Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവർ ഹാക്ക് ചെയ്യും ഇമെയിൽ മുതൽ ഹൃദയം വരെ

cybe-rseries

വർഷം 1903, 

വാട്ട്സാപ്പിനും ഫെയ്സ്ബുക്കിനുമൊക്കെ ഒരുപാടു മുൻപ്, ആധുനിക റേഡിയോയുടെ പിതാവെന്നറിയപ്പെടുന്ന ഗുഗ്ലി യെൽമോ മാർക്കോണി താൻ വികസിപ്പിച്ച വയർലെസ് ടെലിഗ്രാഫി സാങ്കേതികവിദ്യ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ തയാറെടുത്ത നിമിഷം. പരീക്ഷണം കാണാനായി റോയൽ അക്കാദമി ഓഫ് സയൻസിസിൽ വൻജനാവലി തടിച്ചുകൂടി. പ

രീക്ഷണത്തിന് മിനിറ്റുകൾക്കു മുൻപ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഉപകരണം മോഴ്സ് കോഡിൽ മാർക്കോണിയെ അധിക്ഷേപിക്കുന്ന ചില വാചകങ്ങൾ ടൈപ്പ് ചെയ്യാൻ തുടങ്ങി! മാന്ത്രികനും ടെലഗ്രാഫ് ​ഓപ്പറേറ്ററുമായിരുന്ന നെവിൽ മാസ്കിലീൻ ഒപ്പിച്ച ഒരു കിടിലൻ ഹാക്കിങ്! എല്ലാവരും ഞെട്ടിയെങ്കിലും, ഒരു ഗുണമുണ്ടായി. റേഡിയോ ഒരു സ്വകാര്യ ഇടമല്ലെന്നും അതിൽ ആർക്കും നുഴഞ്ഞുകയറാമെന്നും ആ സംഭവം മാർക്കോണിയെ പഠിപ്പിച്ചു. 

വർഷം 2017, 

ഈ സംഭവം നടന്നിട്ട് ഒരു നൂറ്റാണ്ടു കഴിയുന്നു. ഇത് ഫെയ്സ്ബുക്കിന്റെയും ഗൂഗിളിന്റെയും കാലം. എങ്കിലും ചില ചോദ്യങ്ങൾ മാത്രം ബാക്കി. നമ്മുടെ സ്വകാര്യസംഭാഷണങ്ങളും ഇടപെടലുകളും മറ്റൊരാൾ അറിയുന്നുണ്ടോ? എല്ലാം കണ്ടുകൊണ്ട് ഒരാൾ മുകളിലിരിപ്പുണ്ടോ?

∙ ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) അത്ര കൂളല്ല

തൂണിലും തുരുമ്പിലും വരെ ഇന്റർനെറ്റ് കണക്ടിവിറ്റിയുള്ള കാലമാണിത്. പച്ചക്കറി തീർന്നാൽ ഉടമയെ അറിയിക്കുന്ന ഫ്രിജിന്റെയും വീട്ടുപടിക്കൽ വന്നുനിൽക്കുന്നത് അടുത്ത ബന്ധുവാണെന്നു പറഞ്ഞുതരുന്ന ക്യാമറയുടെയും കാലം. 

ട്വിറ്റർ ഉൾപ്പെടെ 1200 ലധികം ഇന്റർനെറ്റ് വിലാസങ്ങളാണു മാസങ്ങൾക്കു മുൻപ് പെട്ടെന്നൊരു നിമിഷം പ്രവർത്തനരഹിതമായത്. വീടിന്റെ ഒരു മൂലയിലിരുന്ന റഫ്രിജറേറ്ററും വാഷിങ് മെഷീനും വീട്ടുമുറ്റത്തു വച്ചിരിക്കുന്ന സുരക്ഷാക്യാമറകൾ പോലും ഈ അക്രമണത്തിനായി ഉപയോഗിക്കപ്പെട്ടു.

എങ്ങനെയെന്നല്ലേ. ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് (ഡിഡിഒഎസ്) എന്ന രീതിയാണ് ഇവിടെ പയറ്റിയത്. ഒരേസമയം ലക്ഷക്കണക്കിന് ഇന്റർനെറ്റ് ഡിവൈസുകളിൽ നിന്ന് ഒരു പ്രത്യേക സൈറ്റിലേക്കു റിക്വസ്റ്റുകൾ മലവെള്ളപ്പാച്ചിൽ പോലെ എത്തിയതോടെ സെർവർ പണിമുടക്കി. റിക്വസ്റ്റുകൾ അയയ്ക്കാനുള്ള ഉപകരണങ്ങളായി എതിരാളികൾ തിരഞ്ഞെടുത്തത് 10 ലക്ഷത്തോളം ഐഒടി ഡിവൈസുകളായിരുന്നു. 

