Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദ്യോഗസ്ഥരുടെ ആത്മവീര്യം വർധിപ്പിക്കുന്ന വിധി; ശ്രീറാമിനും ആശ്വസിക്കാം!

sajan-peter

ഒരു പുതിയ സർക്കാർ അധികാരത്തിൽ വന്നു ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന പൊലീസ് മേധാവിയെ മാറ്റാനെടുത്ത തീരുമാനത്തെയാണു സുപ്രീം കോടതി അസ്ഥിരപ്പെടുത്തിയിരിക്കുന്നത്. ഈ തീരുമാനമെടുക്കുന്നതിലുണ്ടായ തിടുക്കംതന്നെ ഒരു കാര്യം വ്യക്തമാക്കുന്നു: മുൻവിധിയോടെയുള്ള തീരുമാനമായിരുന്നു അത്. അതിനുള്ള ‘ന്യായ’മായി പരാമർശിച്ചിരിക്കുന്നത് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഒരു കുറിപ്പാണ്.

തിരഞ്ഞെടുപ്പിൽ നല്ല ജനപിന്തുണയോടെ അധികാരത്തിൽ വന്ന ഒരു സർക്കാർ കേവലം ആഭ്യന്തരവകുപ്പു സെക്രട്ടറിയുടെ കുറിപ്പു മാത്രം മാനിച്ചു സംസ്ഥാന പൊലീസ് മേധാവിയെ തൽസ്ഥാനത്തുനിന്നു നീക്കി എന്നാരെങ്കിലും വിശ്വസിക്കുമെന്നു കരുതാൻ വയ്യ. ഒന്നു വ്യക്തം: പൊലീസ് മേധാവി പുതിയ സർക്കാരിന്റെ കണ്ണിലെ കരടായിരുന്നു.

സ്ഥാനമാറ്റത്തിനു കാരണങ്ങളൊന്നുമില്ലാത്തതിനാൽ ‘പുറ്റിങ്ങൽ ദുരന്തവും’ ‘ജിഷ്ണു വധക്കേസ് അന്വേഷണവും’ ആയുധങ്ങളാക്കി എന്നു മാത്രം. ഈ രണ്ടു കാര്യങ്ങളിലും സെൻകുമാറിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുള്ളതായി പരമോന്നത നീതിപീഠത്തിനു ബോധ്യമാകാത്തതിനാലാണല്ലോ അദ്ദേഹത്തിന്റെ വാദങ്ങൾ അംഗീകരിക്കപ്പെട്ടത്.

രാജ്യത്തിനാകെ പ്രസക്തിയുള്ള ഒരു സുപ്രധാന വിധിയായി വേണം ഇതിനെ കാണാൻ. മാറി മാറി വരുന്ന സർക്കാരുകളുടെ ഇംഗിതം മാത്രമനുസരിച്ചു വേണം ഉദ്യോഗസ്ഥർ ഭരണനിർവഹണം നടത്തേണ്ടത് എന്ന തെറ്റായ ധാരണയാണ് ഇവിടെ തകർന്നടിയുന്നത്.
ജനകീയ സർക്കാരുകൾ രൂപം കൊടുക്കുന്ന നയങ്ങൾക്കനുസൃതമായി തന്നെയാകണം അവ നടപ്പാക്കാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടത്.

എന്നാൽ, എന്തെങ്കിലും ഒരു നയത്തിനു പുതിയ സർക്കാർ രൂപം കൊടുക്കുന്നതിനു മുൻപുതന്നെ പൊലീസ് മേധാവി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. നിഷ്പക്ഷമായി, നിയമപരമായി തങ്ങളുടെ കർത്തവ്യം നിർവഹിക്കുന്ന ഉദ്യോഗസ്ഥർക്ക് അതിന്റെ പേരിൽത്തന്നെ പീഡനമനുഭവിക്കേണ്ടി വരുന്ന സാഹചര്യം ഈ വിധിയിലൂടെ സുപ്രീംകോടതി ഒഴിവാക്കിയിരിക്കുന്നുവെന്നതാണു ഞാൻ കാണുന്ന മഹത്വം.

