Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിയെച്ച ആക്രമണം; മുംബൈയിൽ ജെഎൻപിടി ടെർമിനൽ സ്തംഭിച്ചു

cyber-attack

മുംബൈ ∙ ‘പിയെച്ച’ റാൻസംവെയർ സൈബർ ആക്രമണത്തിൽ രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ തുറമുഖമായ ജവാഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റിലെ (ജെഎൻപിടി) ഒരു ടെർമിനലിന്റെ പ്രവർത്തനം സ്തംഭിച്ചു. പ്രതിദിനം 4500 കണ്ടെയ്‌നറുകൾ കൈകാര്യംചെയ്യുന്ന ജിടിഐ ടെർമിനലിൽ ചൊവ്വാഴ്ച രാത്രിയാണു ചരക്കുനീക്കം സ്തംഭിച്ചത്. ഡെന്മാർക്ക് ആസ്ഥാനമായ രാജ്യാന്തര ചരക്കുഗതാഗത കമ്പനി എപി മൊള്ളർ-മേർസ്‌ക് (എപിഎം) ആണു ജിടിഐ ടെർമിനലിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത്. സൈബർ ആക്രമണത്തിൽ എപിഎമ്മിന്റെ സോഫ്റ്റ്‌വെയർ സംവിധാനം തകരാറിലായതാണു പ്രതിസന്ധിക്കു കാരണം.

ചരക്കുനീക്കം സ്തംഭനാവസ്ഥയിലായതിനാൽ കണ്ടെയ്‌നർ വാഹനങ്ങൾക്കു കൂടുതൽ പാർക്കിങ് സ്ഥലം ഒരുക്കിയും കംപ്യൂട്ടർ സഹായമില്ലാതെ ചരക്കുനീക്കം ക്രമീകരിച്ചുമാണു തൽക്കാലം പ്രശ്‌നത്തെ നേരിടുന്നതെന്ന് ജെഎൻപിടി അധികൃതർ അറിയിച്ചു. മറ്റു രണ്ടു ടെർമിനലുകൾ വഴി ചരക്കുനീക്കം ക്രമീകരിക്കാൻ എപിഎമ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൈബർ ആക്രമണം വ്യാപാര, ചരക്കുനീക്ക സംവിധാനം തടസ്സപ്പെടുത്താതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. നാഷനൽ സൈബർ സെക്യൂരിറ്റി കോഓർഡിനേറ്റർ ഗുൽഷൻ റായ് സ്ഥലത്തെത്തി.

മേർസ്കിന്റെ ലോകമെമ്പാടുമുള്ള കംപ്യൂട്ടർ ശൃംഖലയെയാണു പിയെച്ച ഏറ്റവുമധികം ബാധിച്ചത്. ഇതിന്റെ തുടർച്ചയായിട്ടാകും ഇന്ത്യയിലും വൈറസ് എത്തിയതെന്നാണു സൂചന. മേർസ്കിന്റെ കീഴിലുള്ള 17 ഷിപ്പിങ് ടെർമിനലുകളാണു വിവിധ രാജ്യങ്ങളിലായി പ്രവർത്തനരഹിതമായത്. മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പ്രകാരം ജർമനി, ബ്രസീൽ, റഷ്യ, യുഎസ് ഉൾപ്പെടെ 64 രാജ്യങ്ങളിൽ പിയെച്ച ആക്രമണം വ്യാപിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ ടാസ്മാനിയ ദ്വീപിലുള്ള കമ്പനിയുടെ കാഡ്ബറി ചോക്ലേറ്റ് കമ്പനിയിലും പിയെച്ച സ്ഥിരീകരിച്ചു. യുക്രെയ്നിൽ മാത്രം 12,500 കംപ്യൂട്ടറുകൾ നിശ്ചലമായി.

പ്രതിരോധനടപടിയായി മൈക്രോസോഫ്റ്റ് പുതിയ അപ്ഡേറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. വിൻഡോസ് ഡിഫൻഡർ ഉൾപ്പടെയുള്ള ആന്റി മാൽവെയർ പ്രോഗ്രാമുകളിൽ ഈ അപ്ഡേറ്റുകൾ ലഭ്യമായിത്തുടങ്ങും. മൈക്രോസോഫ്റ്റിന്റെ മാൽവെയർ പ്രൊട്ടക്‌ഷൻ സെന്ററിൽ (www.microsoft.com/security/portal/mmpc) നിന്നു ഫയലുകൾ ഡൗൺലോഡ് ചെയ്യാം. സംശയകരമായ ഇ–മെയിലുകൾ തുറക്കുമ്പോൾ ജാഗ്രത വേണമെന്നും നിർദേശമുണ്ട്. സ്ഥിതി ഗുരുതരമല്ലെന്നു വൈറ്റ് ഹൗസ് നാഷനൽ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു.

പ്രധാന ഇരകൾ

∙ റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ റോസ്‍നെഫ്റ്റ്

∙ ഡെന്മാർക്ക് കേന്ദ്രമായ എപി മൊള്ളർ മേർസ്ക് ഷിപ്പിങ് കമ്പനി

∙ പ്രമുഖ പരസ്യ ഏജൻസി ഡബ്ല്യുപിപി

∙ റഷ്യൻ സെൻട്രൽ ബാങ്ക്

∙ യുക്രെയ്ൻ പവർ ഗ്രിഡ്

∙ യുക്രെയ്ൻ രാജ്യാന്തര വിമാനത്താവളം

∙ ജർമൻ പോസ്റ്റൽ കമ്പനി

കേരളത്തിലും ജാഗ്രത

തിരുവനന്തപുരം∙ കേരള ഐടി മിഷന്റെ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി) വിവിധ സർക്കാർ വകുപ്പുകൾക്കു ജാഗ്രതാ നിർദേശം നൽകി. ചില പോർട്ടലുകൾ തടയാനും മൈക്രോസോഫ്റ്റ് അപ്ഡേറ്റുകൾ ഉറപ്പാക്കാനും നിർദേശമുണ്ട്. ഇന്നലെ തിരുവനന്തപുരം റൂറൽ എസ്പി ഓഫിസിലെ മിനിസ്റ്റീരിയൽ വിഭാഗത്തിലെ അൻപതോളം കംപ്യൂട്ടറുകളിൽ വാനാക്രൈ, പിയെച്ച എന്നിവയ്ക്കു സമാനമായ വൈറസുകൾ ശ്രദ്ധയിൽപ്പെട്ടതോടെ സൈബർഡോമിലെ വിദഗ്ധരുടെ സഹായത്തോടെ ഇവ നീക്കം ചെയ്തു. പിയെച്ച ആക്രമണവുമായി ഇതിനു ബന്ധമില്ലെന്നു സൈബർ ഡോം നോഡൽ ഓഫിസർ ഐജി മനോജ് ഏബ്രഹാം അറിയിച്ചു.