Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗംഗയ്ക്കും യമുനയ്ക്കും പിന്നാലെ നർമദയ്ക്കും വ്യക്തിത്വ പദവി

narmada-dhuandhar

ഭോപാൽ∙ നർമദാനദിക്കു നിയമപരമായ വ്യക്തിത്വപദവി നൽകാൻ മധ്യപ്രദേശ് സർക്കാർ തീരുമാനം. ഗംഗ, യമുന നദികളെ നിയമപരമായി വ്യക്തിത്വമുള്ളവയായി പ്രഖ്യാപിച്ച് കഴിഞ്ഞമാസം ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നിർദേശിച്ചതനുസരിച്ച്, നർമദസേവാ യാത്രയ്ക്കിടെയാണു മുഖ്യമന്ത്രി ശിവ്‌രാജ് സിങ് പ്രഖ്യാപനം നടത്തിയത്. ഇതു സംബന്ധിച്ച ബിൽ താമസിയാതെ നിയമസഭയിൽ അവതരിപ്പിക്കും. ആദ്യമായാണു സംസ്ഥാന സർക്കാർ ഒരു നദിക്കു വ്യക്തിത്വപദവി നൽകുന്നത്.

ഇതോടെ മനുഷ്യവ്യക്തിക്കു ലഭിക്കുന്ന അതേ നിയമാവകാശങ്ങൾ നദിക്കും ലഭിക്കും.രാജ്യത്തെ നദികൾ ശുചീകരിക്കാൻ 2019–20 വർഷത്തിൽ ബജറ്റിൽ 20,000 കോടി രൂപ നീക്കിവയ്ക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ചടങ്ങിൽ രാജ്‌നാഥ് സിങ് പറഞ്ഞു.

മധ്യപ്രദേശിലെ അമർഖണ്ഡകിൽനിന്ന് ഉദ്ഭവിക്കുന്ന നർമദാനദി സംസ്ഥാനത്തെ 16 ജില്ലകളിലൂടെ 1077 കിലോമീറ്റർ ഒഴുകുന്നു. നർമദാ പരിപാലന സന്ദേശവുമായി അമർഖണ്ഡകിൽനിന്നു കഴിഞ്ഞവർഷം നവംബർ 11ന് ആണു മുഖ്യമന്ത്രി ശിവ്‌രാജ് സിങ്ങിന്റെ നേതൃത്വത്തിൽ നർമദസേവായാത്ര ആരംഭിച്ചത്. നർമദയുടെ ഇരുകരകളിലെയും 600 ഗ്രാമങ്ങൾ ചുറ്റിസഞ്ചരിച്ച യാത്ര വരുന്ന മാസം 11നു സമാപിക്കും.

നിലനിൽപു ഭീഷണി നേരിടുക ലക്ഷ്യം

പുണ്യനദികളായ ഗംഗയും യമുനയും നിലനിൽപു ഭീഷണി നേരിടുന്നതു കണക്കിലെടുത്താണ് ഉത്തരാഖണ്ഡ് ഹൈക്കോടതി അവയെ നിയമപരമായി വ്യക്തിത്വമുള്ളവയായി പ്രഖ്യാപിച്ചത്. നർമദയുടെ സംരക്ഷണമാണു മധ്യപ്രദേശ് സർക്കാരും ലക്ഷ്യമിടുന്നത്.

ലോകത്തിലാദ്യമായി ഒരു നദിക്കു വ്യക്തിപദവി അനുവദിച്ചതു ന്യൂസീലൻഡിലെ നോർത്ത് ഐലൻഡിലെ വാൻനൂയി നദിക്കാണ്.

ന്യൂസീലൻഡിലെ മാവോറി ജനത പുണ്യനദിയായി ആരാധിക്കുന്ന, 145 കിലോമീറ്റർ നീളമുള്ള നദിയാണിത്. കഴിഞ്ഞ മാസമാണ് ഇതു സംബന്ധിച്ച കോടതിവിധിയും വന്നത്.

related stories