Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവന്മരണ പോരാട്ടമല്ല ഇത്

NEENA-PRASAD-NOTTAM

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഒരിനത്തിൽ ഒരു ജില്ലയിൽ നിന്നു രണ്ടുപേരെ മാത്രമേ മൽസരിക്കാൻ അനുവദിക്കാവൂ എന്ന വിദ്യാഭ്യാസവകുപ്പിന്റെ നിർദേശം അവസരോചിതമാണ്. നേരത്തേയും ഇത്തരത്തിലുള്ള കർശന നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും നിയമസംവിധാനങ്ങളുടെ പിൻബലത്തോടെ അപ്പീലുകാർ മേളയ്ക്കെത്തുകയായിരുന്നു പതിവ്. ഇത്തവണ ഹൈക്കോടതി വിധിയുടെ ചുവടുപിടിച്ചാണു തീരുമാനമെന്നതിനാൽ നടപ്പാകുമെന്നുതന്നെ പ്രതീക്ഷിക്കാം. 

കലാപ്രകടനങ്ങളുടെ വിലയിരുത്തലുകളിന്മേൽ അപ്പീലുകൾ അനുവദിക്കുന്നതിൽ തന്നെ അപാകതകളുണ്ട്. കലാപ്രകടനമാണ് എന്നതുകൊണ്ടുതന്നെ വിലയിരുത്തൽ ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. വിധികർത്താക്കളുടെ താൽപര്യം ഇതിൽ പ്രധാനമാണ്; നൃത്ത ഇനങ്ങളിൽ പ്രത്യേകിച്ച്. വിധികർത്താക്കൾക്ക് ആഭിമുഖ്യമില്ലാത്ത ചിട്ടയാണു കുട്ടി അവതരിപ്പിക്കുന്നതെങ്കിൽ അതു വിധിനിർണയത്തിൽ പ്രകടമാകും. അതിനെ ക്രമക്കേട് എന്നു പറയാനാകില്ല. 

അതേസമയം, ഫലനിർണയത്തിൽ മനഃപൂർവമുള്ള ക്രമക്കേടുകൾ നടക്കുന്നുവെന്ന പരാതികളും വ്യാപകമാണ്. ഇത് സബ്ജില്ലാ തലം മുതൽ തുടങ്ങുന്നു. കയ്യിൽ ആവശ്യത്തിനു പണമുണ്ടെങ്കിൽ സംസ്ഥാനതലം വരെ എത്താമെന്ന ധാരണ പലർക്കുമുണ്ട്. ജില്ലകൾ തമ്മിൽ കിരീടത്തിനു വേണ്ടിയുള്ള മൽസരം അപ്പീലുകളുടെ എണ്ണം വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. 

വിധിനിർണയത്തിൽ അപാകതകളുണ്ടെങ്കിൽ അതു കണ്ടെത്തേണ്ടതു നിയമസംവിധാനങ്ങളാണോ എന്ന ചോദ്യവുമുണ്ട്. സംസ്ഥാന കലോൽസവത്തിലെ ഹയർ അപ്പീൽ കമ്മിറ്റിക്കു സമാനമായി വിദഗ്ധരടങ്ങിയ ഒരു സമിതിയല്ലേ അതു പരിശോധിക്കേണ്ടത്? അതിനു പകരം കോടതികളിൽ കാരണം നിരത്തി അപ്പീൽ അനുവദിപ്പിച്ചു മൽസരിക്കാനെത്തുന്നതിന്റെ സാംഗത്യം ഇതുവരെ മനസ്സിലായിട്ടില്ല. ഇതു ജീവന്മരണ പോരാട്ടമൊന്നുമല്ല; ജീവിതത്തിന്റെ അവസാനവാക്കുമല്ല. സബ് ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിലൊക്കെ തഴയപ്പെട്ട എത്രയോ കുട്ടികൾ പിന്നീടു കലാരംഗത്തു തിളങ്ങിയിട്ടുണ്ട്. കലോൽസവങ്ങളിൽ തിളങ്ങിയവർ പലരും പിന്നീടു വേദികളിൽ നിന്ന് അപ്രത്യക്ഷരാകുകയും ചെയ്തു. ഇപ്പോൾ ഗുരുക്കന്മാരായ പലരും അപ്പീലുകളില്ലാത്ത കാലത്തു കലോൽസവങ്ങളിൽ മൽസരിച്ചവരാണെന്നതും മറന്നുകൂടാ. 

കാലം മാറി. മൽസരബുദ്ധി വർധിച്ചു. ഈ സാഹചര്യത്തിൽ അപ്പീലുകൾ പൂർണമായി ഒഴിവാക്കണം എന്നു ശഠിക്കാനാകില്ല. പക്ഷേ, അപ്പീലുകൾ നിയന്ത്രിക്കാൻ കലോൽസവ സംഘാടനത്തിലും കൃത്യമായ മുന്നൊരുക്കങ്ങൾ വേണം. സബ്ജില്ലാ തലം മുതൽ ഏറ്റവും മിടുക്കരായ കുട്ടികൾ മാത്രമേ യോഗ്യത നേടുന്നുള്ളൂ എന്നുറപ്പാക്കണം. യോഗ്യരായ വിധികർത്താക്കളെ മാത്രം സബ്ജില്ലാ തലം മുതൽ നിയോഗിക്കണം. അതിന് ഇപ്പോൾ തന്നെ ഒരുക്കം തുടങ്ങണം.