Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോപണച്ചൂടിൽ സുപ്രീം കോടതി; ജഡ്ജിമാർ തമ്മിലിടഞ്ഞാൽ ഭരണഘടനയ്ക്കും മൗനം

ന്യൂഡൽഹി∙ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെയുള്ള സുപ്രീം കോടതിയിലെ മുതിർന്ന നാലു ജഡ്ജിമാരുടെ കലാപം ഭരണഘടനാ തകർച്ചയുടെ വക്കിലേക്കാണു രാജ്യത്തെ എത്തിക്കുന്നത്. ഇതു ഭരണകൂടത്തിന്റെ എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന പ്രതിസന്ധിയായേക്കാം. 

രാജ്യത്ത് ഇത്തരമൊരു സംഭവം ഇതാദ്യം. സഹോദരജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ പരസ്യ ആക്രമണം നടത്തിയതു നീതിന്യായ സംവിധാനത്തെ സ്തംഭിപ്പിക്കുക മാത്രമല്ല, രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ജഡ്ജിമാരെയും അഭിഭാഷക ലോകത്തെയും അമ്പരപ്പിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ ജെ.ചെലമേശ്വർ, ര ഞ്ജൻ ഗൊഗോയ്, മദൻ ബി.ലോക്കുർ, കുര്യൻ ജോസഫ് എന്നിവരുടെ സംയുക്ത കത്ത് ചീഫ് ജസ്റ്റിസ് മിശ്രയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുക മാത്രമല്ല, പരമോന്നത കോടതിയുടെ വേറെ അപഭ്രംശങ്ങളും സമീപഭാവിയിൽ വെളിപ്പെടുത്തുമെന്നു സൂചിപ്പിക്കുന്നു.

നീതിന്യായക്കോടതിയിലെ ഉന്നത അംഗങ്ങൾക്കിടയിൽ വിശ്വാസ്യതയും ആശയവിനിമയവും നഷ്ടമായാൽ എങ്ങനെ നേരിടുമെന്ന കാര്യത്തിൽ ഭരണഘടനയിൽ അവ്യക്തതയുണ്ട്. ജഡ്ജിമാർ സ്വയം പരിഹരിച്ചുകൊള്ളാമെന്ന് അവർ നിരന്തരം ശഠിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും. പാർലമെന്റിനോ സർക്കാരിനോ ഇത്തരം സന്ദർഭങ്ങളിൽ ഭരണഘടന പ്രത്യേക വേഷമൊന്നും നൽകിയിട്ടില്ല. അതിനാൽ, സുപ്രീം കോടതിയുടെ 67 വർഷത്തെ ചരിത്രത്തിൽ സഹജഡ്‍ജിമാർക്കു വിവേകപൂർവം കേസുകൾ വീതിച്ചു നൽകുന്നതിൽ മികവു തെളിയിച്ചിട്ടുള്ള മുൻ ചീഫ് ജസ്റ്റിസുമാർ അടക്കം രാജ്യത്തെ ഉന്നതരായ നിയമവിദഗ്ധരുടെ ഉപദേശം കേന്ദ്രസർക്കാർ തേടുന്നുണ്ട്. 

തനിക്കെതിരെ പരസ്യവിമർശനം ഉയർന്നതിന്റെ വേദനയിലാണു ചീഫ് ജസ്റ്റിസ്. ഏറ്റവും മുതിർന്ന ജഡ്ജിമാരുടെ പരസ്യ പ്രതിഷേധത്തിൽ ക്ഷുഭിതരാണു മറ്റൊരു വിഭാഗം ജഡ്ജിമാർ. ഇതിനിടയിൽ, പരസ്യമായ ചേരിപ്പോരിൽ ഉൾപ്പെടാത്ത ഏതാനും ജഡ്ജിമാർ പ്രശ്നം രമ്യമായി തീർക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ സുപ്രീം കോടതി വീണ്ടും ചേരും മുൻപ് വിമർശകരായ ജഡ്ജിമാരും ചീഫ് ജസ്റ്റിസ് മിശ്രയും തമ്മിലുള്ള കൂടിക്കാഴ്ച ഒരുക്കുന്നതിനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ ഇന്നലെ വൈകുന്നേരത്തെ നിലയിൽ ഇരുപക്ഷവും സംഭാഷണത്തിനുള്ള മാനസികാവസ്ഥയിലല്ല. രാവിലെ നാലു ജഡ്ജിമാർ ചീഫ് ജസ്റ്റിസ് മിശ്രയുമായി നടത്തിയ ഹ്രസ്വവും ഫലരഹിതവുമായ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അവർ കടുത്ത ആരോപണങ്ങളുമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. 

