Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീരയിൽ പ്രതീക്ഷ നുരയട്ടെ

ആവേശത്തോടെ നീര ഉൽപാദിപ്പിക്കാൻ പുറപ്പെട്ട അഞ്ചു ലക്ഷത്തോളം നാളികേര കർഷകരിൽ വീണ്ടും പ്രതീക്ഷ നുരയുന്നു. വിപണി കണ്ടെത്താനാകാതെ പ്രതിസന്ധിയിലായ നീര ഉൽപാദകസംഘങ്ങളെ രക്ഷിക്കാനുള്ള കൃഷിവകുപ്പിന്റെ ശ്രമമാണു നമ്മുടെ കൃഷിക്കാർ അടുത്തകാലത്തു കണ്ട വലിയൊരു സ്വപ്‌നത്തിനു വീണ്ടും നിറംചാർത്തുന്നത്.

കേരകർഷകനു പുതിയ ആത്മവിശ്വാസം നൽകിയാണു മൂന്നു വർഷംമുൻപു നീര വിപണിയിലെത്തിയത്. ആദായം വർധിപ്പിക്കുകയും അവഗണന അവസാനിപ്പിക്കുകയും ചെയ്‌ത്, നാളികേരക്കൃഷിക്കു നല്ലൊരു ഭാവി ഉറപ്പാക്കാനുള്ള ശ്രമമാണു നീര ഉൽപാദിപ്പിക്കാനും വിപണനം നടത്താനും അനുവദിച്ചതിലൂടെ സംസ്‌ഥാന സർക്കാർ നടത്തിയത്.

തെങ്ങിൽനിന്നു മികച്ച വരുമാനം നേടാൻ ഈ പാനീയവും അനുബന്ധവ്യവസായങ്ങളും സഹായിക്കുമെന്നു തെളിയിക്കാനൊരുങ്ങുകയായിരുന്നു കേരകർഷകർ. ടി.കെ. ജോസ് നാളികേര വികസന ബോർഡ് െചയർമാനായിരിക്കെ ദീർഘവീക്ഷണത്തോടെ നൽകിയ മാർഗനിർദേശങ്ങളും സജീവപിന്തുണയുമാണ് ഇത്ര വലിയ സംരംഭത്തിലേക്കു തിരിയാൻ നാളികേര കർഷകർക്ക് ഊർജം പകർന്നത്. 

ആഘോഷത്തോടെ ആരംഭിച്ച പദ്ധതി പക്ഷേ, അധികംവൈകാതെ തന്നെ വഴിമുടക്കങ്ങളിൽ ചെന്നുപെട്ടു. നീര ഉൽപാദിപ്പിക്കുന്ന കേര കർഷകരും അവരുടെ കൂട്ടായ്മയും ഉൽപാദക കമ്പനികളുമൊക്കെ ചേർന്ന ഈ സംവിധാനം ഇതിനകം അനുഭവിച്ചതിനെ ബാലാരിഷ്‌ടകൾ എന്നു പറഞ്ഞു ചെറുതാക്കാനാവില്ല. പദ്ധതി ഏറ്റെടുത്ത ഉൽപാദക കമ്പനികൾ വിപണിയിൽ നേരിട്ട തിരിച്ചടി ഈ വലിയ സ്വപ്നത്തിന്റെ കൂമ്പൊടിക്കുമോ എന്നുപോലും തോന്നിക്കുന്നതായി.

വിപണി കണ്ടെത്താനും കർഷകരെ സഹായിക്കാനും സർക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായി പിന്തുണയില്ലാതായതോടെയാണ് സംരംഭകർ പ്രതിസന്ധിയിലായത്. പ്രതിദിനം 40,000 ലീറ്റർ നീര ഉൽപാദിപ്പിച്ച സ്ഥാനത്ത് ഇപ്പോൾ 10,000 ലീറ്റർ വരെയായതു തളർച്ച വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യം നേരിടുകയാണു നീര ഉൽപാദകസംഘങ്ങൾ.

