ഉമ്മൻ ചാണ്ടിയെ തുണച്ച ആ ‘ദശാംശം’; കേരളം കണ്ട ലീഡർ

അനുയായികൾക്കു കെ.കരുണാകരനോടുള്ള ആരാധനപോലെ, പേരുകേട്ടതാണു കരുണാകരന്റെ ഗുരുവായൂരപ്പ ഭക്തി. ഇതിലേതാണു മേലെ നിൽക്കുന്ന വികാരമെന്നു ചോദിച്ചാൽ ഉത്തരം എളുപ്പമല്ല. ഗുരുവായൂരപ്പന്റെ എക്കാലത്തെയും വലിയ ആ ഭക്തന്റെ നെറ്റിയിൽ കളഭക്കുറി പക്ഷേ, കണ്ടിട്ടുണ്ടോ? അത്യപൂർവം ചിത്രങ്ങളിലുണ്ടാകാം. കുറിയിടുക മാത്രമല്ല, അൽപം കളഭം കഴിക്കുകയും ചെയ്യുമായിരുന്നു കരുണാകരൻ. പൂജാമുറിക്കു പുറത്തിറങ്ങുമ്പോൾ തൂവാലകൊണ്ട് അതങ്ങു മായ്ക്കും. കാരണം ഊഹിക്കാമായിരുന്നുവെങ്കിലും അച്ഛന്റെ നാവി‍ൽനിന്നു കേൾക്കാൻ മകൾ പത്മജയ്ക്ക് ഒരിക്കൽ ആഗ്രഹം തോന്നി.

ലീഡർ പറഞ്ഞു: ‘‘കുറി തൊടുന്നത് എന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. അത് ഈ പൂജാമുറിക്ക് അകത്തുമതി. പുറത്തിറങ്ങുന്ന കരുണാകരൻ ഒരു മതത്തിന്റെയും പ്രതിപുരുഷനല്ല’’. ഈ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തിയുള്ള വാക്കുകൾ! ഇതൊക്കെയെങ്കിലും തത്വചിന്തയായിരുന്നില്ല, പ്രായോഗിക രാഷ്ട്രീയമാണല്ലോ കരുണാകരന്റെ കളം. സ്വന്തം കല്യാണിക്കുട്ടിയമ്മയുടെ ഒറ്റ കമന്റിൽ ആ ‘സാക്ഷാൽ കരുണാകരൻ’ തെളിഞ്ഞുവരും: ‘‘കൃഷ്ണന്റെ മുന്നിൽ കണ്ണടച്ചു നിന്നുനിന്ന് ആ കള്ളത്തരങ്ങളെല്ലാം വശത്താക്കിയിട്ടുണ്ട്’. അതു കേട്ട് ഒന്നു കണ്ണിറുക്കിച്ചിരിച്ചു നടന്നുപോയിട്ടുണ്ടാകും, കരുണാകരൻ.

കണ്ണൂരിലെ ചിറയ്ക്കലിൽനിന്നുള്ള, നിറങ്ങളും വരയും ഇഷ്ടമായിരുന്ന യുവാവ് തൃശൂർ സീതാറാം മിൽസ് ജീവനക്കാരനാകുക വഴി കോൺഗ്രസുകാരനായപ്പോൾ, കേരള രാഷ്ട്രീയത്തിന്റെതന്നെ ചിത്രം മാറ്റിവരച്ചു. നാലുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്ന ഒരേയൊരു നേതാവായി. കമ്യൂണിസ്റ്റുകാരുടെ ഏറ്റവും കടുത്ത പ്രതിയോഗിയായി ചരിത്രത്തിൽ ഇടംപിടിച്ചു. സ്വന്തം പാർട്ടിയുടെ ത്രിവർണ പതാകയിലെ നിറങ്ങളാണു നെഞ്ചോടു ചേർത്തതെങ്കിലും ഒരു ഘട്ടത്തിൽ കൂസലില്ലാതെ അത് ഉപേക്ഷിച്ചു. പിന്നീട് ആ പതാക തന്നെ പുതച്ച് വിടവാങ്ങുമെന്നുറപ്പാക്കി. ‘അച്ഛൻ മരിച്ചപ്പോഴല്ല, ഇന്ദിരാഭവനിൽവച്ച് ആ ദേഹത്തു ത്രിവർണപതാക പുതയ്ക്കുന്നതു കണ്ടപ്പോഴാണ് ഞാൻ കരഞ്ഞത്. കോൺഗ്രസിൽനിന്നു വിട്ടുനിന്നപ്പോഴുള്ള ഏറ്റവും വലിയ ആധി, മരിക്കുമ്പോൾ ആ പതാക പുതയ്ക്കാനുള്ള ഭാഗ്യമുണ്ടാകുമോ എന്നായിരുന്നു’– പത്മജ ഓർമിച്ചു.

