Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഎംഎസിന്റെ മരണശേഷം സഹായം വാഗ്ദാനം ചെയ്ത് കരുണാകരൻ വന്നുവെന്ന് ഇ.എം.രാധ

EM Radha

ചീമേനി∙ ഇഎംഎസിന്റെ വിയോഗ ശേഷം, ഞാൻ എന്തു സഹായമാണ് ചെയ്യേണ്ടതെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് കെ.കരുണാകരൻ വീട്ടിലെത്തിയിരുന്നുവെന്ന് ഇഎംഎസിന്റെ മകളും സംസ്ഥാന വനിതാ കമ്മിഷൻ അംഗവുമായ ഇ.എം.രാധ.

അക്കാലത്തു നേതാക്കൾ തമ്മിൽ രാഷ്ട്രീയത്തിനപ്പുറം കൂടുതൽ ഊഷ്മളമായ ബന്ധമുണ്ടായിരുന്നു. എല്ലാം എകെജി സെന്ററിൽ നിന്നു ചെയ്യുന്നുണ്ടെന്നായിരുന്നു അമ്മയുടെ മറുപടി. അമ്മയുടെ ലളിതമായ ജീവിതം ഇഎംഎസിനെയും മക്കളായ ഞങ്ങളെയും ഏറെ സഹായിച്ചിട്ടുണ്ടെന്നും രാധ ഓർമിച്ചു.

അച്ഛൻ രണ്ടാമതു മുഖ്യമന്ത്രിയാവാൻ പോയപ്പോൾ ഏറ്റവുമധികം എതിർത്തത് അമ്മയാണ്. മുഖ്യമന്ത്രിപദത്തെയല്ല, ക്ലിഫ് ഹൗസിലെ ജീവിതം ഓർത്തായിരുന്നു എതിർപ്പ്. ഒടുവിൽ എകെജി ഇടപെട്ടു. അദ്ദേഹം വീട്ടിൽ വന്നു സംസാരിച്ചു. മുഖ്യമന്ത്രി ആവാൻ തയാറായില്ലെങ്കിൽ ഇഎംഎസിനെ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്നു പറഞ്ഞതോടെ അമ്മ അയഞ്ഞു. സ്വന്തം വീട്ടിൽ താമസിക്കാം എന്ന ഉപാധിയോടെയായിരുന്നു ആ സമ്മതം.

അച്ഛനൊപ്പം അദ്ദേഹത്തിന്റെ ജീവിതരീതിയും ആശയങ്ങളും പിന്തുടർന്നാണ് അമ്മ ജീവിച്ചത്. പാർട്ടി അംഗമല്ലായിരുന്നെങ്കിലും ജീവിതം കൊണ്ട് അമ്മ കമ്യൂണിസ്റ്റായിരുന്നുവെന്നും അതുകൊണ്ടാണ് അവരുടെ മൃതദേഹം കീഴ്‌വഴക്കങ്ങൾ നോക്കാതെ എകെജി സെന്ററിൽ പൊതുദർശനത്തിനു വച്ചതെന്നും പിണറായി വിജയനാണ് ഇതിനു വേണ്ട അനുമതി നൽകിയതെന്നും ഇ.എം.രാധ അനുസ്മരിച്ചു.

വനിതാസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പാഠശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.എം.രാധ.