Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സർക്കാർ മാറി എന്നു കരുതി പാവങ്ങളുടെ അവകാശം നിഷേധിക്കരുത്’

adoor-prakash

റവന്യൂവകുപ്പ് ഭരണത്തെക്കുറിച്ച് മുൻമന്ത്രി അടൂർപ്രകാശിന്റെ വിലയിരുത്തൽ:

റവന്യൂവകുപ്പിനെ സംബന്ധിച്ചിടത്തോളം കേരളത്തിൽ നടപ്പിലാക്കികൊണ്ടിരുന്ന പല പദ്ധതികളും നിർത്തലാക്കുന്ന അവസ്ഥയിലേക്കാണു കാര്യങ്ങൾ പോകുന്നത്. ഏതു സർക്കാറായാലും അതൊരു തുടർച്ചയാണ്. സർക്കാർ എന്ന നിലയിൽ യുഡിഎഫ് സർക്കാർ ചെയ്ത നല്ല കാര്യങ്ങളുണ്ട്. കേരളത്തിൽ എത്ര ഭൂരഹിതരായ ആളുകൾ ഉണ്ടെന്നു കണ്ടെത്താനുള്ള തീരുമാനം ഞങ്ങൾ എടുത്തു. അത്തരത്തിലുള്ള 2,42,922 കുടുംബങ്ങൾ കേരളത്തിൽ ഉണ്ടെന്നു കണ്ടെത്തി. 88,346 ആളുകൾക്ക് മൂന്നു സെന്റ് ഭൂമി നൽകുവാൻ നടപടി സ്വീകരിച്ചു. ആദ്യം കണ്ണൂർ ജില്ലയിൽ ഭൂമി നൽകി. പിന്നീട് കാസർകോടും ഇട‌ുക്കിയിലും അപേക്ഷ നൽകിയ മുഴുവൻ ആളുകൾക്കും ഭൂമി നൽകി. എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അതൊക്കെ അട്ടിമറിക്കപ്പെട്ടു.

യുഡിഎഫ് സർക്കാർ വിതരണത്തിനായി കണ്ടെത്തിയ ഭൂമി ഇനിയും വിതരണം ചെയ്യാൻ കിടക്കുകയാണ്. സർക്കാർഭൂമി കൈവശം വച്ച ആളുകളിൽനിന്ന് അതു തിരിച്ചെടുക്കാൻ നടപടി സ്വീകരിച്ചപ്പോൾ, വർഷങ്ങളായി ഭൂമി കൈവശംവച്ചു കെട്ടിടം നിർമിച്ച ആളുകൾ സർക്കാർ ആവശ്യപ്പെടുന്ന സ്ഥലത്തു പകരമായി ഭൂമി വാങ്ങി നൽകാമെന്നു സമ്മതിച്ചിരുന്നു. അങ്ങനെ വാങ്ങി നൽകിയ ഭൂമി വിതരണം ചെയ്യുന്നതിനും നടപടി സ്വീകരിച്ചിട്ടില്ല. 

കേരള സംസ്ഥാനം രൂപീകരിച്ചശേഷം ഏറ്റവും കൂടുതൽ പട്ടയം വിതരണം ചെയ്തത് യുഡിഎഫ് സർക്കാരാണ്. 1.8 ലക്ഷത്തിലധികം പട്ടയം യുഡിഎഫ് സർക്കാരിനു വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ചില അപാകതകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവ പരിഹരിക്കാൻ കഴിയുന്ന അപാകതകളായിരുന്നു. ഒരു സർക്കാർ മാറി എന്നുള്ളതുകൊണ്ട് പാവപ്പെട്ടവരുടെ അവകാശങ്ങൾ നിഷേധിക്കുന്നതു ശരിയല്ല. കഴിഞ്ഞ സർക്കാർ ചെയ്തതു ശരിയല്ല എന്ന് ആരോപിച്ച് ഒന്നും ചെയ്യാതെ എൽഡിഎഫ് സർക്കാർ ഒരു വർഷം പിന്നിടുകയാണ്. ഞങ്ങൾവന്നശേഷം എന്താണു ചെയ്തതെന്ന് അക്കമിട്ട് പറയാൻ എന്തെങ്കിലും കാര്യങ്ങൾ എൽഡിഎഫ് സർക്കാരിന്റെ കയ്യിലുണ്ടോ?

24 സർട്ടിഫിക്കറ്റുകൾ ഓൺലൈനിലൂടെ കൊടുക്കാൻ യുഡിഎഫ് സർക്കാർ നടപടിയെ‌ടുത്തു. രണ്ട് കോടിയിലധികം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഓൺലൈൻപോക്കുവരവ് സംവിധാനം എവിടെയെത്തിയെന്ന് ഇപ്പോൾ ഒരു പിടിയുമില്ല. വീഴ്ചകൾ മറച്ചുവയ്ക്കാൻ യുഡിഎഫ് സർക്കാരിനെ കുറ്റപ്പെടുത്തുകയാണ് ഇടതു സർക്കാർ.

ഭൂമികയ്യേറ്റങ്ങളുടെ കാര്യമെടുത്താൽ, യുഡിഎഫ് സർക്കാരിന്റെ കാലത്ത് വ്യാപകമായ ഭൂമി കയ്യേറ്റങ്ങൾ നടന്നിട്ടില്ല. അതിനെ അനുകൂലിക്കുന്ന നിലപാട് സർക്കാർ സ്വീകരിച്ചിട്ടില്ല. ഈ സർക്കാർ വന്നതിനുശേഷവും കയ്യേറ്റം ഉണ്ടായിട്ടുണ്ട്. കയ്യേറ്റം ഒഴിപ്പിക്കുന്നതിനെച്ചൊല്ലി സിപിഐയും സിപിഎമ്മുമായി തർക്കം നിലനിൽക്കുകയാണ്. പരിശോധന ന‌ടത്തുന്ന ഉദ്യോഗസ്ഥരുടെ കയ്യും കാലും വെട്ടുമെന്നാണ് ഭീഷണി. ഞങ്ങളുട‌െ കാലത്ത് അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഞാൻ മന്ത്രിയായിരുന്നപ്പോൾ മൂന്നാറിലെ സിപിഎം എംഎൽഎ രാജേന്ദ്രൻ ഭൂമി ലഭിക്കുന്നതിന് അപേക്ഷയുമായി എന്റെയടുത്ത് വന്നിരുന്നു. പക്ഷേ, ഉദ്യോഗസ്ഥർ എതിരായി റിപ്പോർട്ടു നൽകിയതിനാൽ ഭൂമി തരാനാകില്ലെന്ന നിലപാടാണു ഞാൻ സ്വീകരിച്ചത്. സിപിഎം നേതാക്കളായ കയ്യേറ്റക്കാർ മന്ത്രി എം.എം. മണിയുടെ സഹോദരൻ ലംബോദരൻ, ആൽവിൻ തുട‌ങ്ങിയവർക്കെതിരെ‌ യുഡിഎഫ് സർക്കാർ കേസ് എടുത്തു. യുഡിഎഫ് സർക്കാർ ഭൂമി കയ്യേറ്റക്കാർക്ക് കൂട്ടുനിന്നെന്ന ഈ സർക്കാരിന്റെ ആരോപണം സ്വന്തം വീഴ്ചകൾ മറയ്ക്കാനാ‌ണ്.

Your Rating: