ദോറാജിയിലെ അഭിമാനപ്പോരാട്ടത്തിൽ ലളിത് വസോയയ്ക്കു ജയം, ഭൂരിപക്ഷം 25,000

ഹാർദിക് പട്ടേൽ, ലളിത് വസോയ.

അഹമ്മദാബാദ്∙ ഗുജറാത്തിൽ ബിജെപിയെ പിടിച്ചുകെട്ടാൻ കച്ചകെട്ടിയിറങ്ങിയ പട്ടേൽ സമുദായം (പടിദര്‍ അനാമത് ആന്ദോളൻ സമിതി – പാസ്) അഭിമാന പോരാട്ടമായി കണ്ട ദോറാജിയിൽ ഹാർദിക്കിന്റെ തന്ത്രങ്ങൾ വിജയിച്ചു. കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച ദോറാജിയിൽ ഹാർദിക്കിന്റെ വിശ്വസ്തരിലൊരാളായ ലളിത് വസോയ വിജയിച്ചു. മുതിർന്ന ബിജെപി നേതാവും മുൻ ലോക്സഭ എംപിയുമായ ഹരിലാൽ പട്ടേലായിരുന്നു എതിരാളി. 25,085 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ലളിത് വസോയയുടെ ജയം.

രാജ്കോട്ട് ജില്ലയിൽ പട്ടേൽ സമുദായാംഗങ്ങൾക്കു ഭൂരിപക്ഷമുള്ള നിയമസഭാമണ്ഡലം കൂടിയാണു ദോറാജി. പരമ്പരാഗതമായി കോൺഗ്രസിന്റെ ശക്തികേന്ദ്രമാണ് ഈ മണ്ഡലം. എന്നാൽ കോൺഗ്രസിനു പറയാൻ ഒരു ചതിയുടെ കഥയുമുണ്ട്. മുൻ പട്ടേൽ സമുദായ നേതാവ് വിത്തൽ രാദാദിയ ഇവിടെനിന്ന് കോൺഗ്രസ് ടിക്കറ്റിൽ അഞ്ചു തവണ ജയിച്ചിട്ടുണ്ട്. 2012ലും അദ്ദേഹത്തിനായിരുന്നു വിജയം. എന്നാൽ ഇദ്ദേഹം പിന്നീട് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. തുടർന്നു 2013ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രവീൺ മകദിയ വിജയിക്കുകയായിരുന്നു. ഇത് കോൺഗ്രസിനു കനത്ത ക്ഷീണമായി. മണ്ഡലത്തിൽ ബിജെപി ശക്തിപ്രാപിക്കുന്നതു തടയാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയായിരുന്നു ‘പാസി’നുള്ള കോൺഗ്രസ് പിന്തുണ.

ലൂവ പട്ടേൽ വിഭാഗത്തിൽനിന്നുള്ള വസോയയെ നേരിടാൻ ബിജെപി നിർത്തിയ ഹരിഭായ് പട്ടേൽ കഡ്‌വ പട്ടേൽ വിഭാഗത്തിൽനിന്നുള്ളയാളാണ്. പട്ടേൽ സമുദായത്തിനിടയിൽ ഭിന്നതയുണ്ടാക്കാനുള്ള ബിജെപിയുടെ തന്ത്രമായിരുന്നു അത്. എന്നാൽ ദോറാജിയിൽ പട്ടേൽ വിഭാഗം 70,000 പേർ മാത്രമേ ഉണ്ടായിരുള്ളൂ. അവിടെ ഒബിസി വിഭാഗത്തിൽപ്പെടുന്ന 82,000 നോണ്‍ – കോലികളും 7000 കോലി വിഭാഗക്കാരുമാണ് ഉണ്ടായിരുന്നത്. പട്ടേൽ വിഭാഗത്തിന്റെ ഭിന്നിപ്പിലും വസോയയ്ക്കു ജയിച്ചുകയറാനായത് മറ്റുള്ള വിഭാഗത്തിന്റെ പിന്തുണയോടെയുമാണ്.