Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യമുനയിൽ ജലനിരപ്പ് ഉയരുന്നു; 13,000 പേരെ മാറ്റിപ്പാർപ്പിച്ചു, 2 മരണം

yamuna-river-side-flood യമുനയിലെ പ്രളയജലത്തിൽ മുങ്ങിപ്പോയ കുടിലുമുന്നിലെ കുഴൽ കിണറിൽ നിന്ന് വെള്ളമെടുക്കുന്ന ബാലൻ.

ന്യൂഡൽഹി ∙ ജലനിരപ്പ് വീണ്ടും ഉയരുന്നതിനിടെ യമുനാ നദിയിൽ ഒഴുക്കിൽപെട്ടു രണ്ടുപേർ മരിച്ചു. രാജ്ഘട്ട് ബസ് ഡിപ്പോയിലെ ശുചീകരണ തൊഴിലാളി സുരേഷ് (23), ബെല്ലാഗാവ് സ്വദേശിനി ആശ (11) എന്നിവരാണു മരിച്ചത്. നദിയിൽ മുങ്ങിയ ഏഴുവയസ്സുകാരൻ രാജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്ലസ്റ്റർ ബസുകൾ ശുചീകരിക്കുന്നതിനിടെയാണു സുരേഷ് അപകടത്തിൽപെട്ടത്. ജോലിക്കു ശേഷം യമുനാ നദിയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു. സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഇയാൾ മുങ്ങുന്നതു കണ്ട് അധികൃതരെ വിവരം അറിയിച്ചു. രക്ഷാപ്രവർത്തകരെത്തി രക്ഷിച്ചെങ്കിലും ആശുപത്രിയിലേക്കു പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. അയൽവാസികളായ ആശയും രാജയും വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. അബദ്ധത്തിൽ വെള്ളത്തിൽ വീണ ഇരുവരെയും സമീപവാസികൾ ഓടിയെത്തി കരയ്ക്കെത്തിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇതിനിടെ, യമുനാ നദിയിലെ ജലനിരപ്പുയരുന്നത് ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്നലെ 206.04 മീറ്ററാണു ജലനിരപ്പ് രേഖപ്പെടുത്തിയത്. 204.83 മീറ്ററാണ് അപകടനില. 13,000ത്തിലേറെപ്പേരെ യമുനയുടെ തീരത്തുനിന്നു മാറ്റി. ഇവർക്കു വേണ്ടി ആയിരം ടെന്റുകൾ നിർമിച്ചിട്ടുണ്ടെങ്കിലും ആളുകളുടെ എണ്ണം കൂടുതലാണ്. ആൾത്തിരക്കു കൂടിയതോടെ സ്വന്തം ടെന്റുകളും മറ്റും നിർമിച്ചു താമസം മാറേണ്ട അവസ്ഥയിലാണു പലരും.

മയൂർ വിഹാറിനു സമീപത്തെ ദേശീയപാത 24നു സമീപത്ത് ഒട്ടേറെപ്പേർ ഇത്തരത്തിൽ താമസം ആരംഭിച്ചിട്ടുണ്ട്. കുടിവെള്ളം, ശുചിമുറി സൗകര്യങ്ങൾ ഇല്ലാത്തതാണ് സർക്കാർ ക്യാംപുകളിലേക്കു താമസം മാറ്റിയവരെ വലയ്ക്കുന്നത്. ലോഹാപൂളിലൂടെയുള്ള ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞിട്ടില്ലെങ്കിലും ആവശ്യത്തിനു മുൻകരുതലുകൾ എടുത്ത ശേഷമാണു ഗതാഗതം പുനരാരംഭിച്ചത്.