പനമ്പിള്ളി ഗോവിന്ദമേനോന്റെ ഭാഷയിൽ, മല്ലീശ്വരന്റെ ഒടിഞ്ഞ വില്ലിനു സമമായ 1967ലെ ഒൻപതംഗ കോൺഗ്രസ് നിയമസഭാകക്ഷിയെ നൂറ് അസ്ത്രങ്ങൾ തൊടുക്കാൻപോന്ന ധനുസ്സായി വീണ്ടും മാറ്റിയതിൽ, കരുണാകരന്റെ ഉശിരൻ നേതൃത്വത്തിനുള്ള പങ്ക് ആർക്കും നിഷേധിക്കാനാകില്ല.‘കരുണാകരന്റെ നേതൃപാടവവും കെഎസ്‌യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കേരളത്തെ ഇളക്കിമറിച്ച ആവേശവും ചേർന്നാണു കോൺഗ്രസിന്റെ തിരിച്ചുവരവിനു കളമൊരുക്കിയത്’– എ.കെ. ആന്റണി അനുസ്മരിച്ചു.

പ്രതിസന്ധികളുടെ തോഴൻ

തട്ടിൽ എസ്റ്റേറ്റ് കൊലപാതകക്കേസ് തൊട്ട് രാജൻ, പാമൊലിൻ, ചാരക്കേസുകൾ വരെ പ്രതിസന്ധികളുടെ പരമ്പരകൾ ആ ജീവിതത്തിലുണ്ടായി. വീട്ടുവർത്തമാനങ്ങളിൽനിന്നു രാഷ്ട്രീയത്തെ കഴിയുന്നതും ഒഴിവാക്കാനാഗ്രഹിച്ച കരുണാകരന് അതു വേണ്ടിവന്നതു രാജൻകേസിന്റെ സമയത്തായിരുന്നുവെന്നു മകൻ കെ.മുരളീധരൻ ഓർമിക്കുന്നു. ‘1977ൽ ആദ്യം മുഖ്യമന്ത്രിയായി ഒരു മാസത്തിനുള്ളിലാണു ഹൈക്കോടതി പരാമർശത്തിന്റെ പേരിലെ രാജി. നിയമയുദ്ധത്തിനൊടുവിൽ മജിസ്ട്രേട്ട് കോടതിയുടെ അന്തിമവിധിയുടെ അറിയിപ്പെത്തി. വിധിദിവസത്തിനു തൊട്ടുപിന്നാലെ പത്മജയുടെ വിവാഹമാണ്. അച്ഛനെ ഇത്രയും പിരിമുറുക്കത്തോടെ കണ്ടിട്ടില്ല. വിധി എതിരായാൽ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാകുമോയെന്നതു വേദനയോടെ വിവരിച്ചതു മറക്കാനാവില്ല. ഭാഗ്യവശാൽ അനുകൂലമായി’.

രാജന്റെ തിരോധാനത്തെക്കുറിച്ച് എന്താണു വീട്ടിൽ പറഞ്ഞത്? മുരളിയോടു ചോദിച്ചു. ‘യഥാർഥത്തിൽ അച്ഛൻ വിചാരിച്ചതു രാഷ്ട്രീയലക്ഷ്യംവച്ചു രാജനെ ഒളിവിൽ പാർപ്പിച്ചുവെന്നായിരുന്നു. ഹൈക്കോടതി പരാമർശം വന്നപാടെ രാജിവയ്ക്കാൻ തീരുമാനിച്ചപ്പോൾ ഞങ്ങളോടു പറഞ്ഞത്, ഒഴിഞ്ഞാൽ പ്രശ്നം തീരും, അയാൾ ഒളിവിൽനിന്നു പുറത്തുവരും എന്നാണ്’. പിന്നീടു രാഷ്ട്രീയംതന്നെ അവസാനിപ്പിക്കുന്നതിനെക്കുറിച്ചു ലീഡർ പറഞ്ഞതും മുരളി വെളിപ്പെടുത്തി. ‘കോൺഗ്രസിലെ പിളർപ്പിന്റെ സമയത്ത് ഇന്ദിരാ ഗാന്ധിയോടൊപ്പം നിൽക്കുക, അല്ലെങ്കിൽ രാഷ്ട്രീയം വേണ്ടെന്നുവയ്ക്കുക, എന്നീ രണ്ടു സാധ്യതകളേ മുന്നിലുള്ളൂവെന്നു ഞങ്ങൾ മൂന്നുപേരെയും അടുത്തിരുത്തി പറഞ്ഞു. ഇന്ദിരാജിക്കൊപ്പം നിൽക്കാൻ തീരുമാനിച്ചാൽ ഞങ്ങളും അതിന്റെ പ്രശ്നങ്ങൾ നേരിടാനിടയുണ്ടെന്നു വിവരിച്ചു’.