ആഭ്യന്തരവകുപ്പിന്റെ അഡീഷനൽ ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള എനിക്കു പരിചയമുള്ള സെൻകുമാർ തികഞ്ഞ ആത്മാർഥതയോടെ, നിഷ്പക്ഷമായി, നിയമവിധേയമായി കാര്യങ്ങൾ ചെയ്യുന്ന ഒരുദ്യോഗസ്ഥനാണ്. ആ കാലയളവിൽ സെൻകുമാർ ഇന്റലിജൻസ് വകുപ്പു മേധാവിയായിരുന്നു. തികഞ്ഞ സത്യസന്ധതയോടെ പ്രവർത്തിക്കുന്ന ഒരുദ്യോഗസ്ഥനു മാത്രമേ സർക്കാരിന് അപ്രിയമായ സത്യങ്ങൾകൂടി വസ്തുനിഷ്ഠമായി വിലയിരുത്തി ഉപദേശം നൽകുവാൻ കഴിയുകയുള്ളൂ.

സെൻകുമാറിന് അതു പരിപൂർണമായി സാധിച്ചിരുന്നതുകൊണ്ടു കൂടിയാകാം ഒരുപക്ഷേ സർക്കാർ മാറിവന്നപ്പോൾ അദ്ദേഹത്തിനു വിനയായത്. പ്രകാശ്സിങ് കേസിന്റെ സാഹചര്യത്തിലാണു പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള നിയമന യോഗ്യത നിർണയിക്കുന്നതിൽ സുപ്രീം കോടതിയുടെ ഇടപെടലുകളുണ്ടായത്.

സംസ്ഥാന പൊലീസ് സേനയുടെ തലവൻ, ക്രമസമാധാന പരിപാലനത്തിന്റെ ചുമതലയുള്ള ഡിജിപി എന്ന നിലയിൽ സുപ്രധാന സ്ഥാനത്തെത്തുന്ന ഉദ്യോഗസ്ഥനെ തിര​ഞ്ഞെടുക്കാനുള്ള മാർഗവും, അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്കു രണ്ടു വർഷമെങ്കിലും ആ സ്ഥാനത്തു തുടരാനുള്ള കാലാവധിയും നിർണയിക്കപ്പെട്ടതു പരമോന്നത കോടതിയുടെ മാർഗനിർദേശങ്ങളുടെ വെളിച്ചത്തിലാണ്.

സെൻകുമാറിന്റെ ഈ യോഗ്യതകളെല്ലാം തികഞ്ഞ മുൻവിധിയോടെ ലംഘിക്കപ്പെട്ടു കണ്ടപ്പോൾ അദ്ഭുതം തോന്നാതിരുന്നില്ല. അതിനാൽത്തന്നെ ഇപ്പോഴത്തെ വിധി പ്രതീക്ഷിച്ചതുമാണ്. തന്നോടു കാണിച്ചതു തികഞ്ഞ അനീതിയാണെന്ന് ഉത്തമവിശ്വാസം ഉണ്ടായതുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം സുപ്രീം കോടതി വരെ പോകാൻ തയാറായതും.
ഈ വിധി സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ആത്മവീര്യം വർധിപ്പിക്കും, സംശയമില്ല.

അതിനാൽത്തന്നെ മൂന്നാർ സബ് കലക്ടർ ശ്രീറാമിനും ആശ്വസിക്കാം. ആത്മാർഥതയോടെ തന്റെ ദൗത്യത്തിൽ മുന്നേറാം. ഭരണകക്ഷിയെന്ന പേരിൽ അവർക്കു തടസ്സം സൃഷ്ടിക്കുന്ന രാഷ്ട്രീയ നേതാക്കൾക്ക് ഒരു മുന്നറിയിപ്പുമാണ് – നിയമപരമായി തങ്ങളുടെ കർത്തവ്യം നിർവഹിക്കുന്നവരെ തടസ്സപ്പെടുത്തിയാൽ പരമോന്നത കോടതിയുണ്ട് അവരുടെ രക്ഷകരായി.

(മുൻ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിയാണ് ലേഖകൻ)