∙ ഓടുന്ന കാർ നിർത്താനും ഹാക്കിങ്

സൈബർ വിദഗ്ധരായ ചാർലി മില്ലർ, ക്രിസ് വാലസെക്ക് എന്നിവർ ചേർന്ന് ഹാക്ക് ചെയ്തത് ഓടിക്കൊണ്ടിരുന്ന ഗ്രാൻഡ് ചെറോക്കി ജീപ്പാണ്. മൈലുകൾക്കപ്പുറത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ എൻജിൻ സ്വന്തം വീട്ടിലിരുന്ന് ഓഫ് ചെയ്യാൻ ഇവർക്കു കഴിഞ്ഞു.

ഇത് ശ്രദ്ധയിൽപെട്ട ഫിയറ്റ് അവരുടെ 1.4 മില്യൻ വാഹനങ്ങളാണു നിരത്തിൽനിന്നു തിരിച്ചുവിളിക്കാനൊരുങ്ങിയത്. ടെസ്‍ല, ബിഎംഡബ്ല്യൂ, മെഴ്സിഡീസ് ബെൻസ് തുടങ്ങിയവയുടെ പല മോഡലുകളിലും സമാനമായ പ്രശ്നം കണ്ടെത്തുകയും പിന്നീടു പരിഹരിക്കുകയും ചെയ്തു.  

∙ നിങ്ങളുടെ  ഹൃദയവും ഹാക്ക്  ചെയ്യപ്പെടാം

യുഎസ് മുൻ വൈസ് പ്രസിഡന്റായിരുന്ന ഡിക്ക് ചെയ്നിയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന പേസ്മേക്കറിന്റെ വൈഫൈ സംവിധാനം നിർത്തലാക്കേണ്ടി വന്നത് പേടികൊണ്ടാണ്! വയർലെസ് ആയി പേസ്മേക്കർ ഹാക്ക് ചെയ്യാമെന്നു തെളിയിച്ചത് അലബാമ സർവകലാശാലയിലെ മെഡിക്കൽ വിദ്യാർഥികളായിരുന്നു.

ഹൃദയമിടിപ്പ് കൂട്ടാനോ കുറയ്ക്കാനോ കഴിയും. അൽപം കൂടി കടന്നാൽ ഷോക്കേൽപിക്കാൻ വരെ കഴിയുമെന്നായിരുന്നു കണ്ടെത്തൽ. ഡ്രഗ് ഇൻഫ്യൂഷൻ പമ്പ്, ഇൻസുലിൻ പമ്പ് എന്നിവയിലും സമാനമായ രീതിയിലുള്ള പിഴവുകൾ കണ്ടെത്തിയിരുന്നു.

∙ എൻഎസ്എ തുറന്നുവിട്ട ഭൂതം

യുഎസ് സുരക്ഷാ എജൻസിയായ എൻഎസ്എയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഇക്വേഷൻ ടീമിന്റെ പക്കലുണ്ടായിരുന്ന ഹാക്കിങ് ടൂളുകൾ ഷാഡോ ബ്രോക്കേഴ്സ് എന്ന ഹാക്കർ സംഘം ഏപ്രിലിൽ പുറത്തുവിട്ടതോടെയാണ് വാനാക്രൈയുടെ ജനനം. ചാരപ്പണി നടത്താനായി വിവിധ ഒഎസുകളിലെ പിഴവുകൾ കണ്ടെത്തി സൂക്ഷിച്ചുവച്ച ശേഖരമാണു പുറത്തായത്.

ഇതേ പിഴവുകൾ മുതലെടുത്തു തയാറാക്കിയ ഒരു ഡസനോളം പ്രോഗ്രാമുകളിൽ ഒന്നു മാത്രമാണു വാനാക്രൈ എന്നു കേട്ടാൽ ഞെട്ടരുത്. സുരക്ഷാസംവിധാനങ്ങളിൽ നിസ്സാരമെന്നു കരുതുന്ന പിഴവു പോലും എത്രവലിയ പ്രത്യാഘാതമുണ്ടാക്കും എന്നതിലേക്കു വിരൽ ചൂണ്ടുന്നുണ്ട് ഈ സംഭവം. 

∙ ഹാക്കിങ് രാജാക്കന്മാർ ഇവ‍ർ

∙ സിറിയൻ ഇലക്ട്രോണിക് ആർമി (സിറിയ)– സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിനെതിരെ നീങ്ങുന്നവരുടെ പേടിസ്വപ്നം. ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, ദ് വാഷിങ്ടൺ പോസ്റ്റ് പോലെയുള്ള മാധ്യമസ്ഥാപനങ്ങളാണു പ്രധാന ഇരകൾ. 

