ശശികല വിവാദം: ആരോപണം ഉന്നയിച്ച ഡിഐജിയെ മാറ്റി

എച്ച്.എൻ. സത്യനാരാണ റാവു, ഡി. രൂപ

ബെംഗളൂരു ∙ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്ക്കു ജയിലിൽ പ്രത്യേക അടുക്കളയും സന്ദർശകമുറിയും ഉൾപ്പെടെയുള്ള അനർഹ ആനുകൂല്യങ്ങൾ അനുവദിച്ചിരിക്കുന്നതായി റിപ്പോർട്ട് നൽകിയ ജയിൽ ഡിഐജി ഡി.രൂപയെയും ആരോപണവിധേയനായ ജയിൽ ഡിജിപി എച്ച്.എൻ.സത്യനാരാണ റാവുവിനെയും സ്ഥലംമാറ്റി. രൂപയെ ഗതാഗത കമ്മിഷണറായാണു നിയമിച്ചിരിക്കുന്നത്. റാവുവിനു പകരം നിയമനമായിട്ടില്ല.  ശശികല രണ്ടുകോടി രൂപ കോഴ നൽകി പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ അധിക സൗകര്യങ്ങൾ നേടിയെടുത്തെന്നായിരുന്നു ഡിഐജി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട റിപ്പോർട്ടിലെ പ്രധാന ആരോപണം.

ശനിയാഴ്ച ജയിലിൽ ഡിഐജിയുമായി വാഗ്വാദം നടത്തിയ ചീഫ് ജയിൽ സുപ്രണ്ട് കൃഷ്ണകുമാറിനെയും സ്ഥലം മാറ്റി. പൊലീസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായാണു മാറ്റങ്ങൾ നടപ്പാക്കിയത്. എന്നാൽ, സത്യസന്ധരായ ഉദ്യോഗസ്ഥർക്കെതിരായ നടപടി ശരിയായില്ലെന്നു ബിജെപിയും ജനതാദളും (എസ്) കുറ്റപ്പെടുത്തി.