Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂമ്പൊടിയുന്ന നീര പദ്ധതി

neera-

കള്ളും നീരയും തമ്മിലുള്ള വ്യത്യാസം എള്ളോളമേയുള്ളൂ! തെങ്ങിൽ നിന്നു ചെത്തിയിറക്കുന്ന നീര പുളിച്ചാൽ കള്ളായി മാറും. കുടിച്ചാൽ ഫിറ്റാകും. പുളിക്കുന്നതു തടഞ്ഞാൽ ആരോഗ്യപാനീയമായ നീരയായി. കൃത്യസമയത്ത് ‘ഇടപെട്ടു’ നീരയെ പുളിക്കുന്നതു തടയുകയാണു നീര നിർമാണത്തിന്റെ കാതൽ.

ദൗർഭാഗ്യവശാൽ നീര നിർമാണത്തിന്റെ മർമമായ ഇത്തരമൊരു ‘ഇടപെടൽ’ നീര വികസന പദ്ധതിയിൽ സർക്കാർ നടത്തിയില്ല. നാലു വർഷം പ്രായമായ പദ്ധതി നിലനിൽക്കണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. അതില്ലെന്നു മാത്രമല്ല, നീരയുടെ വേരു പിഴുതെടുക്കാൻ ചില ഇടപെടലുകൾ അണിയറയിൽ നടക്കുകയും ചെയ്യുന്നു.

സംശയിക്കേണ്ട, ഇങ്ങനെയായാൽ, കേരളത്തിന്റെ നീര പുളിച്ചു തുടങ്ങും. കേരകർഷകർക്കു വാഗ്ദാനത്തിന്റെ പെരുമഴ നൽകി ആരംഭിച്ച നീര വികസന പദ്ധതിയിലേക്കു പിന്നീട് സർക്കാരുകളൊന്നും തിരിഞ്ഞു നോക്കിയില്ല. സർക്കാരിന്റെ വാക്കു വിശ്വസിച്ചു നീര ചെത്താൻ തളാപ്പു കെട്ടിയ കർഷകരും സംഘങ്ങളും ഇന്നു ഗതികേടിന്റെ വക്കിലാണ്.

കറന്നെടുക്കുന്ന പാൽ ശീതീകരിക്കാനോ പാക്കറ്റിലാക്കി വീടുകളിൽ എത്തിക്കാനോ സൗകര്യമില്ലെങ്കിൽ മിൽമ എങ്ങനെ പ്രവർത്തിക്കും. അതേ സ്ഥിതിയാണു തെങ്ങിൽ നിന്നു ചെത്തിയിറക്കുന്ന നീരയ്ക്ക്. അടിസ്ഥാന സൗകര്യ വികസനത്തിന് കാലാകാലങ്ങളായുള്ള സർക്കാരുകൾ 5000 കോടിയോളം സഹായം നൽകിയതു കൊണ്ടാണു പാൽ ഉൽപാദക സംഘങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നത്. എന്നാൽ, സമാനമായ സഹായം നീര നിർമാണ പദ്ധതിക്കു നൽകാൻ കേരളത്തിലെ സർക്കാരുകൾ തയാറാകുന്നില്ല.

ആർക്കു വേണ്ടിയാണ് നീരയെ കൊല്ലുന്നത് ?

ഏതാനും നാൾ മുൻപു തമിഴ്നാട്ടിൽ നിന്നുള്ള വ്യവസായ യൂണിറ്റ് പ്രതിനിധി മലബാറിലെ നീര നിർമാണ സഹകരണ സംഘത്തിന്റെ ഓഫിസിൽ എത്തി. കേരളത്തിൽ‌ ഉൽപാദിപ്പിക്കുന്നതിന്റെ പകുതി വിലയ്ക്കു നീര കമ്പനിപ്പടിക്കൽ എത്തിച്ചു തരാമെന്നാണു വാഗ്ദാനം. തെങ്ങിൽ കയറാതെ നല്ല ലാഭത്തിനു നീര വിൽക്കാനുള്ള അവസരം കളയരുതെന്നും പ്രതിനിധി ഓർമിപ്പിച്ചു.