ലീഡർ, ഇന്ദിരയ്ക്കൊപ്പം അചഞ്ചലനായി നിന്നു. ശേഷം പക്ഷേ, രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ തന്നെ നിയന്ത്രിച്ചു. വിവാദങ്ങളെയും അനുയായികളെയും പ്രതിയോഗികളെയും നിരന്തരം സൃഷ്ടിച്ചുകൊണ്ടിരുന്നു. ശക്തമായ മുന്നണി രാഷ്ട്രീയത്തിനു ബീജാവാപം ചെയ്ത് ഇന്ത്യൻ രാഷ്ട്രീയത്തിനുതന്നെ മാതൃക കാട്ടിക്കൊടുത്തു. കേന്ദ്രമന്ത്രിയും ‘കിങ്മേക്കറു’മായി ദേശീയരാഷ്ട്രീയത്തിലും പ്രകമ്പനങ്ങളുണ്ടാക്കി.

‘നൊടിയിടയ്ക്കുള്ളി‍ൽ തീരുമാനങ്ങളെടുക്കാനുള്ള കഴിവാണു കെ.കരുണാകരന്റെ ഏറ്റവും വലിയ സവിശേഷത’: ആ അപ്രതീക്ഷിത തീരുമാനങ്ങളുടെ ചൂട് ഏറ്റിട്ടുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 2001ലെ തന്റെ മന്ത്രിസഭയിൽ ഉമ്മൻ ചാണ്ടി കൂടി വേണമെന്ന് എ.കെ. ആന്റണിക്ക് ആഗ്രഹമുണ്ടായിരുന്നു. ഡൽഹിയിലെത്തിയ കരുണാകരനോടു കെപിസിസി പ്രസിഡന്റായിരുന്ന മുരളീധരൻ ഇതു ധരിപ്പിച്ചു. ലീഡറുടെ മനസ്സിൽ പക്ഷേ, അന്നു കെ.വി. തോമസുണ്ട്. സാമുദായിക പ്രാതിനിധ്യം കണക്കിലെടുത്താൽ രണ്ടുപേരും ഒരുമിച്ചു വരാൻ പ്രയാസം. ‘ആന്റണിയോടു മന്ത്രിസഭ രൂപീകരിച്ചുകൊള്ളാൻ പറയൂ. പക്ഷേ, ‘ഐ’യിലെ ആരും സത്യപ്രതിജ്ഞ ചെയ്യില്ല’– മുരളിക്കുള്ള ലീഡറുടെ പ്രതികരണം അരക്ഷണം വൈകിയില്ല.

1986ൽ രാജ്യസഭാസീറ്റ് ഒഴിവുവന്നപ്പോൾ ലീഡറുടെ മനസ്സിൽ എം.ടി.പത്മ. ഇതോടെ അവർക്കെതിരെ പരാതിപ്രവാഹം ഡൽഹിയിലെത്തി. രാത്രി കൊച്ചിയിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന, എഴുത്തുകാരനും കോൺഗ്രസ് അനുഭാവിയുമായ ടി.കെ.സി. വടുതല പൊലീസുകാരെക്കണ്ടു ഞെട്ടിയെഴുന്നേറ്റു. പട്ടികജാതി വിഭാഗത്തിൽപെട്ട ടികെസി പിറ്റേന്നു കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥി!

