Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിൽവാതിലിൽ സ്വയം ചെന്നു മുട്ടരുത്

nottam-vinod

വാട്സ്ആപ്പ്, ഫെയ്സ് ബുക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകളും വ്യാജചിത്രങ്ങളും വ്യാജശബ്ദങ്ങളും പെരുകുന്നു. വൈദികൻ പീഡിപ്പിച്ച പെൺകുട്ടിയും അവളുടെ അമ്മയും എന്നു സൂചിപ്പിച്ചു വൈദികന്റെ തന്നെ ബന്ധുക്കളായ ഒരു പെൺകുട്ടിയുടെയും ഒരു സ്ത്രീയുടെയും ചിത്രങ്ങൾ പ്രചരിപ്പിച്ച് ഒരു കൂട്ടം സമൂഹ മാധ്യമക്കാർ ആ കുടുംബത്തെ ഒന്നടങ്കം പീ‍‍ഡിപ്പിച്ചു.

മാത്രമല്ല, പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയും അവളുടെ അമ്മയും എന്നു സൂചിപ്പിച്ചു മറ്റൊരു പെൺകുട്ടിയുടെയും സ്ത്രീയുടെയും ഫോട്ടോകളും സമൂഹ മാധ്യമക്കാർ പ്രചരിപ്പിച്ചു. അതായത്, ഒരു പെൺകുട്ടി പീ‍ഡിപ്പിക്കപ്പെട്ടപ്പോൾ ആ പേരും പറഞ്ഞു ചില സമൂഹ മാധ്യമക്കാർ നിഷ്കളങ്കരായ മറ്റു രണ്ടു പെൺകുട്ടികളെയും രണ്ടു സ്ത്രീകളെയും അവരുടെ കുടുംബാംഗങ്ങളെയും ഒന്നിച്ചു പീഡിപ്പിച്ചു.

പൾസർ സുനി ഒരു നടിയെ പീ‍‍ഡിപ്പിച്ചു എന്ന വാർത്ത പുറത്തുവരേണ്ട താമസം ചില സമൂഹ മാധ്യമക്കാർ എവിടെനിന്നോ ഒരു പെൺകുട്ടിയുടെ ഫോട്ടോ തപ്പിയെടുത്തു പൾസർ സുനിയുടെ കാമുകിയായി അവതരിപ്പിച്ച് ആ കുട്ടിയെ പീഡിപ്പിച്ചു. ഈ ‘കാമുകി’ ചരിത്രത്തിന് ഒരു ‘ഔദ്യോഗിക ഭാഷ്യം’ നൽകാനായി പൾസർ സുനിയുടെ കേസന്വേഷിക്കുന്ന പൊലീസ് ഓഫിസറുടേതെന്നു സൂചിപ്പിച്ച് ഒരു ഓ‍ഡിയോ ഫയലുണ്ടാക്കി പ്രചരിപ്പിച്ചു കേരള പൊലീസിനെയും പീ‍ഡിപ്പിച്ചു.

അതായത്, പൾസർ സുനി ഒരു നടിയെ പീഡിപ്പിച്ചപ്പോൾ ആ പേരും പറഞ്ഞ് ഈ സമൂഹ മാധ്യമക്കാർ നിഷ്കളങ്കയായ ഒരു പെൺകുട്ടിയെയും മാന്യമായി കേസന്വേഷിക്കുന്ന കേരള പൊലീസിനെയും ഒന്നിച്ചു പീഡിപ്പിച്ചു. മാത്രമല്ല, വിദേശത്തു വലിയ സ്കോളർഷിപ് നേടി പഠിക്കുന്ന ഒരു മലയാളി പെൺകുട്ടിയെ, അവളുടെ ചിത്രം ഒരു പത്രത്തിന്റെ വെബ്സൈറ്റിൽ നിന്നു കൈക്കലാക്കി ആ പെൺകുട്ടി ചിന്തിക്കുക പോലും ചെയ്യാത്തൊരു കാര്യത്തിനായി ഉപയോഗിച്ചു പീഡിപ്പിച്ചു.

എന്തിന്, ഒരു വനിതാ എഡിജിപിയുടേതെന്നു സൂചിപ്പിച്ചു പോലും ഓഡിയോ ഫയലുണ്ടാക്കി പ്രചരിപ്പിച്ചു സുഖിച്ചവരാണു ചില മലയാളി സമൂഹ മാധ്യമക്കാർ. ഇത്തരം വ്യാജ പ്രചാരണങ്ങൾ നടക്കുന്നതിന്റെ കാരണമെന്താണ്? വാട്ട്സ്ആപ്പിലും ഫെയ്സ്ബുക്കിലും ഒക്കെ ഒരു പോസ്റ്റിടുമ്പോൾ അതിന്റ െതളിവുകൾ അവശേഷിക്കപ്പെടുന്നു എന്ന് അറിയാത്തതാണോ ഇതിനൊക്കെ കാരണം?

