Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോരക്ഷ: അക്രമങ്ങൾ സങ്കുചിതത്വം തന്നെ

പശുക്കളെ സംരക്ഷിക്കാനെന്നപേരിൽ ആളുകളെ കൊലപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ഇതു മഹാത്മാഗാന്ധിയുടെ തത്വങ്ങൾക്കു വിരുദ്ധമാണെന്നും അഹമ്മദാബാദിലെ സബർമതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കർക്കശസ്വരത്തിൽ പറഞ്ഞിട്ട് രണ്ടാഴ്ചയിലേറെയായി.  ഈ പ്രസംഗം നടത്തി മണിക്കൂറുകൾക്കുള്ളിൽത്തന്നെ, ജാർഖണ്ഡിൽ പശുവിറച്ചി വാഹനത്തിൽ കടത്തിയെന്നാരോപിച്ച് ജനക്കൂട്ടം ഒരാളെ അടിച്ചുകൊന്നതു നടുക്കത്തോടെയാണു രാജ്യം കേട്ടത്. പശുവിന്റെ പേരിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ സംസ്ഥാനങ്ങൾ കർശന നടപടിയെടുക്കണമെന്ന് ഈ ഞായറാഴ്ച പ്രധാനമന്ത്രി പറഞ്ഞപ്പോൾ കുറേ പേരുടെ മനസ്സിലെങ്കിലും ചില ചോദ്യങ്ങൾ ബാക്കിവരുന്നു.

ഇന്നലെ ആരംഭിച്ച പാർലമെന്റ് മഴക്കാല സമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിച്ച സർവകക്ഷി യോഗത്തിലാണ് ഗോരക്ഷയുടെ പേരിൽ അക്രമം കാണിക്കുന്നവർക്കെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചത്. രാജ്യം അഭിമുഖീകരിക്കുന്ന പല സങ്കീർണപ്രശ്നങ്ങളെയും കണ്ടെന്നുഭാവിക്കാതെ, ഇക്കാര്യം എടുത്തുപറയുന്നത് പാർലമെന്റിലെ എതിർപ്പ് കുറയ്ക്കാനുള്ള മുൻകൂർജാമ്യമായും  ആരോപിക്കുന്നവരുണ്ട്.

ഹിന്ദുക്കളിൽ ഏറെപ്പേർ പശുവിനെ മാതാവായി കാണുന്നവരാണെങ്കിലും അതിന്റെ പേരിൽ സാമൂഹികവിരുദ്ധ പ്രവർത്തനവും നിയമം കയ്യിലെടുക്കലും അനുവദിക്കാനാകില്ലെന്നു പറഞ്ഞ മോദി, ഗോരക്ഷകരുടെ അക്രമങ്ങൾക്കു രാഷ്ട്രീയ, സാമുദായിക നിറം നൽകരുതെന്ന് കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിൽ പറഞ്ഞതും വിവാദമായിട്ടുണ്ട്. മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രത്തിന്റെ മൂല്യങ്ങൾക്കു നിരക്കാത്തവിധം സങ്കുചിതമായ ചില അജൻഡകൾ അടിച്ചേൽപിക്കുന്നതു തടയാത്തപക്ഷം രാജ്യത്തിന്റെ നിലനിൽപുതന്നെ അപകടത്തിലാകുമെന്ന മുന്നറിയിപ്പ് നേരത്തേ രാഷ്ട്രപതി പ്രണബ് മുഖർജിതന്നെ നൽകിയിരുന്നു.

ഗോരക്ഷയുടെ പേരിലുള്ള നിർഭാഗ്യസംഭവങ്ങളിലൊക്കെയും തെളിയുന്നത് ഇത്തരം സങ്കുചിത താൽപര്യങ്ങളാണെന്നു വ്യക്തം.  എന്നിട്ടും, ഇത്തരം അക്രമങ്ങൾക്കു രാഷ്ട്രീയ, സാമുദായിക നിറം നൽകരുതെന്നു പ്രധാനമന്ത്രി പറഞ്ഞതിലാണു പലരുടെയും വിയോജിപ്പ്. യഥാർഥ സ്ഥിതി കണ്ടെന്നുനടിക്കാതെ, ഇങ്ങനെയുള്ള അക്രമങ്ങൾക്കു പൊതുവികാരത്തിന്റെ മുദ്ര ചാർത്തുകയാണു പ്രധാനമന്ത്രിയെന്ന് അവർ ആരോപിക്കുന്നു.

