യുപിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് ട്രെയിൻ അപകടങ്ങൾ

സിതാപുരിൽ ബുർവൾ – ബലാമു പാസഞ്ചർ ട്രെയിൻ പാളംതെറ്റിയപ്പോൾ. ചിത്രം: പിടിഐ.

ലക്നൗ∙ മന്ത്രി മാറിയിട്ടും റെയിൽവേയെ അപകടഭീഷണി വിട്ടുമാറുന്നില്ല. ഉത്തർപ്രദേശിൽ ഒരേ സ്ഥലത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടു ട്രെയിനുകൾ പാളം തെറ്റി. ആർക്കും പരുക്കില്ല. സിതാപുർ ജില്ലയിലെ കാന്റ് സ്റ്റേഷനു സമീപമാണു രണ്ട് അപകടങ്ങളും.

തിങ്കൾ രാത്രി 9.40നു ബുർവൾ – ബലാമു പാസഞ്ചർ ട്രെയിൻ പാളംതെറ്റി. ഏറെ നേരം ഗതാഗതം സ്തംഭിച്ചു. അറ്റകുറ്റപ്പണിക്കുശേഷം പുലർച്ചെ ഒന്നരയോടെ പാത വീണ്ടും തുറന്നു. പിന്നാലെ, രാവിലെ 7.10ന് ചരക്കു ട്രെയിനിന്റെ എൻജിനും പാളംതെറ്റി. പത്തിനുശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്‌ഷൻ എൻജിനീയറെ സസ്പെൻഡ് ചെയ്തതായി റെയിൽവേ അറിയിച്ചു. അന്വേഷണത്തിനു പ്രത്യേകസംഘത്തെയും നിയോഗിച്ചു. തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് സുരേഷ് പ്രഭുവിനെ നീക്കി, പീയൂഷ് ഗോയലിനെ റെയിൽവേ മന്ത്രിയാക്കിയത്.