അണ്ണാ ഡിഎംകെ: മൂന്ന് വിഭാഗങ്ങളുടെ പിന്തുണയും കോവിന്ദിന്

ചെന്നൈ∙ മൂന്നായി വിഘടിച്ചുനിൽക്കുന്ന അണ്ണാ ഡിഎംകെ വിഭാഗങ്ങൾ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി റാം നാഥ് കോവിന്ദിനെ പിന്തുണച്ചേക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ എം.തമ്പിദുരൈ, അണ്ണാ ഡിഎംകെ (അമ്മ) ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ എന്നിവർ ബെംഗളൂരു ജയിലിലെത്തി പാർട്ടി ജനറൽ സെക്രട്ടറി ശശികലയുമായി വെവ്വേറെ നടത്തിയ ചർച്ചകളിൽ ഇതുസംബന്ധിച്ച തീരുമാനമായതായാണു സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

ഒ.പനീർസെൽവത്തിനൊപ്പമുള്ളവർ ബിജെപിയെ പിന്തുണയ്ക്കുമെന്നു നേരത്തെ ഉറപ്പായിരുന്നു. പുതുച്ചേരിയിലെ നാലു പേരുൾപ്പെടെ 138 എംഎൽഎമാരും 50 എംപിമാരുമുള്ള അണ്ണാ ഡിഎംകെയ്ക്കു രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 5.39 % വോട്ടാണുള്ളത്. ബിജെപി കഴിഞ്ഞാൽ കോവിന്ദിനുള്ള ഏറ്റവും വലിയ പിന്തുണയും അണ്ണാ ഡിഎംകെയിൽനിന്നാകും.

ദിനകരന്റെ നേതൃത്വം അംഗീകരിച്ചില്ലെങ്കിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പാർട്ടി നിലപാടിനൊപ്പം നിൽക്കില്ലെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കൾ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ വിട്ടുനിൽക്കുന്നതുൾപ്പെടെയുള്ള സാധ്യതകൾ ഇവർ പരിഗണിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണു വോട്ട് ഉറപ്പിക്കാൻ അപ്രതീക്ഷിത നീക്കത്തിലൂടെ തമ്പിദുരൈ ശശികലയെ കണ്ടത്. ബിജെപിയുടെ വിജയം ഉറപ്പായ സ്ഥിതിക്കു വേറിട്ട നിലപാട് സ്വീകരിക്കുന്നതു യുക്തിസഹമായിരിക്കില്ലെന്ന വിലയിരുത്തലും ദിനകര പക്ഷത്തുണ്ടായി.