ചാർധാം തീർഥാടകരുടെ ബസ് ഭാഗീരഥിയിൽ വീണ് 21 മരണം

ചതുർധാം തീർഥാടകരുടെ ബസ് ഭാഗീരഥി നദിയിലേക്കു മറിഞ്ഞുണ്ടായ അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുന്നു.

‌ഉത്തരകാശി∙ ചാർധാം തീർഥാടകരുടെ ബസ് ഭാഗീരഥി നദിയിലേക്കു മറിഞ്ഞ് 21 പേർ മരിച്ചു. യമുനോത്രിയും ഗംഗോത്രിയും സന്ദർശിച്ച ശേഷം ഹരിദ്വാറിലേക്കു പോകുന്ന വഴിയാണ് ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ നലുപാനിയിൽ 300 അടി താഴ്ചയിലേക്കു ബസ് വീണത്. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ളവരാണ് തീർഥാടകരിലേറെയും. 29 പേരാണു ബസിൽ ഉണ്ടായിരുന്നത്. ഇതുവരെ 20 ജഡങ്ങൾ കണ്ടെടുത്തു.

പരുക്കുകളോടെ രക്ഷപ്പെട്ട ഏഴു പേരിൽ ഒരാൾ പിന്നീട് ആശുപത്രിയിൽ മരിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കു രണ്ടു ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് അര ലക്ഷം രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി അനുവദിച്ചു. രണ്ടു ലക്ഷം രൂപ വീതം നൽകാൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനും ഉത്തരവിട്ടു.