Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിസന്ധികളെ ജയിച്ച ഇന്ദിര – ശശി തരൂർ എഴുതുന്നു

INDIA-POLITICS-CONGRESS-FILES മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 33–ാം രക്തസാക്ഷിത്വ വാർഷികം ഇന്ന്. ഇന്ദിരയുടെ ജന്മശതാബ്ദി വർഷവുമാണിത്.

ജവാഹർലാൽ നെഹ്റുവിന്റെ പിൻഗാമിയായ ലാൽ ബഹാദൂർ ശാസ്ത്രി, 1966 ൽ താഷ്‌കെന്റിൽ പാക്ക്–ഇന്ത്യ സമാധാന ചർച്ചയ്ക്കുശേഷം പൊടുന്നനെ ഹൃദയാഘാതത്താൽ, 62–ാം വയസ്സിൽ മരിച്ചപ്പോൾ, കോൺഗ്രസിലെ ‘സിൻഡിക്കറ്റ്’ എന്നറിയപ്പെട്ടിരുന്ന പ്രമുഖരാണ് ഇന്ദിരഗാന്ധിയെ പുതിയ നേതാവായി തിരഞ്ഞെടുത്തത്. ദേശീയാംഗീകാരം ഉള്ളയാൾ എന്ന നിലയ്ക്കായിരുന്നു അത്. അവർ പാർട്ടിനിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുമെന്നും നേതാക്കൾ കണക്കുകൂട്ടി. അവരെ ഒരു ‘പാവക്കുട്ടി’യായി നേതാക്കൾ തെറ്റിദ്ധരിച്ചു.

ഉറച്ച നിലപാടുകളോ ബോധ്യങ്ങളോ ഇല്ലാതെ, ഇന്ദിരയുടെ തുടക്കം മോശമായിരുന്നു. വേണ്ടത്ര യോഗ്യതയില്ലാത്ത ഉപദേശകരെ അമിതമായി ആശ്രയിച്ചതും വിനയായി. 1967 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു ദേശവ്യാപകമായി തിരിച്ചടിനേരിട്ടു. വിവിധ സംസ്ഥാനങ്ങളിൽ പ്രതിപക്ഷകക്ഷികൾ അധികാരത്തിലേറി. നില തെറ്റി താണുപോകുന്ന സ്ഥിതിയെത്തിയതോടെ ഇന്ദിര ചെറുത്തുനിന്നു. സിൻഡിക്കറ്റിനെ മറികടന്ന് സോഷ്യലിസ്റ്റുകളുടെയും മുൻ കമ്യൂണിസ്റ്റുകളുടെയും സഖ്യം ഉറപ്പാക്കി, 1969 ൽ, അവർ പാർട്ടിയെ പിളർത്തി. അത് ആശയപരമായ പിളർപ്പായിരുന്നു. പഴയ നേതാക്കളെ പുറത്താക്കി, തന്റെ ജനപ്രിയ പ്രതിച്ഛായ ഉറപ്പിച്ച് കോൺഗ്രസിന് 1971 ൽ മികച്ച വിജയം നേടിക്കൊടുത്തു.

1971 ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തിലൂടെയാണ് ഇന്ദിരയുടെ അടുത്ത ഘട്ട ജൈത്രയാത്ര ആരംഭിക്കുന്നത്. ഇന്ദിരയുടെ നേതൃത്വത്തിലുള്ള ഇന്ത്യയാണ് ആ യുദ്ധം ജയിച്ചത്. കിഴക്കൻ പാക്കിസ്ഥാനിൽ പാക്ക് ഭരണകൂടം നടത്തിയ വംശഹത്യക്കെതിരെ ലോകമെമ്പാടും സഞ്ചരിച്ച് അവർ പ്രചാരണമഴിച്ചുവിട്ടു. ബംഗാളിൽനിന്ന് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയ ഒരു കോടിയോളം അഭയാർഥികളെ സ്വീകരിച്ചു. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അഭയാർഥി പ്രവാഹങ്ങളിലൊന്നായിരുന്നു അത്.

സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുകയും എതിരാളികൾക്കുമുന്നിൽ കീഴടങ്ങാൻ വിസമ്മതിക്കുകയും ചെയ്ത നേതാവായിരുന്നു അവർ. പാക്ക് പട്ടാളം കൂട്ടക്കശാപ്പു നടത്തിയ കിഴക്കൻ ബംഗാളികളെ അവർ സംരക്ഷിച്ചു. അതേസമയം ഇന്ത്യയുടെ ദേശീയതാൽപര്യങ്ങൾ സംരക്ഷിക്കുകയും അതിനെ ഉയർത്തിപ്പിടിക്കുകയും ചെയ്തു. ‌ബംഗ്ലദേശ് വിമോചനത്തിനുശേഷം ഇന്ദിരയുടെ ജനാംഗീകാരം കുതിച്ചുയർന്നു. അവർ കോൺഗ്രസിനെ പുനർനിർമിച്ചു. പഴയതലമുറനേതാക്കളെ പിന്തള്ളി, നിർണായകമായതും അടിച്ചേൽപ്പിക്കപ്പെട്ടതുമായ ഒരു യുദ്ധം വിജയിച്ചു.

ഇന്ദിരയുടെ കാലത്തെ ഇരുണ്ട ഘട്ടം അടിയന്തരാവസ്ഥയായിരുന്നു. അത് അവരുടെ നേട്ടങ്ങളെ കളങ്കപ്പെടുത്തി. 1975 ൽ ഇന്ദിര പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 22 മാസം നീണ്ടു. അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ അവർ ഖേദം പ്രകടിപ്പിച്ചില്ലെങ്കിലും അക്കാലത്തു നടമാടിയ അതിക്രമങ്ങളുടെയും പീഡനങ്ങളുടെയും പേരിൽ അവർ മാപ്പിരുന്നു. അടിയന്തരവാസ്ഥയ്ക്കൊടുവിൽ വന്ന തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെട്ടു. ജനവിധിക്കു കീഴടങ്ങി. എന്നാൽ 22 മാസങ്ങൾക്കു ശേഷം ഇന്ദിരാ ഗാന്ധി പൂർവാധികം ശക്തിയോടെ തിരിച്ചെത്തി–കാരണം ആത്യന്തികമായി, അവർ ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ മറ്റാരേക്കാൾ സംഭാവന നൽകിയ മഹാനായ മനുഷ്യന്റെ മകളായിരുന്നു.