അസഹിഷ്ണുത കയ്ക്കുന്ന എത്രയോ സംഭവങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തുനിന്നായി തുടർച്ചയായി കേട്ടുകൊണ്ടിരിക്കുകയാണു നാം. ഗോമാംസത്തിന്റെയും ന്യൂനപക്ഷവിദ്വേഷത്തിന്റെയും പേരിൽ ഇതിനകം നടന്ന കൊലപാതകങ്ങളും മറ്റ് അക്രമങ്ങളും ജനതയിൽ കുറെ പേരിലെങ്കിലും അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുമുണ്ട്. ഉത്തർപ്രദേശിലെ ദാദ്രിയിൽ ഗോമാംസം കഴിക്കുകയും വീട്ടിൽ സൂക്ഷിക്കുകയും ചെയ്‌തുവെന്നാരോപിച്ചു മുഹമ്മദ് അഖ്‌ലാഖ് എന്ന കർഷകനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തുകയും മകനെ കയ്യേറ്റം ചെയ്‌ത് അവശനാക്കുകയും ചെയ്‌ത സംഭവം ലോകത്തിന്റെ മുന്നിൽതന്നെ നമ്മെ നാണംകെടുത്തുകയുണ്ടായി.

കഴിഞ്ഞ മാസം 22ന്, ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രികരുടെ മർദനത്തിലും കത്തിക്കുത്തിലും ജീവൻ നഷ്ടമായ ജുനൈദ് ഖാൻ എന്ന പതിനേഴുകാരനുവേണ്ടി രാജ്യത്തു വീശിയടിച്ച പ്രതിഷേധകൊടുങ്കാറ്റ് ഇപ്പോഴും നിശബ്ദമായിട്ടില്ല. ജാർഖണ്ഡിൽ, പശുവിനെ കൊന്നുവെന്ന അഭ്യൂഹത്തിന്റെപേരിൽ ഡെയറി ഫാം ഉടമ ഉസ്മാനെ ജനക്കൂട്ടം തല്ലിച്ചതയ്ക്കുന്നതിനിടെ പൊലീസ് അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. വാഹനത്തിൽ പശുവിറച്ചി കടത്തിയെന്നാരോപിച്ച് ജാർഖണ്ഡിൽതന്നെ, മുഹമ്മദ് അലിമുദീൻ (45) എന്ന അസ്‌ഗർ അൻസാരിയുടെ വാഹനം മുപ്പതോളംപേരുടെ സംഘം തടഞ്ഞ് അദ്ദേഹത്തെ അടിച്ചുകൊന്നതാണു പ്രധാനമന്ത്രിയുടെ സബർമതി പ്രസംഗത്തിന്റെ അതേ ദിവസമുണ്ടായത്.

ജനവികാരം ആളിക്കത്തിച്ച് അക്രമത്തിനു മുതിരുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും നിയമവാഴ്‌ച ഉറപ്പുവരുത്താനും കേന്ദ്ര, സംസ്‌ഥാന ഭരണകൂടങ്ങൾക്ക് തീർച്ചയായും ഉത്തരവാദിത്തമുണ്ട്. പശുവിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ സംസ്ഥാനങ്ങൾ കർശന നടപടിയെടുക്കണമെന്നു മോദി പറയുമ്പോൾ ഇത്തരം സംഭവങ്ങൾ നടന്ന സംസ്ഥാനങ്ങളിൽ മിക്കതും ബിജെപി ഭരിക്കുന്നവയാണെന്നുകൂടി നാം ഓർമിക്കേണ്ടതുണ്ട്.