ജയിലിലും ശശികല ‘ചിന്നമ്മ’; കർണാടക ജയിൽ ഡിജിപിക്കെതിരെ രണ്ടു കോടിയുടെ ആരോപണവുമായി ഡിഐജി

ശശികല, ഡിജിപി റാവു, ഡിഐജി ഡി.രൂപ

ബെംഗളൂരു ∙ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്ക്കു ബെംഗളൂരുവിലെ സെൻട്രൽ ജയിലിൽ പ്രത്യേക അടുക്കളയും മുന്തിയ പരിഗണനയുമെന്ന് ആരോപണം. ഇതിനായി ജയിൽ ഡിജിപി ഉൾപ്പെടെയുള്ളവർക്കു രണ്ടുകോടി രൂപ കൈക്കൂലി നൽകിയെന്ന ആരോപണവുമായി ഡിഐജി രംഗത്ത്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. ജയിൽ ഡിഐജി ഡി.രൂപ, ഡിജിപി എച്ച്.എസ്.സത്യനാരായണ റാവുവിനു നൽകിയ റിപ്പോർട്ടിലാണ് അദ്ദേഹം ഉൾപ്പെടെയുള്ളവർക്കെതിരെ ഗുരുതര ആരോപണം.

പ്രത്യേക അടുക്കള പ്രവർത്തിക്കുന്നത് പലതവണ ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നു ഡിഐജിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. തിങ്കളാഴ്ച ജയിൽ സന്ദർശനത്തിനു പിന്നാലെയാണു റിപ്പോർട്ട് നൽകിയത്. മറ്റുള്ളവർക്കുള്ള ഭക്ഷണമാണു ശശികലയ്ക്കും നൽകുന്നതെന്നു ഡിജിപി പ്രതികരിച്ചു. ഡിഐജിക്കു രണ്ടു തവണ താക്കീതു നൽകിയതിലുള്ള പരിഭവം കാരണമാണ് റിപ്പോർട്ട് എന്നാണു ഡിജിപിയുടെ വാദം. എന്നാൽ, റിപ്പോർട്ട് നൽകിയതിന്റെ പിറ്റേന്നാണു മെമ്മോ ലഭിച്ചതെന്നാണു ‍ഡിഐജി പറയുന്നത്.