യോഗസ്ഥന്റെ പോരാട്ടം വഴിയൊരുക്കിയിരിക്കുന്നത്.

സർക്കാർ ഉദ്യോഗസ്ഥരുടെ സമാന പരാതികളും ഹർജികളും തീർപ്പാക്കുമ്പോൾ ‘എടുത്തുമാറ്റാൻ കഴിയാത്ത ബീക്കൺ ലൈറ്റായി’ ഈ വിധി രാജ്യത്തെ എല്ലാ കോടതികൾക്കും വഴികാട്ടിയാവും, സംശയം വേണ്ട. രാഷ്ട്രീയ പാർട്ടികൾക്ക് ഏതു ദിവസവും, നിമിഷവും എടുത്തു മാറ്റാൻ കഴിയുന്ന ഒരു കസേരയാണു സംസ്ഥാന പൊലീസ് മേധാവിയുടേതെന്നു വരുന്നതു സർക്കാരിനെ തന്നെ ദുർബലപ്പെടുത്തും.

കേരളാ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ ആരെ നിയോഗിച്ചാലും സേന മുന്നോട്ടു പോവും, അതിനുള്ള ഉൾക്കരുത്ത് നമ്മുടെ സേനാവിഭാഗത്തിനുണ്ട്. എന്നാൽ, ചില ഉദ്യോഗസ്ഥർ ആ കസേരയിൽ വരുമ്പോൾ പൊലീസിന്റെ മനോഭാവത്തിൽ വരുന്ന മാറ്റം ജനങ്ങൾക്കു പ്രകടമാവും. അതിനെ നമുക്കു സേനയുടെ ടീം വർക്ക് എന്നു പറയാം. ആ ടീം വർക്ക് തകർക്കുന്ന രാഷ്ട്രീയ തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതു നന്നല്ല.

സർക്കാർ സേവനരംഗത്ത് മൂപ്പിളപ്പ് നയം (സീനിയോറിറ്റി) ഒരു വലിയ പരിധിവരെ തർക്കങ്ങൾ പരിഹരിക്കാൻ ഉചിതമാണ്. പൊലീസ് സേനയിൽ എപ്പോഴെല്ലാം സീനിയോറിറ്റി തെറ്റിച്ചു നിയമനങ്ങൾ നടന്നിട്ടുണ്ടോ അപ്പോഴെല്ലാം അതു സേനയെ ദുർബലപ്പെടുത്തിയിട്ടുണ്ടെന്നാണു തോന്നുന്നത്.

സെൻകുമാർ കേസിൽ സുപ്രീം കോടതി വിധിയുടെ അവസാന ഖണ്ഡികകൾ തുടങ്ങുന്നത് ‘‘ഇതു ഞങ്ങളെ കുറച്ച് അലോസരപ്പെടുത്തുന്നു...’’ എന്ന വാചകം ആവർത്തിച്ചുകൊണ്ടാണ്. ഈ ആവർത്തനം ഭരണാധികാരികൾ കാണാതിരിക്കരുത്.

kj-joseph

ഈ വിധി പ്രതീക്ഷിച്ചത്

(കെ.ജെ. ജോസഫ്- മുൻ ഡിജിപി)

ഭരണം മാറുമ്പോൾ ഡിജിപി മാറണമെന്ന വ്യവസ്ഥിതി നമ്മുടെ നാട്ടിലില്ല. അങ്ങനെ ഉണ്ടാവുകയാണെങ്കിൽ അതു ശരിയല്ല. ഡിജിപി സ്ഥാനത്തു നിയമിക്കുന്നയാളെ തക്കതായ കാരണമില്ലാതെ രണ്ടു വർഷത്തേക്കു മാറ്റരുതെന്നു സുപ്രീം കോടതിയുടെ മാർഗനിർദേശമുണ്ട്. ഇതിനെ ലാഘവബുദ്ധിയോടെ സമീപിച്ചു തീരുമാനമെടുക്കുന്നവർക്കുള്ള മറുപടിയാണ് ഈ വിധി.

പുതിയ സർക്കാർ അധികാരമേറ്റു രണ്ടു ദിവസത്തിനകം ഡിജിപിയെ മാറ്റിയെങ്കിൽ അതു പ്രവർത്തനമികവു വിലയിരുത്തിയുള്ള തീരുമാനമല്ല. 48 മണിക്കൂർകൊണ്ട് ഒരാളെ വിലയിരുത്താനാകില്ല. രണ്ടു വർഷം പൂർത്തിയാക്കും മുൻപു മതിയായ കാരണങ്ങളില്ലാതെ ടി.പി. സെൻകുമാറിനെ മാറ്റിയ നടപടി തെറ്റാണ്. അതുകൊണ്ടുതന്നെ ഈ വിധി പ്രതീക്ഷിച്ചിരുന്നു.