∙ ബ്യൂറോ 121 (ഉത്തര കൊറിയ)– സോണി പിക്ചേഴ്സ് ഹാക്ക് ചെയ്തതിൽ പങ്കുണ്ടെന്ന് ആരോപണം. ഉത്തര കൊറിയൻ ചാരസംഘടനയുടെ ഉപവിഭാഗം. 2013ൽ ദക്ഷിണ കൊറിയയിലെ വിവിധ ബാങ്കുകളിലെ 30,000 കംപ്യൂട്ടറുകൾ ആക്രമിച്ചു.

∙ ടെയ്‌ലേഡ് ആക്സസ് ഓപറേഷൻസ് (ടിഎഒ) (യുഎസ്)– യുഎസ് സർക്കാരിന്റെയും എൻഎസ്എയുടെയും പിന്തുണയുള്ള ഹാക്കിങ് സംഘം. ടിഎഒയും എൻഎസ്എയും സംയുക്തമായി യുഎസ് പൗരന്മാരുടെ ഫോൺ കോളുകൾ ചോർത്തിയെന്ന് എഡ്വേഡ് സ്നോഡന്റെ വെളിപ്പെടുത്തൽ വിവാദമായി. എൻഎസ്എയുടെ ഓഫിസിൽ തന്നെയാണ് ടിഎഒ ആസ്ഥാനം.

∙ താർ അൻഡിഷൻ (ഇറാൻ)- 2009ൽ ഇറാനെ കാര്യമായി ബാധിച്ച സ്റ്റക്സ്നെറ്റ് ആക്രമണത്തിനുള്ള മറുപടിയാണ് ഈ സംഘടനയുടെ വളർച്ച. ഓപറേഷൻ ക്ലീവർ എന്ന പേരിൽ വിവിധ രാജ്യങ്ങളിലെ 50 തന്ത്രപ്രധാന സ്ഥാപനങ്ങളുടെ സിസ്റ്റം തകർത്തു. 

∙ കമന്റ് ക്രൂ (ചൈന)– ചൈനീസ് മിലിറ്ററിയുമായി അടുത്തബന്ധം. തന്ത്രപ്രധാനമായ 141 രാജ്യാന്തര സ്ഥാപനങ്ങളിൽ നിന്ന് 6000 ടെറാബൈറ്റ് വരുന്ന രഹസ്യവിവരങ്ങൾ ചോർത്തിയെന്ന പേരിൽ കുപ്രസിദ്ധം.

∙ ഹാക്കിങ് ചിരികൾ

(ചില വിരുതൻമാരൊപ്പിക്കുന്ന വേലകൾ ചിരിക്കാനും വക നൽകാറുണ്ട്.)

1) ആണവനിലയത്തിലെ റോക്ക്ബാൻഡ്: 2012ൽ ഇറാനിലെ ആണവനിലയങ്ങളെ ബാധിച്ചു. രാത്രിയിൽ എല്ലാവരും പോയിക്കഴിയുമ്പോൾ പ്രമുഖ ബാൻഡ് ആയ എസി/ഡിസിയുടെ തണ്ടർസ്ട്രക്ക് എന്ന ഗാനം അത്യുച്ചത്തിൽ കേൾപ്പിച്ചു ശല്യമുണ്ടാക്കുകയായിരുന്നു പ്രധാന വിനോദം.

2) ഓപ്പറേഷൻ കപ്കേക്ക്: അടുക്കളയിൽ എങ്ങനെ പൈപ്പ് ബോംബ് ഉണ്ടാക്കാം എന്ന വിഷയത്തിൽ ഒരു ഓൺലൈൻ പോർട്ടൽ പ്രസിദ്ധീകരിച്ച ലേഖനം 2011ൽ ബ്രിട്ടിഷ് ഇന്റലിജൻസ് ഏജൻസി എടുത്തുമാറ്റി, പകരം പ്രസിദ്ധീകരിച്ചതു കപ്കേക്കുകൾ ഉണ്ടാക്കാനുള്ള പാചകക്കുറിപ്പുകൾ. 

3) ഗോഡ്സില്ല വന്നേ; ഓടിക്കോ!- 2014ൽ സാൻഫ്രാൻസിസ്കോയിൽ നിരത്തുകളിലെ ട്രാഫിക് സിഗ്നലുകളിൽ ഞെട്ടിക്കുന്ന ഒരു സന്ദേശം. ജാപ്പനീസ് സിനിമകളിലെ വിചിത്രജീവി ഗോഡ്സില്ല നഗരത്തിലെത്തിയെന്നും എല്ലാവരും ഓടി രക്ഷപ്പെട്ടോളാനുമായിരുന്നു സന്ദേശം. വിരുതൻമാരൊപ്പിച്ച പണി മൂലം വലിയ ഗതാഗതപ്രശ്നമാണുണ്ടായത്.

(ജാഗ്രത, നിങ്ങളുടെ മൊബൈൽ ഫോണും നിരീക്ഷണത്തിലാണ്! അതേക്കുറിച്ചു നാളെ)