ടെക്നീഷ്യന്മാരുടെ കുറവു വലിയ പ്രശ്നമാണ്. നീര ഉൽപാദനത്തിനു നേതൃത്വം നൽകിയ നാളികേര വികസന ബോർഡിന് ഒരു വർഷത്തിലേറെയായി നാഥനില്ലാത്തതു മുതൽ പല പ്രശ്നങ്ങളും ഈ പദ്ധതിയെ തളർത്തുകയാണ്. രുചിവ്യത്യാസവും ഉയർന്ന വിലയും വിപണനത്തിൽ പ്രഫഷനലിസം കുറഞ്ഞതുമൊക്കെകാരണം വിപണിയിൽ വേണ്ടത്ര ശ്രദ്ധനേടാൻ നീരയ്ക്കു കഴിഞ്ഞില്ല. നിലവിലുള്ള ഏഴു കമ്പനികൾ നീര ഉൽപാദിപ്പിക്കുന്നത് വ്യത്യസ്ത രീതിയിലായതുകൊണ്ടാണു രുചിയിൽ വ്യത്യാസമുണ്ടായത്. 

അനുമതി ലഭിച്ചു മൂന്നു വർഷം കഴിഞ്ഞിട്ടും കേരളത്തിലെ നാളികേര കർഷകർക്കു ഗുണകരമാവുന്ന രീതിയിലേക്കു നീരവ്യവസായം വളർന്നില്ല എന്നതു ബന്ധപ്പെട്ടവരെ ആത്മപരിശോധനയിലെത്തിക്കേണ്ടതുതന്നെയായിരുന്നു.

ഇപ്പോഴത്തെ  കഷ്ടസാഹചര്യങ്ങൾ മനസ്സിലാക്കി, നീര നിർമാണത്തിനുള്ള സാങ്കേതികവിദ്യകൾ ഏകോപിപ്പിച്ച് ഒരേ നിലവാരത്തിലാക്കി വിപണിയിലെത്തിക്കാനുള്ള മാർഗങ്ങളെക്കുറിച്ചു പഠിക്കാൻ കാർഷിക സർവകലാശാലയെ കൃഷിവകുപ്പ് ചുമതലപ്പെടുത്തിയതാണു പ്രതീക്ഷയിലേക്കു വീണ്ടും വഴിവെട്ടുന്നത്.

ഒരേ ബ്രാൻഡിൽ നീര വിതരണം ചെയ്യാനുള്ള പദ്ധതി കൃഷിവകുപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്. നീര സുരക്ഷിതമായി വിപണിയിലെത്തിക്കാനുള്ള ടെട്രാ പായ്ക്ക് യൂണിറ്റുകൾ സർക്കാരിന്റെ നേതൃത്വത്തിൽ സ്ഥാപിക്കേണ്ടതും അടിയന്തരാവശ്യമാണ്.

ഈ വലിയ ജനകീയ പ്രസ്ഥാനം പ്രതിസന്ധികൾ തരണംചെയ്‌തു വളരാൻ തീർച്ചയായും പിന്തുണ ആവശ്യമാണ്. നയപരമായും സാമ്പത്തികമായുമൊക്കെ കൃഷിക്കാരുടെ നീര സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ സംസ്‌ഥാന സർക്കാരിനു കഴിയണം.  മൂല്യവർധനയുടെ സാധ്യതകൾ, യുക്തിസഹമായ വില, വിപണനതന്ത്രങ്ങൾ എന്നിങ്ങനെ നമ്മുടെ നീര വ്യവസായം അടിയന്തരമായി ശ്രദ്ധവയ്ക്കേണ്ട ഒട്ടേറെ വിഷയങ്ങളിൽ തുടർനടപടികൾ ഉണ്ടാകേണ്ടതുണ്ട്.

അയൽ സംസ്ഥാനങ്ങളായ കർണാടകയും തമിഴ്നാടും ഈ മേഖലയിൽ ചുവടുറപ്പിക്കുന്നതിനുമുൻപുതന്നെ കേരളത്തിന്റെ നീര ലോകവിപണിയിൽ സ്ഥാനം പിടിക്കേണ്ടിയിരിക്കുന്നു.