Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസിന്റെ സ്വാതന്ത്ര്യദിനം!

HARIS-BEERAN

ടി.പി.സെൻകുമാറിന് അനുകൂലമായ വിധിയിലൂടെ, പൊലീ‌സ് സേനയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണു സുപ്രീം കോടതി. രണ്ടു വർഷം പൂർത്തിയാകും മുൻപു കേരളത്തിലെ പൊലീസ് മേധാവിയെ മാറ്റിയതു നിയമപരമായി നിലനിൽക്കുമോയെന്ന ചോദ്യത്തിന് ‘ഇല്ല’ എന്നുതന്നെ കോടതി അസന്നിഗ്ധമായി മറുപടി നൽകുന്നു. ‘ഒരു പൊലീസ് ഓഫിസറും കളിക്കളത്തിലെ കാലാളല്ലെ’ന്നും നീതിപീഠം വ്യക്തമാക്കുന്നു.

സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ കൂട്ടിലടച്ച തത്തയെന്നു സുപ്രീം കോടതി വിശേഷിപ്പിച്ചിട്ട് അധികമായില്ല. സെൻകുമാർ കേസിലെ വിധിയിലൂടെ, പൊലീസിന്റെ കാര്യത്തിൽ, കൂട്ടിലടച്ച തത്തയെ തുറന്നുവിടുകയാണു കോടതി.1861ൽ കൊളോണിയൽ കാലത്താണു പൊലീസ് ആക്ട് ഉണ്ടാവുന്നത്.

1977ൽ കേന്ദ്ര സർക്കാർ രൂപീകരിച്ച പൊലീസ് കമ്മിഷൻ ഒട്ടേറെ പരിഷ്കാരങ്ങൾ ശുപാർശ ചെയ്തു. അതിനുശേഷം രാഷ്ട്രീയ സ്വാധീനത്തിൽ നിന്നു പൊലീസിനെ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ഡസൻ റിപ്പോർട്ടുകളെങ്കിലുമുണ്ടായി; നടപടികളൊന്നുമുണ്ടായില്ലെങ്കിലും.
ഏതു നടപടിയെ ന്യായീകരിക്കാനും സർക്കാരുകൾ ‘വിശേഷാധികാര’ത്തിന്റെ കുട പിടിക്കുകയാണു പതിവ്.

ഈ ഉത്തരവിലൂടെ, നിയമവാഴ്ച നിലനിൽക്കുന്ന സമൂഹത്തിൽ സവിശേഷാധികാരത്തിനു പ്രസക്തിയില്ലെന്നു കോടതി വ്യക്തമാക്കുന്നു; നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്നും. വിവേചനാധികാരവും വിശേഷാധികാരവും പ്രയോഗിക്കാതെ സേവനം ചെയ്യാനാണു നല്ല ഓഫിസർമാർ താൽപര്യപ്പെടുക. എന്നാൽ, രാഷ്ട്രീയ നേതൃത്വത്തിന് ഇതു ദഹിച്ചുകൊള്ളണമെന്നില്ല.

വരുതിക്കു നിൽക്കാത്തവരെ കെട്ടുകെട്ടിക്കാനും അവർ മടിക്കാറില്ല. യുപിയിലും അസമിലും ഡിജിപിയായിരുന്ന പ്രകാശ് സിങ്ങാണ് 1996ൽ ഈ പ്രവണതയ്ക്കെതിരായ പോരാട്ടം തുടങ്ങിവച്ചത്. രാഷ്ട്രീയക്കാരിലും ഭരണരംഗത്തും നിന്നു നേരിടുന്ന ദ്വിമുഖ സമ്മർദത്തിനു പൊലീസ് വഴങ്ങേണ്ടി വരുന്നുവെന്നാണ് അന്നു കോടതി നിരീക്ഷിച്ചത്. ‌പ്രധാനികൾക്കു വേണ്ടിയും ‌പ്രധാനികളോടു ചേർ‌ന്നു ‌നിൽക്കുന്നവർക്കു വേണ്ടിയും നിലപാടുകൾ ബലികഴിക്കാൻ പൊലീസ് നിർബന്ധിതമാകുന്നുവെന്നും.

