Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഡിഎഫിന്റെ ഭൂവിതരണം യുക്തിരഹിതം; കയ്യേറ്റം തടഞ്ഞത് എൽഡിഎഫിന്റെ നേട്ടം

E Chandrasekharan

∙  ഇടതു സർക്കാർ അധികാരത്തിൽ വരുമ്പോൾ വകുപ്പിന്റെ അവസ്ഥ എന്തായിരുന്നു?

വില്ലേജ് തലത്തിൽ ഉദ്യോഗസ്ഥർക്ക് ജനങ്ങളുമായി ബന്ധമില്ലാത്ത അവസ്ഥയായിരുന്നു. ചട്ടങ്ങൾക്ക് വിരുദ്ധമായി ഭൂമി പതിച്ചുകൊടുക്കുന്നതിലായിരുന്നു യുഡിഎഫ് സർക്കാരിന്റെ ശ്രദ്ധ. ഉദ്യോഗസ്ഥരുടെ ദയയ്ക്കായി ജനം കാത്തുനിൽക്കേണ്ട അവസ്ഥയായിരുന്നു. സർട്ടിഫിക്കറ്റ് യഥാസമയത്തു ലഭിക്കാത്തതിനാൽ സാംകുട്ടിയെന്ന വെള്ളടറ സ്വദേശിക്കു വില്ലേജ് ഓഫിസ് കത്തിക്കേണ്ടിവന്നു. സംഭവം അന്വേഷിക്കാൻ സർക്കാർ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചു. വിഷയത്തിൽ ആവശ്യമായ നടപടിയെടുത്തു.

യുഡിഫ് സർക്കാരിന്റെ ‌ഭരണകാലത്തു ഭൂമി കയ്യേറ്റവും നിലംനികത്തലും വ്യാപകമായിരുന്നു. അനധികൃമായി നെൽവയൽ നികത്തുന്നതിനെ സാധൂകരിക്കാൻ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന നിയമത്തിലെ 3 എ വകുപ്പിലൂടെ, ഭൂമിയുടെ ന്യായവിലയുടെ 25 ശതമാനം അടച്ചാൽ 2008നു മുൻപു നികത്തിയ ഏതു വസ്തുവിനും നിയമപരമായ അംഗീകാരം നേടിയെടുക്കാൻ കഴിയുമായിരുന്നു. എൽഡിഎഫ് സർക്കാർ ഇതു ഭേദഗതി ചെയ്തു. യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് മന്ത്രിസഭ അംഗീകാരം നൽകിയ പല പദ്ധതികളും നിയമവിരുദ്ധമാണെന്നു എ.കെ.ബാലൻ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി കണ്ടെത്തി. 

നിയമപ്രകാരമല്ലാതെ പല ജാതി സംഘടനകൾക്കും യുഡിഎഫ് സർക്കാർ ഭൂമി പതിച്ചുനൽകി. അതെല്ലാം എൽഡിഎഫ് സർക്കാർ പുനഃപരിശോധിച്ചു. പാട്ടകുടിശിക പിരിച്ചെടുക്കാൻ യുഡിഎഫ് സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. 2012നുശേഷം റീസർവേ ന‌ടന്നില്ല. ഭൂവിതരണം യുക്തിരഹിതമായിരുന്നു. തിരുവനന്തപുരത്തുള്ളയാൾക്ക് കാസർഗോഡ് ഭൂമി നൽകി. പതിച്ചു നൽകിയ പലഭൂമിയും കാണാനില്ലായിരുന്നു. പലതും കൃഷിയോഗ്യമല്ലാത്ത പാറകെട്ടുകളായിരുന്നു. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് സർക്കാർ അധികാരത്തിലേറുന്നതും നിയമപ്രകാരമായ ന‌ടപടികൾ സ്വീകരിക്കുന്നതും.

∙ വകുപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ എന്തെല്ലാം ചെയ്യാൻ കഴിഞ്ഞു?

കയ്യേറ്റം തടയാനായി എന്നതാണ് ഏറ്റവും വലിയ നേട്ടം. കയ്യേറിയ ഭൂമി സർക്കാർ തിരിച്ചുപിടിച്ചു. പാട്ടവ്യവസ്ഥ ലംഘിച്ചവർക്ക് നോട്ടിസ് നൽകി. പാട്ടവ്യവസ്ഥ ലംഘിച്ചവരുടെ വിവരംശേഖരിച്ച് നടപടിയെടുക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചു. കയ്യേറ്റം തടയാൻ ജില്ലകളിൽ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകളെ രംഗത്തിറക്കി.

