Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരിയാക്കിയില്ല, ഇടതു സർക്കാർ എല്ലാം വഷളാക്കി: ഉമ്മൻ ചാണ്ടി

oommen-chandy

ഇടതു സർക്കാരിന്റെ ഒരു വർഷത്തെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി വിലയിരുത്തുന്നു:

∙ എൽഡിഎഫ് സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?

ഒരു വർഷത്തെ പ്രവർത്തനത്തിൽ ഇടതുമുന്നണിയിലെ ഘടകക്ഷികൾപോലും തൃപ്തരല്ലെന്നാണു വാർത്തകൾ സൂചിപ്പിക്കുന്നത്. പ്രത്യേകമായി വിലയിരുത്താൻ കഴിയുന്ന തരത്തിൽ ശ്രദ്ധേയമായി എന്തെങ്കിലും പരിപാടി തുടങ്ങി വയ്ക്കാൻപോലും ഗവൺമെന്റിന് കഴിഞ്ഞിട്ടില്ല. യുഡിഎഫ് തുടങ്ങിവച്ച പ്രവൃത്തികൾ ഉദ്ഘാടനം ചെയ്യുകയല്ലാതെ  മറ്റൊന്നും അവകാശപ്പെടാൻ ഇടതുമുന്നണി ഗവൺമെന്റിന് കഴിഞ്ഞിട്ടില്ല. ഗവൺമെന്റിന്റെ ഒന്നാമത്തെ ബജറ്റിൽ വലിയ പ്രാധാന്യം നൽകി  എൽഡിഎഫിന്റെ ഏറ്റവും പ്രധാന പദ്ധതിയായി പ്രഖ്യാപിച്ച കിഫ്ബിയിൽ ഒരു വർഷം കഴിഞ്ഞിട്ടും കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. തുടങ്ങാത്ത കിഫ്ബിയിൽ വിജിലൻസ് റെയ്ഡ് ന‌ടന്നതു മാത്രമാണ് വാർത്ത ആയത്.

∙എല്ലാം ശരിയാക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ എൽഡിഎഫിന് ആ ലക്ഷ്യം നിറവേറ്റാൻ കഴിഞ്ഞോ?

ഒന്നും ശരിയാക്കാൻ കഴിഞ്ഞില്ലെന്നുമാത്രമല്ല, കൈകാര്യം ചെയ്ത ഓരോ പ്രശ്നവും ഏറ്റവും വഷളാക്കിയെന്ന ക്രെഡിറ്റ് ഇടതു മുന്നണി ഗവൺമെന്റിനുള്ളതാണ്. മഹിജ സംഭവം, കുട്ടിമാക്കൂലിലെ ഹരിജൻ പീഡനം, റേഷൻ വിതരണത്തിന്റെ സ്തംഭനം, നിയമ-സമാധാന തകർച്ച എന്നിവയെല്ലാം ചില ഉദാഹരണങ്ങൾ മാത്രം. കാരുണ്യ ചികിൽസാ പദ്ധതി ഏതാണ്ടു മരവിപ്പിച്ചതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ടു വിതരണം നിശ്ചലമായതും പാവപ്പെട്ട രോഗികളെ വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ക്ലോക്ലിയർ ഇംപ്ലാന്റ് പദ്ധതിപോലുള്ള സഹായപദ്ധതികൾക്കു ഗൗരവമായ പരിഗണനപോലും ഇപ്പോൾ ലഭിക്കുന്നില്ല. ചുരുക്കത്തിൽ, നിരാശാപൂർണമായ ഒരു വർഷം അതാണ് കഴിഞ്ഞ ഒരു കൊല്ലത്തെ ഇടതുമുന്നണി ഗവൺമെന്റിന്റെ ഭരണകാലമെന്നു പറയാതെ വയ്യ. പറഞ്ഞതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു ബന്ധവും ഇല്ല.

∙ഓരോ ഫയലും ഓരോ ജീവിതമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. സെക്രട്ടേറിയറ്റിലെ ഫയൽ തീർപ്പാക്കലിനെ സംബന്ധിച്ച വിലയിരുത്തൽ എന്താണ്?

സെക്രട്ടേറിയറ്റിലെ ഫയൽനീക്കം ഏതാണ്ട് സ്തംഭനാവസ്ഥയിലാണ്. സെക്രട്ടേറിയറ്റ് ജീവനക്കാരോട് ചർച്ച ചെയ്തും  അവരെ വിശ്വാസത്തിലെടുക്കാതെയും കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നടപ്പിലാക്കാനുള്ള തീരുമാനം സെക്രട്ടേറിയറ്റ് ജീവനക്കാരെയാകെ ശത്രുപക്ഷത്താക്കി. ഉത്തമവിശ്വാസത്തിൽ സത്യസന്ധമായ കാര്യങ്ങൾ ചെയ്യുന്ന ഉദ്യോഗസ്ഥരെപോലും വിജിലൻസിന്റെ അന്വേഷണത്തിലൂടെ പീഡിപ്പിക്കാൻ ശ്രമിച്ചതു തീരുമാനങ്ങൾ എടുക്കാതെ ഒഴിഞ്ഞുമാറാൻ ഉദ്യോഗസ്ഥൻമാർക്കു പ്രേരണ നൽകി. തീരുമാനമെടുക്കാതെ ഫയലുകളുടെ കൂമ്പാരമായി സെക്രട്ടേറിയറ്റിലെ ഓരോ വകുപ്പും മാറിയെന്നത് അനിഷേധ്യമായ യാഥാർഥ്യമാണ്. സെക്രട്ടേറിയറ്റിൽ ഫയൽനീക്കത്തിൽ പുരോഗതി ഇല്ലെന്നു മാത്രമല്ല, ഫയൽനീക്കം ഒച്ചിന്റെ വേഗതയിലായി എന്നതാണു സത്യം.