ബാലവേല തടയൽ: ഉടമ്പടികൾ ഇന്ത്യ അംഗീകരിച്ചു

ന്യൂയോർക്ക് ∙ ബാലവേല തടയുന്നതിനുള്ള രണ്ടു യുഎൻ ഉടമ്പടികൾക്കും ഇന്ത്യയുടെ അംഗീകാരം. ഇതിനായുള്ള രാജ്യാന്തര വ്യവസ്ഥകളുടെ പരിധിയിൽ ലോകത്തെ മുഴുവൻ കൊണ്ടുവരാൻ കഴിയുന്നതു വൻനേട്ടമാണെന്നു യുഎൻ വൃത്തങ്ങൾ പറഞ്ഞു. രാജ്യാന്തര തൊഴിൽ സംഘടനയുടെ (ഐഎൽഒ) 1973ലെ കുറഞ്ഞ പ്രായപരിധി സംബന്ധിച്ച ഉടമ്പടി 169 അംഗരാജ്യങ്ങളും 1999ലെ ‘ബാലവേലയുടെ മോശം രൂപങ്ങൾ’ സംബന്ധിച്ച ഉടമ്പടി 180 രാജ്യങ്ങളും അംഗീകരിച്ചതായി ഡയറക്ടർ ജനറൽ ഗേ റൈഡർ പറഞ്ഞു.

രണ്ട് ഉടമ്പടികളും അംഗീകരിക്കാൻ മാർച്ചിൽ ഇന്ത്യ തീരുമാനമെടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു. വൈകിയെത്തിയ നീതി എന്നു വിശേഷിപ്പിച്ച് ഇന്ത്യയുടെ തീരുമാനത്തെ നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥി സ്വാഗതം ചെയ്തു.