നിലയ്ക്കൽ പ്രക്ഷോഭം കേരളത്തിൽ സാമൂഹികസ്പർധയ്ക്കു കാരണമാകുമോയെന്ന ആശങ്ക ഉയർന്ന സമയം. കർ‍ദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ തൃക്കാക്കരയിലുണ്ടെന്നറിഞ്ഞ കരുണാകരൻ, ഒപ്പമുള്ള കെ.വി.തോമസിനെ ദൂതനായി അദ്ദേഹത്തിന്റെ അടുത്തേക്കയച്ചു. ഒരുമിച്ചുള്ള ഒരുച്ചയൂണിലെ സ്നേഹത്തിലും സൗഹൃദത്തിലും ‘നിലയ്ക്കൽ’ അലിഞ്ഞില്ലാതായി.

വേഗം, വികസനം

ഭരണാധികാരിയായ കരുണാകരന്റെ ശൈലി, തീരുമാനങ്ങളെടുക്കുന്നതിലെ വേഗം... ഈ കഥകൾക്കു സെക്രട്ടേറിയറ്റിൽ ‘മിത്തിന്റെ ’ സ്വഭാവമുണ്ട്. 1993ൽ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെ താൽക്കാലിക ഗാലറിക്കു മുൻപാകെ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കേണ്ടിവരുന്നതിന്റെ സങ്കടം, കായികമന്ത്രി പന്തളം സുധാകരനോടു ഫുട്ബോൾ അസോസിയേഷൻ പങ്കുവയ്ക്കുന്നു. അദ്ദേഹം ആ വിവരം മുഖ്യമന്തിയെ അറിയിക്കുന്നു. തൊട്ടടുത്ത ദിവസം സന്തോഷ് ട്രോഫി ഉദ്ഘാടനം ചെയ്തു കരുണാകരന്റെ പ്രഖ്യാപനം: ‘അടുത്ത സന്തോഷ് ട്രോഫി കേരളത്തിൽ നടക്കുന്നതു രാജ്യാന്തരനിലവാരമുള്ള സ്റ്റേഡിയത്തിലായിരിക്കും’. അന്നുയർന്ന ആരവങ്ങളുടെ ബാക്കിയാണു കലൂരിലെ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നും നിലയ്ക്കാത്തത്. വലിയ വിമാനങ്ങൾ കൊച്ചിയിലിറങ്ങാനുള്ള  പരിമിതിയെക്കുറിച്ചു മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയതാണു നെടുമ്പാശേരി എന്ന സ്വപ്നത്തിനു ചിറകുവിടർത്തിയത്. നവിമുംബൈയുടെ വികസനരീതിയെക്കുറിച്ചു ലഭിച്ച വിവരം ഒട്ടും വൈകാതെ നടപ്പാക്കിയതാണ് ‘ജിഡ’രൂപീകരണവും ഗോശ്രീ പാലങ്ങളും.

‘1991ൽ കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പു നടന്ന മുസ്‌ലിം അസോസിയേഷൻ ഹാളിൽനിന്ന് എ.കെ.ആന്റണിയെ തോൽപിച്ച്  ഇറക്കിവിട്ടതും 95ൽ ചാരക്കേസിന്റെ പേരിൽ കെ.കരുണാകരനെ സെക്രട്ടേറിയറ്റിൽനിന്ന് അവഹേളിച്ചു പുറത്തുചാടിച്ചതുമാണ് ഇന്നും കോൺഗ്രസിനെ വേട്ടയാടുന്ന രണ്ടു നിർഭാഗ്യകരമായ സംഭവങ്ങൾ’– കെ.മുരളീധരൻ അഭിപ്രായപ്പെട്ടു. കല്യാണിക്കുട്ടിയമ്മയുടെ വിയോഗത്തിനുശേഷം, അതുപോലെ വേദനിച്ചു ലീഡറെ കണ്ടതു ചാരക്കേസിന്റെ സമയത്തായിരുന്നുവെന്നു പത്മജ ഓർമിക്കുന്നു. ഏറ്റവും സന്തോഷിച്ചു കണ്ടതോ? ‘സംശയമെന്ത്, കോൺഗ്രസിൽ തിരിച്ചെത്തിയ ദിവസംതന്നെ’.