വയൽനികത്തലുമായി ബന്ധപ്പെട്ട് 300 കേസുകളെടുത്തു. ആറൻമുളയിലെ വിമാനത്താവളത്തിന്റെ പേരിൽ പുഴ നികത്തിയ സ്ഥലത്തെ മണ്ണ് നീക്കി നീരൊഴുക്കു പുനഃസ്ഥാപിച്ചു. ആറൻമുള പ്രത്യേക വ്യവസായ മേഖലയെന്ന ഉത്തരവു പിൻവലിച്ചു. നെൽവയൽ തണ്ണീർത്തട നിയമപ്രകാരം 565 പഞ്ചായത്തുകളിൽ ഡേറ്റാ ബാങ്ക് പൂർത്തിയാക്കി. 150 പഞ്ചായത്തുകളിൽ ഒരു മാസത്തിനകം പദ്ധതി പൂർത്തിയാകും. മറ്റു സ്ഥലങ്ങളിൽ പദ്ധതി വേഗത്തിൽ പുരോഗമിക്കുന്നു. 2008നു മുൻപു നികന്നുകിടന്നതും ഡേറ്റാ ബാങ്കിൽപ്പെടാത്തതുമായ ഭൂമിയിൽ വീടുവയ്ക്കുന്നതിനു മുൻപുണ്ടായിരുന്ന ഉത്തരവുകളിലെ അവ്യക്തത നീക്കി.

പാവപ്പെട്ടവർക്ക് ഭൂമി വിതരണം ചെയ്യുന്നതിനായി മുഴുവൻ താലൂക്കുകളിലും ലാൻഡ് ബോർഡുകൾ സ്ഥാപിച്ചു. 11 ജില്ലകളിൽ ലാൻഡ് അസൈൻമെന്റ് കമ്മിറ്റികൾ രൂപീകരിച്ചു. ലാൻഡ് ട്രിബ്യൂണലുകളിൽ കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യമായിരുന്നു. ഇതൊഴിവാക്കാൻ 29 സ്പെഷ്യൽ ട്രിബ്യൂണലുകൾ സ്ഥാപിച്ചു. 1977നു മുൻപ് വനഭൂമി കൈവശം ഉണ്ടായിരുന്ന സംസ്ഥാന റവന്യൂവകുപ്പിന്റെയും കേന്ദ്രത്തിന്റെയും സുപ്രീംകോടതിയുടേയും അനുമതി ലഭിച്ചവരുമായവർക്ക് ഭൂമി നൽകുന്നതിന് നടപടി സ്വീകരിച്ചു. ഇടുക്കിയിൽ മാത്രം 6000 പട്ടയം വിതരണം ചെയ്തു. സംസ്ഥാനത്ത് ആകെ 19,500 പട്ടയം വിതരണം ചെയ്തു. സർക്കാർ ഭൂമി കയ്യേറ്റം തടയുന്നതിനും, പാവപ്പെട്ടവരിൽനിന്നും ഭൂമി തട്ടിയെ‌ടുക്കുന്ന മാഫിയയെനിയന്ത്രിക്കാനും ലാൻഡ് ഗ്രാബിങ് (പ്രൊഹിബിഷൻ) ആക്ടിന്റെ കരട് നിയമവകുപ്പിൽ തയ്യാറായിവരുന്നു. റീസർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ നടപടികൾ സ്വീകരിച്ചു. കാസർകോട്ട് ഇതിനു തുടക്കമായിട്ടുണ്ട്. അഴിമതി തടയാൻ കർശന ന‌ടപടിയെടുത്തു. 54 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. 130 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു.

∙ ഇനി എന്തെല്ലാം പദ്ധതികളാണ് പ്രധാനമായും നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്?

വില്ലേജ് തലത്തിൽ ഡിജിറ്റൈസേഷൻ പൂർത്തിയാക്കാൻ സത്വര നടപടി സ്വീകരിക്കും. പദ്ധതി പൂർത്തിയാക്കുന്നതോടെ ഓൺലൈനിൽ പണമടച്ച് വസ്തുവിന്റെ സ്കെച്ച് അടക്കമുള്ളവയുടെ പകർപ്പ് ഉടമസ്ഥന് എടുക്കാൻ കഴിയും. വരുമാന, ജാതി, നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ കാലാവധി ഇപ്പോൾ ആറുമാസമാണ്. ജനങ്ങളുടെ പ്രയാസം ഒഴിവാക്കാൻ വരുമാന സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വർഷമായും ജാതി സർട്ടിഫിക്കറ്റിന്റേത് മൂന്നു വർഷമായും നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ  കാലാവധി ആജീവനാന്തമായും മാറ്റാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിന്റെ നടപടികൾ ആരംഭിച്ചു. ഭൂമിനിയമത്തെക്കുറിച്ച് ജനങ്ങളിൽ അവബോധംവളർത്തുന്നതിനു ഭൂ സാക്ഷരതാ മിഷനു രൂപം നൽകും.

∙ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കാൻ സ്വീകരിച്ച നടപടികൾ?

ഫയൽനീക്കം വേഗത്തിലാക്കാൻ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. ജില്ലകളിൽ കലക്ടറേറ്റുകളിൽ ഫയൽനീക്കത്തിന്റെ കാര്യക്ഷമത പരിശോധിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്.