കേരളത്തിലെ നീരവിപണി ലക്ഷ്യമിട്ടു തമിഴ്നാട്ടിൽ നടക്കുന്ന ഒരുക്കത്തിന്റെയും വികസനത്തിന്റെയും ഭാഗമായാണു പ്രതിനിധി വന്നത്. പ്രതിനിധി മടങ്ങിയതിന്റെ തൊട്ടടുത്ത ദിവസം എക്സൈസ് വകുപ്പിൽ ചെന്ന നീര കർഷക സംഘത്തിനു മറ്റൊരു മറുപടിയും കിട്ടി. നീര ചെത്താൻ ലൈസൻസ് നൽകാൻ സാധിക്കില്ല. കാരണം, കഴിഞ്ഞ ദിവസം കാലാവധി നീട്ടിയ മദ്യനയത്തിൽ നീര ഇല്ല. വിട്ടുപോയതാകാം അല്ലെങ്കിൽ വിട്ടുകളഞ്ഞതാകാം!

വിദേശമദ്യം മുതൽ അരിഷ്ടത്തിനു വരെയുള്ള ലൈസൻസുകളെക്കുറിച്ചു വിശദമായി ചട്ടം വിവരിക്കുന്ന മദ്യനയത്തിൽ നീര മാത്രം വിട്ടുപോയതിൽ ഗൂഢാലോചനയുണ്ടോയെന്നു സംശയിക്കുന്നതിൽ തെറ്റില്ല. ഏതായാലും കേരളത്തിൽ നീര ഉൽപാദനം കുറഞ്ഞുവെന്നും എന്നാൽ വിപണി ഇപ്പോഴും ഉണ്ടെന്നും അയൽ സംസ്ഥാനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു.

പ്രതിദിനം കാൽ ലക്ഷം ലീറ്ററിലേറെ നീര ഉൽപാദിപ്പിച്ചിരുന്ന കേരളത്തിൽ ഇന്നു നിർമിക്കുന്നത് 10000ൽ താഴെ മാത്രം. അതേസമയം ആവശ്യക്കാരുടെ എണ്ണം ഏറുകയും ചെയ്യുന്നു.

 എവിടെ സൂക്ഷിക്കും ?

കേരകർഷകർക്കു രക്ഷപ്പെടാനുള്ള അവസാന ബസ് എന്ന നിലയ്ക്കാണു നീര നിർമാണ പദ്ധതി നാലു വർഷം മുൻപു രൂപമെടുക്കുന്നത്. നീര പുളിച്ചു കള്ളാകുന്നതു തടയുന്നതിനുള്ള സാങ്കേതികവിദ്യ വർഷങ്ങളായി കൈവശമുണ്ടായിരുന്നെങ്കിലും ചില ലോബികളുടെ സമ്മർദം മൂലം പദ്ധതിക്കു വേരു പിടിച്ചില്ല. ഒടുവിൽ നാളികേര വികസന ബോർഡിന്റെ ശ്രമഫലമായി പദ്ധതി നടപ്പായി.

18 കോടി തെങ്ങുകളുള്ള കേരളത്തിൽ അതിന്റെ പത്തു ശതമാനം നീര ചെത്താൻ ഉപയോഗിക്കാമെന്നാണു കണക്ക്. നീര ചെത്താൻ തെങ്ങു നൽകിയാൽ മാസം കർഷകന് 1000 രൂപ കിട്ടും. കള്ളു ചെത്തുന്നതിനു 400 രൂപയോളമാണ് ഉടമയ്ക്കു ലഭിക്കുന്നത്.

അതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നീര നിർമാണ കർഷക സംഘങ്ങൾ രൂപീകരിച്ചു. അവയുടെ നേതൃത്വത്തിൽ നിർമാണക്കമ്പനികളും പ്രവർത്തനം ആരംഭിച്ചു. വിവിധ സ്ഥലങ്ങളിൽ നീര വിൽപന കേന്ദ്രങ്ങളും സ്ഥാപിച്ചതോടെ ആരോഗ്യ പാനീയത്തിന് ആവശ്യക്കാർ ഏറെയായി. ആദ്യഘട്ടം വിജയം.

എന്നാൽ, രണ്ടാംഘട്ടത്തിലെ അടിസ്ഥാന വികസനം നടന്നില്ല. ചെത്തിയിറക്കുന്ന നീര പുളിക്കാതെ ഉപഭോക്താക്കളിൽ എത്തിക്കുന്നതിലാണു വ്യവസായത്തിന്റെ വിജയമന്ത്രം. അതിനു ശീതീകരിച്ച ശൃംഖലയും സുരക്ഷിത വിപണനത്തിനു ടെട്രാപാക്ക് പോലുള്ള സംഭരണ സംവിധാനവുമാണു സജ്ജമാക്കേണ്ടിയിരുന്നത്. ഇവ രണ്ടും യാഥാർഥ്യമായില്ല.

പ്ലാസ്റ്റിക് കുപ്പിയിൽ വിതരണം ചെയ്യുന്ന നീരയ്ക്ക് ആവശ്യക്കാർ കുറഞ്ഞു. വിദേശത്തു നിന്ന് ആവശ്യക്കാർ വന്നെങ്കിലും സുരക്ഷിതമായ പാക്കിങ് അവർ ആവശ്യപ്പെട്ടു. വാങ്ങാൻ ആളും വിൽക്കാൻ ഉൽപന്നവും ഉണ്ടെങ്കിലും വിൽപന നടക്കാത്ത സാമ്പത്തിക ശാസ്ത്രമായി നീരയുടേത്.

മൂന്നു ജില്ലകൾക്കു പ്രയോജനം ലഭിക്കാവുന്ന ടെട്രാ പാക്കിങ് യൂണിറ്റുകൾക്ക് 25 കോടിയാണു മുടക്കുമുതൽ. 10,000 ലീറ്റർ നീര വിതരണത്തിനുള്ള ശീതീകരിച്ച ശൃംഖലയ്ക്ക് ഒരു കോടിയോളം മുടക്കു വരും. ഇവ രണ്ടും ഒരുക്കാൻ അധികൃതർ മുന്നോട്ടു വന്നില്ല.

കർഷകർ ശേഖരിച്ച 40 കോടിയോളം രൂപയിലാണ് ഇപ്പോൾ സംഘങ്ങൾ പ്രവർത്തിക്കുന്നത്. 14 ശതമാനം പലിശയ്ക്കു വായ്പ എടുത്താണു സംഘങ്ങൾ പണം കണ്ടെത്തുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ മാത്രമാണു നീരയ്ക്ക് 20 കോടി രൂപയുടെ സഹായം നൽകിയത്.

ചെത്തിയിട്ട് എന്തു കാര്യം ?

ഭരിക്കുന്ന പാർ‌ട്ടിയുടെ പ്രതിനിധികളെ കണ്ട് ഈയിടെ നീര കർഷകർ സഹായം അഭ്യർഥിച്ചു. അധികം വളച്ചുകെട്ടില്ലാതെ നേതാവ് കാര്യം പറഞ്ഞു. നീര കർഷകരെ സഹായിച്ചിട്ടു സർക്കാരിന് എന്തു പ്രയോജനം?

സംഘത്തിന്റെ തലപ്പത്തു ഞങ്ങളുടെ നേതാവിനെ നിയമിക്കാൻ പറ്റില്ല. കൊടി വച്ച, ചുവന്ന ബോർഡുള്ള കാറും കിട്ടില്ല. സംഘത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ ഞങ്ങളുടെ ആളുകളെ തിരുകിക്കയറ്റാനും പറ്റില്ല. പിന്നെന്തിനു സഹായിക്കണം?

