Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പു വിജയം ആഘോഷിക്കുമ്പോൾ ബാങ്കുവിളി; പ്രസംഗം നിർത്തി മോദി

Modi-Pauses-Speech ബാങ്കുവിളി ഉയർന്നതിനെ തുടർന്ന് പ്രസംഗം നിർത്തിവച്ച് നിശബ്ദനായി നിൽക്കുന്ന പ്രധാനമന്ത്രി മോദി. (വിഡിയോ ദൃശ്യം)

ന്യൂഡൽഹി∙ ത്രിപുര ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു വിജയം ‍ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ആഘോഷിക്കവേ, സമീപത്തെ മുസ്‍ലിം പള്ളിയിൽ ബാങ്കുവിളി ഉയർന്നപ്പോൾ പ്രസംഗം നിർത്തിവച്ച് പ്രധാനമന്ത്രി മോദി. തിരഞ്ഞെടുപ്പു വിജയത്തിന്റെ ആവേശത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ബാങ്കുവിളി മുഴങ്ങിയത്. ഇതോടെ പ്രസംഗം നിർത്തിയ മോദി, രണ്ടു മിനിറ്റോളം നിശബ്ദനായി നിന്നു.

ബാങ്കുവിളി അവസാനിച്ചതിനു പിന്നാലെ സദസ്സിന് ‘ഭാരത് മാതാ കീ’ എന്ന് ഉച്ചത്തിൽ വിളിച്ചുകൊടുത്തു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം പുനഃരാരംഭിച്ചത്. മറുപടിയായി പാർട്ടി പ്രവർത്തകർ ഒന്നാകെ ‘ജയ്’ വിളിക്കുകയും ചെയ്തു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജ്, അരുൺ ജയ്റ്റ്‍ലി, രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി തുടങ്ങിയവർ ഈ സമയത്ത് വേദിയിലുണ്ടായിരുന്നു.

അസ്തമിക്കുന്ന സൂര്യന് ചുവപ്പു നിറവും ഉദിക്കുന്ന സൂര്യന് കാവിനിറവുമാണെന്ന പരാമർശമുൾപ്പെടെ, പാർട്ടി പ്രവർത്തകർക്ക് ആവേശം സമ്മാനിച്ച പ്രസംഗമാണ് പാർട്ടി ആസ്ഥാനത്ത് മോദി തുടർന്നു നടത്തിയത്.

അതേസമയം, ബാങ്കുവിളി ഉയരുമ്പോൾ മോദി പ്രസംഗം ഇടയ്ക്ക് നിർത്തിവയ്ക്കുന്നത് ഇതാദ്യമായല്ല. ഇക്കഴിഞ്ഞ നവംബറിൽ ഗുജറാത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പ്രസംഗിക്കുമ്പോഴും ബാങ്കുവിളി ഉയർന്നതിനെ തുടർന്ന് മോദി പ്രസംഗം നിർത്തിയിരുന്നു. അതിനു മുൻപ് ബംഗാളിൽ ഒരു റാലിയിൽ പ്രസംഗിക്കുമ്പോഴും സമാന സംഭവമുണ്ടായി. ‘ആരുടെയും പ്രാർഥന തടസ്സപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല’ എന്ന മുഖവുരയോടെയാണ് അന്നു മോദി പ്രസംഗം തുടർന്നത്.

related stories