സങ്കടങ്ങളിലും സന്തോഷങ്ങളിലും ഗുരുവായൂരപ്പൻതന്നെയായിരുന്നു ലീഡർക്കു തുണ. ഒടുവിൽ താമസിച്ചിരുന്ന, തലസ്ഥാനത്തെ ‘കല്യാണി’യിലെ പൂജാമുറിക്കു നേരെ മുകളിൽ അനുയായി ഇബ്രാഹിം കുട്ടി കല്ലാർ കുറച്ചുദിവസം തങ്ങി. ‘ലീഡറു’ടെ പൂജാമുറിക്കു മുകളിലൂടെ കാൽ ചവിട്ടി നടക്കുന്നതിൽ കല്ലാറിനു പ്രയാസം. പരുങ്ങലോടെ അതറിയിച്ചപ്പോൾ പൊട്ടിച്ചിരിയോടെ കരുണാകരൻ പറഞ്ഞു; ‘താൻ മുകളിൽ നടക്കുന്നതുകൊണ്ട് പ്രതിഷേധിച്ച് ഇറങ്ങിപ്പോകുന്ന ദൈവങ്ങൾ വല്ലതുമുണ്ടെങ്കിൽ പോയ്ക്കൊട്ടെടോ.’

ചെറുപ്പക്കാരെ പ്രോത്സാഹിപ്പിച്ചു; ആശയങ്ങളെ വരിച്ചു

ചെറുപ്പക്കാരോടും അവരുടെ ആശയങ്ങളോടുമുള്ള വാത്സല്യമായിരുന്നു കരുണാകരന്റെ പ്രത്യേകതകളിലൊന്ന്. 30ാം വയസ്സിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി താൻ അധികാരമേറ്റത് അതിനു വലിയ തെളിവായി ചൂണ്ടിക്കാട്ടുന്നതു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

‘എം.പി.ഗംഗാധരൻ രാജിവച്ചപ്പോൾ മന്ത്രിസ്ഥാനം സ്വപ്നത്തിൽപോലും കണ്ടിട്ടില്ല. പെട്ടെന്നു ലീഡർ നിർദേശിച്ചപ്പോൾ ജി.കാർത്തികേയനാണ് അർഹതയെന്നാണു ഞാനും പറഞ്ഞത്. അന്നു യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരുന്ന എന്നെ മന്ത്രിയാക്കുന്നതു യുവാക്കൾക്കാകെ നൽകുന്ന സന്ദേശമായിട്ടായിരിക്കും, അദ്ദേഹം കണക്കിലെടുത്തത്’. തിരുത്തൽവാദമടക്കം പിന്നീട് ഉയർന്നുവെങ്കിലും അതൊന്നും വ്യക്തിബന്ധത്തെ തീരെ ബാധിച്ചില്ലെന്നു ചെന്നിത്തല പറയുന്നു. പ്രതിപക്ഷത്തെ ഉന്നത നേതാക്കളുമായി പുലർത്തിയിരുന്ന സ്നേഹബന്ധവും കരുണാകരന്റെ പ്രത്യേകതയായിരുന്നു.

ചെറുപ്പക്കാരായ ഐഎഎസ് ഉദ്യോഗസ്ഥരെയും കാര്യമായി പ്രോത്സാഹിപ്പിച്ചു. മുഖ്യമന്ത്രിയെന്നനിലയിൽ ഉദ്യോഗസ്ഥരുടെ കടിഞ്ഞാൺ കരുണാകരനിൽ ഭദ്രമായിരുന്നു. മന്ത്രിമാർക്കു സ്വാതന്ത്ര്യം നൽകുമ്പോൾത്തന്നെ ഓരോരുത്തരുടെയും നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ചു. ഘടകകക്ഷികൾ, തന്റെയും കോൺഗ്രസിന്റെയും പിന്നിൽത്തന്നെയാണു നിൽക്കുന്നതെന്ന് ഉറപ്പുവരുത്തി. ‘സ്പീഡ്’ ദൗർബല്യമാണെങ്കിലും, 1992ലെ കാറപകടത്തിനുശേഷവും അക്കാര്യത്തിൽ കാര്യമായ വീണ്ടുവിചാരമുണ്ടായില്ല.