നേതാവിന്റെ ചോദ്യം സത്യമാണ്. രാഷ്ട്രീയത്തിന് അതീതമായാണു നീര ഉൽപാദക സംഘങ്ങൾ രൂപീകരിച്ചത്. നീരയിൽ നിന്നു രാഷ്ട്രീയം അകന്നതോടെ സംഘങ്ങൾ നന്നായി പ്രവർത്തിച്ചു. എന്നാൽ, അതോടെ രാഷ്ട്രീയക്കാരും നീരയെ കൈവിട്ടു. പോരാത്തതിനു കള്ളു ലോബിയുടെ സമ്മർദവും. നീര പുളിച്ചു കള്ളാകേണ്ടത് ചിലരുടെ ആവശ്യമായി മാറി.

നമുക്കെന്തിനു നീര ?

മുറ്റത്തെ തെങ്ങിന്റെ ഗുണവും മണവും കേരളം കാണുന്നില്ലെങ്കിലും ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. തേങ്ങയ്ക്കും അനുബന്ധ ഉൽപന്നങ്ങൾക്കുമായി വൻവിപണിയാണ് ഒരുങ്ങുന്നത്. ആഴ്ചയിൽ 10,000 ടൺ തേങ്ങ കയറ്റി അയയ്ക്കാമോ എന്നാരാഞ്ഞ് ചൈനീസ് പ്രതിനിധികൾ പലവട്ടം കേരളത്തിലെത്തിക്കഴിഞ്ഞു.

തേങ്ങയുടെ രാജ്യാന്തര വിപണി കണ്ടു ചൈന സർക്കാർ നേരിട്ടാണു വ്യവസായം സ്ഥാപിക്കുന്നത്. വിർജിൻ വെളിച്ചെണ്ണ, നീര, തേങ്ങാ വെള്ളം, കരിക്ക്, ശർക്കര എന്നിവയ്ക്കാണ് ആവശ്യക്കാർ ഉയരുന്നത്. തേങ്ങ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ലോകത്തിൽ രണ്ടു ശതമാനമാണ് ഇന്ത്യയുടെ പങ്ക്. അതിൽ സിംഹഭാഗവും ചിരട്ടക്കരിയും.

ലോകവിപണി മുതലാക്കാൻ ഏറ്റവും സമർഥമായ നീക്കം നടത്തുന്നതു തമിഴ്നാടാണ്. തേങ്ങാവെള്ളത്തിനും നീരയ്ക്കും ഉപയോഗിക്കാവുന്ന ഒട്ടേറെ ടെട്രാപാക്ക് യൂണിറ്റുകൾ തമിഴ്നാട് സ്ഥാപിച്ചുകഴിഞ്ഞു. ലക്ഷ്യം കേരളത്തിലെ വിപണിയിലൂടെ ലോകത്തിൽ എത്തുക. ഉൽപാദനച്ചെലവു കുറവായതിനാൽ പകുതി വിലയ്ക്കു നീര നൽകാനും അവർക്കു സാധിക്കും.

നെല്ലും കോഴിയും കയറും സഹ്യൻ കടന്നതുപോലെ നീരയും കേരളം കടക്കുമോ? പണ്ടു ലോകവിപണിയിൽ കൊച്ചിയായിരുന്നു വെളിച്ചെണ്ണയുടെ അടിസ്ഥാനവിപണി. ഇന്നു കാങ്കയത്തിനാണ് ആ സ്ഥാനം. അതുപോലെ കയറിന്റെ വിപണി ആലപ്പുഴയിൽ നിന്നു പൊള്ളാച്ചിയിലേക്കു മാറി. അങ്ങനെ സ്വപ്നം കാണുന്നവരും തെങ്ങിന്റെ ചുവട്ടിലുണ്ട്.