തെലുങ്കുദേശം എംപിക്കെതിരായ വിമാന വിലക്കു നീക്കും

ഹൈദരാബാദ് ∙ തെലുങ്കുദേശം എംപി ജെ.സി.ദിവാകർ റെഡ്ഡിക്കെതിരെയുള്ള വിമാന വിലക്കു നീക്കാൻ ഇൻഡിഗോ എയർലൈൻസ് തീരുമാനിച്ചു. ഇതേ തുടർന്ന് എയർലൈൻസിനെതിരെ നൽകിയ കേസ് ദിവാകർ റെഡ്ഡിയും പിൻവലിക്കും. മറ്റ് ഏഴ് ആഭ്യന്തര എയർലൈൻസുകളും റെഡ്ഡിക്കെതിരെയുള്ള വിമാന വിലക്കു നീക്കുമെന്നു കരുതുന്നു.

വിമാനവിലക്കുണ്ടായിരുന്നതുകൊണ്ട് ദിവാകർ റെഡ്ഡി രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനും പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനും ഏഴുലക്ഷം രൂപ മുടക്കി വിമാനം ചാർട്ടർ ചെയ്താണ് ഇത്തവണ ഡൽഹിക്കുപോയത്. ജൂൺ 15ന് വിശാഖപട്ടണം വിമനത്താവളത്തിൽ എംപി ക്ഷുഭിതനായി മോശമായി പെരുമാറിയതാണ് വിമാനവിലക്കിനു കാരണമായത്.