Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എല്‍ഡിഎഫിന്റെ നേട്ടങ്ങൾ നിറംപിടിപ്പിച്ചതും ഊതിവീർപ്പിച്ചതും’

mm-hassan

കെപിസിസി പ്രസിഡന്റ് ചുമതല വഹിക്കുന്ന എം.എം.ഹസൻ എൽഡിഎഫ് സർക്കാരിനെക്കുറിച്ച്:

എൽഡിഎഫ് സർക്കാർ ഒരു വർഷം പിന്നിടുമ്പോൾ, എൽഡിഎഫ് വന്നാൽ ‌എല്ലാം ശരിയാകും എന്ന പ്രഖ്യാപനത്തിന്റെ അർഥ ശൂന്യത ജനങ്ങൾക്കു മനസിലായിരിക്കുകയാണ്. ഒന്നും ശരിയാകാത്ത വർഷമാണു കടന്നുപോയത്. എൽഡിഎഫ് സർക്കാരിന്റെ ഒരു വർഷത്തെ വിലയിരുത്തുകയാണെങ്കിൽ വീഴ്ചകളുടെ ഒരു വർഷമാണ്. പരാജയങ്ങളുടെയും വിവാദങ്ങളുടേയും ഒരു നീണ്ടഘോഷയാത്രയാണ് ഈ ഒരു വർഷം ഉണ്ടായത്. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ അവർക്കു പാലിക്കാൻ കഴിഞ്ഞില്ല. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത ഭരണം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല. ഇന്ന് ഇടതു മുന്നണിയിലെ ഘടകകക്ഷികൾ അസംതൃപ്തരാണ്. ഇടതുമുന്നണി പ്രവർത്തകർ അസംതൃപ്തരാണ്. ജനങ്ങൾ അമർഷത്തിലാണ്.

ഭരണത്തെ വിലയിരുത്തുമ്പോൾ ജനങ്ങൾക്ക് ആദ്യം ഓർമ്മ വരുന്നത് ഭരണം അവരുടെ ജീവിതത്തിൽ എത്രത്തോളം ആശ്വാസം നൽകി എന്നാണ്. ഒരു വർഷംകൊണ്ട് എല്ലാത്തിനും വിലകൂട്ടി. പാൽ ബസ്ചാർജ്, വെള്ളക്കരം‌, വൈദ്യുതി ചാർജ് എല്ലാം വർധിപ്പിച്ചു. സ്വാശ്രയ വിദ്യാർഥികൾക്കു ശ്വാസം മുട്ടുന്ന തരത്തിൽ സ്വാശ്രയഫീസ് കൂട്ടി. ഇതെല്ലാം ജനങ്ങളെ സാരമായി ബാധിച്ച കാര്യങ്ങളാണ്. ഒരു സർക്കാർ അധികാരത്തിലെത്തി ആദ്യവർഷംതന്നെ ഇങ്ങനെ വർധന വരുമ്പോൾ ജനങ്ങളുടെ ആശ്വാസത്തിനുവേണ്ടി പ്രവർത്തിക്കാൻ അവർക്കു സാധിച്ചില്ലെന്നാണു വ്യക്തമാകുന്നത്. യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ജനക്ഷേമപദ്ധതികൾ ഇടതു സർക്കാർ നിർത്തലാക്കി. അതോടൊപ്പം അരിക്ക് ഉൾപ്പെടെ രൂക്ഷമായ വിലക്കയറ്റം. റേഷൻ വിതരണം സ്തംഭിച്ചു. ഇതെല്ലാം ഭരണത്തിന്റെ തകർച്ചയാണ് കാണിക്കുന്നത്.