സുപ്രീം കോടതിയിലെ മറ്റു ജഡ്ജിമാരുടെ അനുരഞ്ജന നീക്കങ്ങൾക്കൊപ്പം, രാഷ്ട്രപതി റാം നാഥ് കോവിന്ദ് പ്രശ്നത്തിൽ ഇടപെടണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. രാഷ്ട്രപതിയാണു ഭരണഘടനയുടെ കാവൽക്കാരൻ. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയും പരമോന്നത കോടതിയിലെ മറ്റു ജഡ്ജിമാരെയും നിയമിക്കുന്നതും രാഷ്ട്രപതിയാണ്. അ‍ഞ്ചു ജഡ്ജിമാരെയും രാഷ്ട്രപതി ഭവനിലേക്കു വിളിച്ചു വരുത്തി തർക്കം പറഞ്ഞുതീർക്കണമെന്നും നിർദേശമുയർന്നിട്ടുണ്ട്. 

പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിസഭയ്ക്കും ഇക്കാര്യത്തിൽ നേരിട്ടു വഹിക്കാൻ ഒരു പങ്കുമില്ല. നാഷനൽ ജുഡീഷ്യൽ കമ്മിഷൻ നിയമം ഭരണഘടനാപരമല്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി തള്ളിയതോടെ സുപ്രീം കോടതിയും കേന്ദ്രസർക്കാരും തമ്മിലുള്ള ബന്ധം ഉലഞ്ഞിരുന്നു. ജുഡീഷ്യൽ കമ്മിഷനിൽ കേന്ദ്ര നിയമ മന്ത്രിയുടെ സാന്നിധ്യം നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനെതിരാണെന്ന് ഇപ്പോഴത്തെ വിവാദത്തിൽ ഉൾപ്പെട്ട ചില ജഡ്ജിമാർ അഭിപ്രായപ്പെട്ടതാണ്. എങ്കിലും സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസുമാർ മറ്റു ജഡ്ജിമാർക്കു കേസുകൾ വീതം വച്ചു നൽകുന്ന ഇപ്പോഴത്തെ തർക്കവിഷയത്തിൽ നിയമനിർമാണത്തിനു സർക്കാരിനു പാർലമെന്റിനോട് ആവശ്യപ്പെടാനാകും. ഇക്കാര്യത്തിൽ 170 വർഷം പഴക്കമുള്ള സമ്പ്രദായമാണു തുടരുന്നത്. എന്നാൽ, പാർലമെന്റ് നിയമം പാസാക്കിയാലും സുപ്രീം കോടതിക്കു റദ്ദാക്കാവുന്നതേയുള്ളു.

അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ, ഫാലി എസ്.നരിമാൻ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും മുതിർന്ന നിയമവിദഗ്ധനാണ്. നരിമാൻ ചികിൽസയിലായതിനാൽ, വേണുഗോപാലിനു മധ്യസ്ഥത വഹിക്കാനാകും. ജോലി വിഭജനം സംബന്ധിച്ചു മുതിർന്ന ജഡ്ജിമാർക്കിടയിലുണ്ടായ പോര് ജുഡീഷ്യറിയിലെ വിള്ളലുകൾ പുറത്തുകൊണ്ടുവന്നു. ഇതു സുഖപ്പെടാൻ സമയമെടുക്കും.

Misra

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

ജസ്റ്റിസ് ജെ.എസ്. കേഹാർ വിരമിച്ചതിനെ തുടർന്നു കഴിഞ്ഞ ഓഗസ്റ്റ് 28 ന് ആണു ജസ്റ്റിസ് ദീപക് മിശ്ര രാജ്യത്തിന്റെ 45-ാമത്തെ ചീഫ് ജസ്റ്റിസായി അധികാരമേറ്റത്. ഒഡീഷയിലെ കട്ടക്ക് സ്വദേശി. 1977 ൽ അഭിഭാഷകനായി. 1996 ൽ ഒഡീഷ ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജി. അടുത്ത വർഷം സ്ഥിരം ജഡ്ജിയായി. 

2009 ൽ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ്. തൊട്ടടുത്തവർഷം മേയ് 24നു ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2011 ഒക്ടോബർ പത്തിനാണു സുപ്രീം കോടതി ജഡ്ജിയായത്. സിനിമാ തിയറ്ററുകളിൽ ദേശീയഗാനാലാപനം നിർബന്ധമാക്കിയ വിധി ഇദ്ദേഹത്തിന്റേതായിരുന്നു. 

ശബരിമലയിൽ ഏതു പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചതും ഇദ്ദേഹം അധ്യക്ഷനായ ബെഞ്ച്.

Judges

ജസ്‌റ്റിസ് കുര്യൻ ജോസഫ്

കാലടി താന്നിപ്പുഴ മാണിക്കത്താൻ കുടുംബാംഗമായ ജസ്‌റ്റിസ് കുര്യൻ ജോസഫ്, ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ആയിരുന്നു. 2013 ൽ സുപ്രീം കോടതി ജഡ്ജിയായി. കേരള ഹൈക്കോടതി അഭിഭാഷകനായിരുന്ന അദ്ദേഹം 1994 ൽ അഡീഷനൽ അഡ്വക്കറ്റ് ജനറലും 1996 ൽ സീനിയർ അഡ്വക്കറ്റുമായി. ഹൈക്കോടതി ജഡ്ജിയായി 2000ൽ നിയമിതനായ ജസ്‌റ്റിസ് കുര്യൻ ജോസഫ്, രണ്ടുതവണ ആക്‌ടിങ് ചീഫ് ജസ്‌റ്റിസായി പ്രവർത്തിച്ചു. കേരള ലീഗൽ സർവീസസ് അതോറിറ്റി സംസ്‌ഥാന ചെയർമാനായിരുന്നു. 2010 ഫെബ്രുവരി എട്ടിനാണു ഹിമാചലിൽ ചീഫ് ജസ്‌റ്റിസായി നിയമിതനായത്. 

ജസ്റ്റിസ് ജസ്തി ചെലമേശ്വർ

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കുമ്പോൾ, 2011 ഒക്ടോബർ 10നു സുപ്രീം കോടതി ജഡ്ജിയായി. ആന്ധ്രയിലെ കൃഷ്ണജില്ല സ്വദേശി. ആന്ധ്രപ്രദേശ് ലോകായുക്ത സ്റ്റാൻഡിങ് കോൺസലായും ഗവ. പ്ലീഡറായും പ്രവർത്തിച്ചിട്ടുണ്ട്. 1997 ൽ ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയായി. 2007 ൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 

2010 ൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്. ജഡ്ജിമാരെ നിയമിക്കുന്നതിൽ ഉൾപ്പെടെ, ജുഡീഷ്യറിയുടെ പ്രവർത്തനത്തിൽ പരമാവധി സുതാര്യത വേണമെന്നു പരസ്യമായി നിലപാടെടുത്തിട്ടുള്ള ന്യായാധിപനാണ്. ജൂണിൽ വിരമിക്കും.

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്

1978 ൽ അഭിഭാഷകനായ ജസ്റ്റിസ് ഗൊഗോയ് 2001 ഫെബ്രുവരിയിൽ ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി. 2010 ൽ പഞ്ചാബ്–ഹരിയാന ഹൈക്കോടതിയിലേക്ക്. അടുത്തവർഷം അവിടെ ചീഫ് ജസ്റ്റിസായി. 2012 ഏപ്രിലിലാണു സുപ്രീം കോടതി ജഡ്ജിയായത്. അടുത്ത ചീഫ് ജസ്റ്റിസാകാൻ ഏറ്റവും സാധ്യത. 

സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ  ജീവപര്യന്തമായി വെട്ടിക്കുറച്ചതു ജസ്റ്റിസ് ഗൊഗോയിയുടെ ബെഞ്ചാണ്. വിധിയെ പരസ്യമായി വിമർശിച്ച ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിനോടു നേരിട്ടെത്തി വിശദീകരണം നൽകാൻ ആവശ്യപ്പെട്ട അസാധാരണ നടപടി സ്വീകരിച്ചതും ഇദ്ദേഹം.

ജസ്റ്റിസ് മദൻ ബി. ലോക്കൂർ

‍ഡൽഹി സ്വദേശിയായ ജസ്റ്റിസ് മദൻ ബി. ലോക്കൂർ ഡൽഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായിരുന്നു. 1998 ൽ അഡീഷനൽ സോളിസിറ്റർ ജനറലായി. 1999 ൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം 2010 ൽ ആക്ടിങ് ചീഫ് ജസ്റ്റിസായി. 2010 ൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2011 ൽ ആന്ധ്രാ ഹൈക്കോടതിയിലേക്കു മാറി. 2012 ജൂണിൽ സുപ്രീം കോടതി ജഡ്ജിയായി. നിയമപരിഷ്കരണം, ബാലനിയമം, സാങ്കേതിക സൗകര്യങ്ങളുടെ വികസനം തുടങ്ങിയ മേഖലകളിൽ ഏറെ താൽപര്യമെടുത്തിരുന്ന അദ്ദേഹം സുപ്രീം കോടതി ഇ പാനലിന്റെ ചുമതലക്കാരനായിരുന്നു. ഈ വർഷം വിരമിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.