Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ ശബരിമല പ്രശ്നം ഉണ്ടാകില്ലായിരുന്നു: ചെന്നിത്തല

karunakaran-death-anniversary കെ. കരുണാകരന്റെ ചരമവാർഷികത്തോടനുബന്ധിച്ചു കരുണാകരൻ ഫൗണ്ടേഷൻ തിരുവനന്തപുരത്തു സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ശശി തരൂർ എംപിയുമായി സംഭാഷണത്തിൽ. കെ.മുരളീധരൻ എംഎൽഎ, എം.എം.ഹസൻ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ സമീപം. ചിത്രം: മനോരമ

തിരുവനന്തപുരം ∙ വിശ്വാസിയായിരിക്കുമ്പോൾ തന്നെ മറ്റെല്ലാ മതങ്ങളെയും ബഹുമാനിച്ചിരുന്ന കെ. കരുണാകരൻ ജീവിച്ചിരുന്നുവെങ്കിൽ ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വികസനത്തിനൊപ്പം ജനങ്ങൾക്കു വേണ്ടിയും അദ്ദേഹം നിലകൊണ്ടെന്നു രമേശ് പറഞ്ഞു. കെ. കരുണാകരന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ചു കരുണാകരൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കരുണാകരന്റെ ചിത്രങ്ങളുടെ പ്രദർശനം മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. ‘കരുണാകരനും കേരളവും’ സെമിനാർ മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവ് എം.കെ. മുനീർ ഉദ്ഘാടനം ചെയ്തു. മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ, മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ഡി. ബാബുപോൾ, മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.

സമാപന സമ്മേളനം മുൻ കേന്ദ്രമന്ത്രി എം. വീരപ്പമൊയ്‍ലി ഉദ്ഘാടനം ചെയ്തു. വ്യവസായ സംരംഭക അവാർഡ് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദും കാർട്ടൂണിസ്റ്റ് അവാർഡ് ഗോപികൃഷ്ണ(മാതൃഭൂമി)നും ഏറ്റുവാങ്ങി. പാലോട് രവി, ശശി തരൂർ എംപി, കെടിഡിസി ചെയർമാൻ എം. വിജയകുമാർ, ടി. ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. അവാർഡ് തുകയായ ഒരു ലക്ഷം രൂപ ഉൾപ്പെടെ 21 ലക്ഷം രൂപ അദീബ് അഹമ്മദ് കരുണാകരൻ ഫൗണ്ടേഷനു സംഭാവനയായി നൽകി.

പ്രായോഗിക ബുദ്ധിയുടെ ലീഡർ

തിരുവനന്തപുരം∙ കെ. കരുണാകരന്റെ പ്രായോഗിക രാഷ്ട്രീയബുദ്ധിയുടെ കൗതുക കഥയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കരുണാകരൻ ഫൗണ്ടേഷൻ ‘കെ. കരുണാകരനും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറായിരുന്നു വേദി.

കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്തു നിയമസഭയിൽ ഭരണ– പ്രതിപക്ഷ വാക്കേറ്റം പരിധി വിട്ടു കൈയാങ്കളിയിലെത്തിയതോടെ സഭ നിർത്തിവച്ചു. തുടർന്നുള്ള ചർച്ചയിൽ ആറ് എംഎൽഎമാരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. വീണ്ടും സഭ ചേർന്നപ്പോൾ കരുണാകരൻ ഈ വിഷയത്തിൽ പ്രമേയാവതരണം തുടങ്ങി. സസ്പെൻഷൻ വരാൻ പോവുകയാണെന്നു പ്രതിപക്ഷത്തിനറിയാം. അവർ പാഞ്ഞടുത്തു കരുണാകരന്റെ കൈയിൽ നിന്നു പ്രമേയം തട്ടിപ്പറിച്ചെടുത്തു കടന്നു കളഞ്ഞു. ഒന്നും സംഭവിക്കാത്തതു പോലെ ജുബ്ബയുടെ വലതു പോക്കറ്റിൽ നിന്നു കടലാസ് എടുത്തു കരുണാകരൻ വായന പൂർത്തിയാക്കി.

പ്രമേയാവതരണം കഴിഞ്ഞതും ഭരണകക്ഷി എംഎൽഎമാർ കരുണാകരനെ അഭിനന്ദിച്ചു. അപ്പോൾ അദ്ദേഹം ജുബ്ബയുടെ ഇടതു പോക്കറ്റിൽ നിന്നു മറ്റൊരു കടലാസും പുറത്തെടുത്തു കാണിച്ചു. പ്രതിപക്ഷം എന്തു ചെയ്യുമെന്നു മുൻകൂട്ടി കണ്ട അദ്ദേഹം പ്രമേയത്തിന്റെ രണ്ടു കോപ്പി രണ്ടു പോക്കറ്റിലുമായി കരുതിവച്ചു. ഇതായിരുന്നു കരുണാകരന്റെ പ്രായോഗിക ബുദ്ധി– ഉമ്മൻചാണ്ടി പറഞ്ഞു.