നിയമവകുപ്പുകൾ പ്രകാരം ഈ സമൂഹ മാധ്യമക്കാർക്കെതിരെയും കേസെടുക്കാവുന്നതാണെന്ന് അറിയില്ലേ? പാണക്കാട് തങ്ങൾക്കെതിരെയും പിണറായി വിജയനെതിരെയും ഒരു മലയാളി പത്രപ്രവർത്തകയ്ക്കെതിരെയും ഒരു മലയാളി പെൺകുട്ടിക്കെതിരെയും ഒരു മലയാള പുസ്തക പ്രസിദ്ധീകരണശാലയ്ക്കെതിരെയും ഒക്കെ ഇത്തരം സൈബർ അക്രമങ്ങൾ വന്നപ്പോൾ തെളിവുകൾ ശേഖരിച്ചു കുറ്റക്കാരെ ജയിലിലാക്കിയ കാര്യം അറിയാത്തവരായിരിക്കുമോ ഇത്തരം വ്യാജ പോസ്റ്റുകളിടുന്നവർ?

ഇങ്ങനെ ജയിലിലായ പലരും ഗൾഫിൽ നല്ല ജോലിയുണ്ടായിരുന്നവരാണെന്നും ലുക്ക് ഔട്ട് നോട്ടിസ് കൊടുത്തു നമ്മുടെ വിമാനത്താവളങ്ങളിൽ നിന്നാണു പൊലീസ് അവരെ അറസ്റ്റ് ചെയ്തു ജയിലിലാക്കിയതെന്നും അറിയില്ലേ? ഇങ്ങനെ ജയിലിലായ എല്ലാവരും തന്നെ ഇന്നു ജോലി നഷ്ടപ്പെട്ടു കേസും കൂട്ടവുമായി നാട്ടിൽ കെട്ടിയിട്ടപോലെ ജീവിക്കുകയാണ്.

തങ്ങൾ ചെയ്യുന്ന കുറ്റത്തിന്റെ തെളിവുകൾ സിഡിആർ രൂപത്തിലും ടവർ ഡംപ് രൂപത്തിലും ഐപി ഡംപ് രൂപത്തിലും കാഫ് രൂപത്തിലും ഒക്കെ മൊബൈൽ ഫോൺ കമ്പനികൾ തീയതിയും സമയവും വച്ചു സൂക്ഷിച്ചുവയ്ക്കുന്നുണ്ടെന്നും ആവശ്യപ്പെടുന്ന പക്ഷം അവ പൊലീസിനും കോടതിക്കും ലഭ്യമാക്കുമെന്നും അത്തരം തെളിവുകൾക്കു വലിയ പ്രാധാന്യമാണു കോടതി കൊടുക്കുന്നതെന്നും അറിഞ്ഞിരിക്കുക.

സത്യവും സഹായകരവുമായ വിവരങ്ങൾ മാത്രം പ്രചരിക്കേണ്ട ഒരിടമാണു സമൂഹ മാധ്യമങ്ങൾ. നല്ല ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞ സമൂഹ മാധ്യമ കൂട്ടായ്മകളുടെ പ്രവർത്തനം ശ്ലാഘനീയവുമാണ്. എന്നാൽ, വ്യാജവാർത്തകളും ചിത്രങ്ങളും ശബ്ദങ്ങളും ചമച്ചിടുന്നവരും അവ വ്യാജമാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിച്ചു സുഖിക്കുന്നവരും ഇവിടെ ഉണ്ടെന്നതു ദുഃഖകരമാണ്.

തങ്ങൾ ചെയ്യുന്ന കുറ്റത്തിന്റെ തെളിവുകൾ സ്വയം അവശേഷിപ്പിച്ച്, ജയിലിന്റെ പടിവാതിൽക്കൽ ക്ഷണിക്കാതെ ചെന്നു മുട്ടുകയാണ് അവർ എന്നു നിസ്സംശയം പറയാം.

(സ്വതന്ത്ര സൈബർ ഫൊറൻസിക് വിദഗ്ധനായ ലേഖകൻ ഈ മേഖലയിലെ പ്രശസ്ത ജേണലുകളുടെ റിവ്യൂവറുമാണ്)