ഏറ്റവും കൂ‌ടുതൽ തകർന്നത് ക്രമസമാധാനമേഖലാണ്. 21 രാഷ്ട്രീയ കൊലപാതകങ്ങളാണ് കഴി‍ഞ്ഞ ഒരു വർഷത്തിനിടെ ന‌ടന്നത്. എല്ലാ ദിവസവും കൊലവിളിയും അക്രമവും. എല്ലാ ഭരണകാലത്തും അക്രമങ്ങളുണ്ടാകും. പക്ഷേ, ഇത്രയും വർ‌ധിക്കുന്നത് ഇതാദ്യം. 17,50,687 ക്രൈംകേസുകൾ 3200 സ്ത്രീപീഡനം, 4499 നർക്കോട്ടിക് കേസുകൾ,1859 ദലിത് പിഡനക്കേസുകൾ. ഇത്തരം കേസുകളുടെ എണ്ണം എല്ലാക്കാലത്തും പറയാറുണ്ടെങ്കിലും ഇപ്പോ‌ൾ ഈ കേസുകളിലെ പ്രതിഭാഗത്തോ വാദിഭാഗത്തോ ആഭ്യന്തരമന്ത്രിയുടെ പാർട്ടിക്കാരാണ്. ക്രമസമാധാനം ജനങ്ങൾക്ക് ഉറപ്പുനൽകാൻ ബാധ്യതപ്പെട്ട, മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാർ അക്രമം ന‌‌ടത്തുന്നവരോ അതിന് ഇരയാകുന്നവരോ ആയി മാറുമ്പോൾ അക്രമരാഷ്ട്രീയമാണ് ഈ സർക്കാരിന്റെ കാലത്ത് അരങ്ങേറുന്നത്. മുഖ്യമന്ത്രി രണ്ടുമൂന്നു കാര്യങ്ങൾ അധികാരമേൽക്കുന്ന ഘട്ടത്തിൽ പറഞ്ഞു. മതനിരപേക്ഷ- അഴിമതിരഹിതഭരണം. മതനിരപേക്ഷത ഉറപ്പുവരുത്താൻ വർഗീയ ശക്തികളെ തങ്ങളാണ് എതിർക്കുന്നതെന്നു പ‌റയുമ്പോഴും സിപിഎം മൃദുഹിന്ദുത്വ ധ്രുവീകരണത്തിനു ശ്രമിച്ചു. ബിജെപിയെ ശക്തമായ ആക്രമിച്ച് ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള ആക്രമണങ്ങളെ ചെറുക്കാൻ തങ്ങൾക്കേ കഴിയൂ എന്നും പറയുന്നുണ്ട്. അപ്പോൾ മൃദുഹിന്ദുത്വം ഒരു വശത്ത്. മറുവശത്തു ഭൂരിപക്ഷസമുദായങ്ങളുടെ വോട്ടു പിടിച്ചെടുക്കുക. ഇതു രണ്ടും മലപ്പുറത്ത് കണ്ടതാണ്.

മതനിരപേക്ഷത എന്നത് സിപിഎമ്മിന് അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രം മാത്രമായി മാറി. അഴിമതിരഹിതഭരണം കാഴ്ചവയ്ക്കുമെന്നു പറഞ്ഞു പത്തു മാസം കഴിഞ്ഞപ്പോഴല്ലേ ബന്ധുനിയമന വിഷയത്തിൽ ഒരു മന്ത്രിക്ക് രാജിവയ്ക്കേണ്ടിവന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആ അവസ്ഥ ഉണ്ടായിട്ടില്ല. മാത്രമല്ല അഴിമതിക്കാരെന്നു എൽഡിഎഫ് മുദ്രകുത്തിയവരാണു കെ.എം.മാണിയും ബാലകൃഷ്ണപിള്ളയും. അവരെ ആലിംഗനം ചെയ്യുക എന്നു പറയുമ്പോൾ അത് അഴിമതിരഹിത ഭരണത്തിനു സഹായകരമാണോ? യുഡിഎഫിൽ ആയിരുന്നപ്പോൾ അഴിമതിക്കാർ. ഇപ്പോൾ വിശുദ്ധർ. ഇതിന്റെ വൈരുധ്യം ജനങ്ങൾക്കു മനസിലാകും. 

സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്നു പറഞ്ഞു. പക്ഷേ, സ്ത്രീകൾക്കുനേരെ ചരിത്രത്തിലില്ലാത്തവിധം ആക്രമണങ്ങൾ വർധിക്കുകയാണ്. സിനിമാനടിക്കുനേരെയുണ്ടായ ആക്രമണക്കേസിന്റെ അന്വേഷണത്തെ നിരർഥകമാക്കിയത് മുഖ്യമന്ത്രിയുടെ വാക്കുകളല്ലേ. ഇതിനു പിന്നിൽ ഗൂഢാലോചന ഇല്ലെന്നു അന്വേഷണം നടക്കുമ്പോൾതന്നെ മുഖ്യമന്ത്രി പറഞ്ഞതോടെ അന്വേഷണത്തിന്റെ ഗതിമാറി. യഥാർഥ ഗൂഢാലോചന പുറത്തുവന്നില്ല. വാളയാർ, വടക്കാഞ്ചേരി, കൊട്ടിയൂർ പീഡനങ്ങൾ. സിപിഎം പ്രവർത്തകർ ഉൾപ്പെട്ട പീഡനങ്ങളുണ്ടായി. ജിഷ്ണു പ്രണോയിയുടെ അമ്മ മാർക്സിസ്റ്റു കുടുംബമാണ്. അവരെ പൊലീസ് ക്രൂരമായി മർദിച്ചു. പൊലീസിനെതിരെ ഒരു വാക്കുപോലും മുഖ്യമന്ത്രി പ‌റഞ്ഞില്ല. അവരെ ന്യായീകരിക്കുകയല്ലേ ചെയ്തത്. യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐക്കാർ സദാചാര പൊലീസ് ചമഞ്ഞ് വിദ്യാർഥിനികളെ ആക്രമിച്ചു. പാലക്കാട് വിക്ടോറിയ കോളേജിൽ അധ്യാപികയ്ക്കു ശവക്കുഴിയാണ് സമ്മാനിച്ചതെങ്കിൽ മഹാരാജാസ് കോളേജിൽ പ്രിൻസിപ്പലിന്റെ കസേര കത്തിച്ചു. അക്രമങ്ങൾകൊണ്ട് കേരളത്തിലെ ജനങ്ങളുടെ മനസമാധനം നഷ്ടപ്പെടുത്തിയത് എൽഡിഎഫ് സർക്കാരാണ്.

മുഖ്യമന്ത്രി പിണറായി മുണ്ടുടുത്ത മോദിയാണ്, ഏകാധിപതിയെപോലെ പെരുമാറുന്നു ഇതൊന്നും പ്രതിപക്ഷത്തിന്റെ വിമർശനമല്ല. ഘടകക്ഷിയായ സിപിഐയുടെ വിമർശനമാണ്. അതിൽനിന്നുതന്നെ സർക്കാരിന്റെ കൂട്ടുത്തരവാദിത്വം എത്രത്തോളം തകർന്നു എന്നുമനസിലാക്കാം. പരസ്പരം ഐക്യമില്ലാത്ത ഒരു സർക്കാരിന്, മുന്നണിക്ക് എങ്ങനെ ഫലം സൃഷ്ടിക്കാൻ കഴിയും? ഈ സർക്കാർ അധികാരത്തിൽവന്നശേഷം ഏതെങ്കിലും വികസനപ്രവർത്തനങ്ങൾക്കു തുടക്കമിടാൻ കഴിഞ്ഞിട്ടുണ്ടോ? ധനമന്ത്രി കിഫ്ബിയെക്കുറിച്ചാണു പറയുന്നത്. മലർപൊടിക്കാരന്റെ സ്വപ്നം പോലെയാണത്. കോടിക്കണക്കിനു നിക്ഷേപം വരുമെന്നാണു പറയുന്നത്. പക്ഷേ, ഒരു ചില്ലിക്കാശുപോലും വന്നിട്ടില്ല. കിഫ്ബിയിൽ വിജിലൻസ് റെയ്ഡു നടന്നു. അപ്പോൾ അതിനു എത്രമാത്രം വിശ്വാസ്യത ഉണ്ടാകും.

അധികാരം മുഖ്യമന്ത്രിയ‌െ മത്തു പിടിപ്പിച്ചിരിക്കുകയാണ്. അതാണ് മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നത്. അതിന്റെ ഫലമാണു മുന്നണിക്കുള്ളിലെ പ്രശ്നങ്ങൾ, സെൻകുമാർ സംഭവം തുടങ്ങിയവ. ജനാധിപത്യരീതിയില്ല ഈ ഗവൺമെന്റ് പ്രവർത്തിക്കുന്നത്. ഭരണപക്ഷത്തു നിന്നുള്ള വിമർശനങ്ങൾപോലും മുഖ്യമന്ത്രി ഉൾകൊള്ളുന്നില്ല. പിന്നെ പ്രതിപക്ഷം പറഞ്ഞാൽ എങ്ങനെ കേൾക്കും. വീഴ്ചകളുടെ ഒരു വർഷമാണ് ഉണ്ടായിട്ടുള്ളത്. നേട്ടങ്ങളായി പറയുന്നത് നിറംപിടിപ്പിച്ചതും  ഊതിവീർപ്പിച്ചതുമായ കാര്യങ്ങളാണ്.