അസാധാരണമായിരുന്നു ആ നർമബോധം. എല്ലാ പത്രങ്ങളും വായിക്കുന്ന കരുണാകരൻ ആദ്യം എന്തുകൊണ്ടു സിപിഎം മുഖപത്രമായ ദേശാഭിമാനി തിരഞ്ഞെടുക്കുന്നുവെന്നു ചോദിച്ചപ്പോഴുള്ള മറുപടി: ‘ആദ്യം ദേശാഭിമാനി വായിക്കുമ്പോഴുള്ള മനസ്സിന്റെ പ്രയാസമെല്ലാം, പിന്നെ മറ്റു പത്രങ്ങൾ വായിക്കുമ്പോൾ തീരും. തിരിച്ചാണെങ്കിൽ അതു കിടക്കും’. വസ്ത്രധാരണത്തിലെ വെടിപ്പ് ആരും ശ്രദ്ധിക്കും. മുണ്ടിനും ഷർട്ടിനും മുക്കിയ നീലത്തിന്റെ അളവിൽ ഒരു തുള്ളി വ്യത്യാസം മതി, മുഖം വാടാൻ. പേനകൾ ഇഷ്ടമായിരുന്നു. ഇഷ്ടമില്ലാത്തവരെ കണ്ടാൽ അധികം ഗൗനിക്കില്ല. അല്ലെങ്കിൽ കൊണ്ടുപിടിച്ച പത്രം വായന തുടങ്ങും. രാത്രിയോ പകലോ നോക്കാതെയുള്ള കരുണാകരന്റെ യാത്രകളെക്കുറിച്ചു കല്യാണിക്കുട്ടിയമ്മയ്ക്ക് ആധിയൊട്ടുമില്ലായിരുന്നു. എവിടേക്കാണു പോകുന്നതെന്നുപോലും അന്വേഷിക്കാത്തതു ശരിയോയെന്നു ചോദിച്ച മക്കളോട് അവർ പറഞ്ഞു: അതു രാവിലെ പത്രം വായിച്ചാൽ പോരേ?

ഉമ്മൻ ചാണ്ടിയെ തുണച്ച ആ ‘ദശാംശം’

കോൺഗ്രസ് രാഷ്ട്രീയത്തിൽ ബദ്ധവൈരിയെങ്കിലും, നീണ്ട ഇരുപതുവർഷത്തോളം താൻ കെപിസിസി അംഗമായിരുന്നത് കെ. കരുണാകരൻ മൂലമായിരുന്നുവെന്നു വെളിപ്പെടുത്തിയതു മറ്റാരുമല്ല, ഉമ്മൻ ചാണ്ടി തന്നെ. 1972ൽ കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനായി പാർലമെന്ററി പാർട്ടിയിൽനിന്നുള്ള കെപിസിസി അംഗങ്ങളെ നിശ്ചയിക്കുന്ന ഘട്ടത്തിൽ ഉമ്മൻ ചാണ്ടിക്കു സ്വയം ഒഴിവാകേണ്ട സാഹചര്യമുണ്ടായി.

പുതുപ്പള്ളി ബ്ലോക്കിൽനിന്ന് അദ്ദേഹം കെപിസിസിയിൽ എത്തിയിട്ടില്ലെന്ന് ആ കൂടിയാലോചനകൾക്കിടയിൽ കരുണാകരൻ മാത്രം മനസ്സിലാക്കി. കോൺഗ്രസ് ഭരണഘടനയ്ക്കു പൊടുന്നനെ അദ്ദേഹം ഒരു വ്യാഖ്യാനം നൽകി. ‘കോൺഗ്രസ് അംഗങ്ങളുടെ ഇത്ര ശതമാനം എന്ന കണക്ക് നോക്കുമ്പോൾ, ‘ദശാംശം ഒന്ന്’ അധികമായി വരും. ദശാംശം വന്നാൽ ഭരണഘടന പ്രകാരം ഒരാളെ കൂടുതൽ എടുക്കാം. അതുകൊണ്ട് ഉമ്മൻ ചാണ്ടിയെക്കൂടി ഞാൻ നിർദേശിക്കുന്നു’.

ഈ ഭരണഘടനാവ്യാഖ്യാനം കണ്ട് അന്തംവിട്ടുപോയെന്ന് ഉമ്മൻ ചാണ്ടി. അന്നു കരുണാകരന്റെ ‘ദശാംശം’ സഹായിച്ചില്ലെങ്കിൽ പിന്നീടു സംഘടനാ തിരഞ്ഞെടുപ്പു നടന്ന 1991വരെ ഉമ്മൻ ചാണ്ടി കെപിസിസി അംഗമല്ലാതെ തുടർന്നേനെ. ‘ഇത്രയും പ്രായോഗികമതിയായ ഒരു രാഷ്ട്രീയനേതാവിനെ ഞാൻ കണ്ടിട്ടില്ല. നക്സൽ വാദത്തെ അടിച്ചമർത്തിയതു ഭരണാധികാരിയെന്നനിലയിൽ അദ്ദേഹത്തിന്റെ വലിയ സംഭാവനയാണ്’– ഉമ്മൻ ചാണ്ടി പറഞ്ഞു.