ഈ പശ്ചാത്തലത്തിലാണു 2006ൽ സംസ്ഥാന സുരക്ഷാ കമ്മിഷനുകൾക്കു രൂപം നൽകാൻ സുപ്രീം കോടതി സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയത്. പൊലീസ് നയരൂപീകരണത്തിലും സംസ്ഥാന പൊലീസ് മേധാവിയെ നിയമിക്കുന്നതിലും നീക്കുന്നതിലും നിർണായക പങ്കുവഹിക്കുകയായിരുന്നു കമ്മിഷന്റെ ചുമതല. എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നതോദ്യോഗസ്ഥർക്കു രണ്ടു വർഷ നിയമനം ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി നിർദേശിച്ചു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ബോർഡിനും പൊലീസിനെതിരായ പരാതികൾ പരിഗണിക്കുന്നതിനു പരാതി കമ്മിഷനും രൂപം നൽകാനും കോടതി നിർദേശിച്ചു. ബാഹ്യസമ്മർദങ്ങളിൽ നിന്നു പൊലീസിനെ മുക്തമാക്കുന്നതിനുള്ള നടപടികളായിരുന്നു ഇവ.

ഈ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണു 2011ൽ കേരള നിയമസഭ കേരള പൊലീസ് ആക്ട് പാസാക്കിയത്. പ്രകാശ് സിങ് കേസിൽ നൽകിയ നിർദേശങ്ങളിൽ വെള്ളം ചേർത്താണു കേരള പൊലീസ് ആക്ട് പാസാക്കിയിരിക്കുന്നതെന്ന ശക്തമായ വിമർശനവും സെൻകുമാർ കേസ് വിധിയിൽ സുപ്രീം കോടതി ഉന്നയിച്ചിട്ടുണ്ടെന്നതു ശ്രദ്ധേയം.‌

രാഷ്ട്രീയ മേൽക്കോയ്മയിൽ നിന്നു പൊലീസിനെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ പ്രകാശ് സിങ്ങിന്റെ വഴിയേ സഞ്ചരിക്കുകയാണു സെൻകുമാറും. രാഷ്ട്രീയ നേതൃത്വവുമായി യുദ്ധത്തിനു മുതിരാതെ വഴിമാറിക്കൊടുക്കാൻ പലപ്പോഴും പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധിതരാവുകയാണ്. സത്യസന്ധനായ വിജിലൻസ് മേധാവിയോട് അവധിയിൽ പ്രവേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടതും ഈ സാഹചര്യത്തിൽ ഓർമിക്കുക.

ഡിജിപി സെൻകുമാറിനെ മതിയായ കാരണങ്ങളില്ലാതെ മാറ്റിയതിനെ കടുത്ത ഭാഷയിലാണു കോടതി വിമർശിക്കുന്നത്. നടപടിക്കു വിശ്വസനീയ കാരണങ്ങളുണ്ടായിരുന്നില്ലെന്നുതന്നെ പരമോന്നത നീതിപീഠം കണ്ടെത്തുന്നു. ഇഷ്ടമില്ലാത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തൂത്തെറിയും ‌മുൻപു രണ്ടു വട്ടം ചിന്തിക്കാൻ സർ‌ക്കാരുകളെ ‌പ്രേരിപ്പിക്കുന്നതാകും, ഈ വിധിന്യായം; സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം ഉയർത്തുന്നതും.

വിധിന്യായത്തിലെ 94–ാം ഖണ്ഡിക ഉദ്ധരിക്കട്ടെ: ‘ഭരണകൂടത്തോടോ പൗരനോടോ ചാ‌യ്‌വു കാട്ടേണ്ടി വരുന്ന സാഹചര്യത്തിൽ ഞങ്ങൾ സംശയത്തിന്റെ ആനുകൂല്യം പൗരനു തന്നെ നൽകും; ഉറപ്പായും അയാളോടു ചായ്‌വു കാട്ടും’.

(ടി. പി. സെൻകുമാറിനു വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകരിൽ ഒരാളാണു ലേഖകൻ)