സമൂഹ മാധ്യമം ആത്മപ്രശംസയ്ക്ക് ആകരുത്: മോദി

ന്യൂഡൽഹി ∙ സമൂഹമാധ്യമങ്ങളുടെ ഉപയോഗം പൊതുജന ക്ഷേമത്തിനുവേണ്ടിയാകണമെന്നും സ്വയം പുകഴ്ത്തലിനാകരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോഗസ്ഥർ സമൂഹമാധ്യമ സൈറ്റുകളിൽ വ്യാപൃതരാകുന്നതിനാൽ തന്റെ യോഗങ്ങളിൽ മൊബൈൽ ഫോണുകൾക്കു പ്രവേശനമില്ലെന്നും മോദി പറഞ്ഞു. പല ഉദ്യോഗസ്ഥരും ഇത്തരത്തിൽ പെരുമാറുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സിവിൽ സർവീസ് ദിനം പ്രമാണിച്ചു നടന്ന യോഗത്തിൽ പ്രധാനമന്ത്രി സൂചിപ്പിച്ചു. 

പ്രതിരോധ കുത്തിവയ്പു ദിവസങ്ങളിൽ അക്കാര്യം ഓർമിപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണു നൽകുന്നതെങ്കിൽ അതു ജനനന്മയ്ക്കാണ്. എന്നാൽ, അതിനിടെ ഫെയ്സ്ബുക്കിലും മറ്റും സ്വന്തം ഫോട്ടോകൾ പോസ്റ്റ് ചെയ്തു പുകഴ്ത്തിക്കൊണ്ടിരിക്കുന്നത് എന്തിനാണ്?’’ – മോദി ചോദിച്ചു. 

മോദി മാതൃക കാട്ടണമെന്ന് രാഹുൽ

സമൂഹമാധ്യമങ്ങൾ ആത്മപ്രശംസയ്ക്ക് ഉപയോഗിക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി. ട്വിറ്ററിലാണു മോദിയുടെ ഉപദേശത്തിനു കോൺഗ്രസ് ഉപാധ്യക്ഷൻ മറുപടി നൽകിയത്. ആദ്യം ഇക്കാര്യത്തിൽ മാതൃക കാട്ടുകയാണു നരേന്ദ്ര മോദി ചെയ്യേണ്ടത്. എന്നാൽ, അദ്ദേഹത്തിന്റെ മാതൃക ഇതിനു കടകവിരുദ്ധമാണെന്നും രാഹുൽ കുറിച്ചു.