ചീഫ് ജസ്റ്റിസായി ജെ.എസ്. കേഹാർ സ്ഥാനമേറ്റു

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റ ജഗ്ദീശ് സിങ് കേഹാറിനെ രാഷ്ട്രപതി പ്രണബ് മുഖർജി അഭിനന്ദിക്കുന്നു

ന്യൂഡൽഹി ∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജഗ്ദീശ് സിങ് കേഹാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി പ്രണബ് മുഖർജി സത്യവാചകം ചൊല്ലിക്കൊടുത്തു. സിഖ് സമുദായത്തിൽ നിന്ന് ആദ്യമായി ഈ സമുന്നത പദവിയിലെത്തുന്ന വ്യക്തിയാണ് അറുപത്തിനാലുകാരനായ കേഹാർ. അദ്ദേഹത്തിന് വരുന്ന ഓഗസ്റ്റ് 27 വരെയാണ് ഔദ്യോഗിക കാലാവധി.

സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷത്തുനിന്ന് ആരും പങ്കെടുത്തില്ല. ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച വിവാദപരമായ നാഷനൽ ജുഡീഷ്യൽ അപ്പോയ്ന്റ്മെന്റ് കമ്മിഷൻ നിയമം റദ്ദാക്കിയ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ തലവൻ ജസ്റ്റിസ് കേഹാറായിരുന്നു. അരുണാചലിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതു റദ്ദാക്കിയ ബെഞ്ചിന്റെ തലവനും അദ്ദേഹമായിരുന്നു.